രക്ഷിച്ചത് കോഹ്‌ലി

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയുമായുള്ള രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് നായകന്റെ വക രക്ഷാപ്രവര്‍ത്തനം. ഒന്നാം ഇന്നിങ്‌സില്‍ തകര്‍ച്ചയെ നേരിട്ട ഇന്ത്യ വിരാട് കോഹ്ലിയുടെ സെഞ്ചുറിയുടെ (153) ബലത്തില്‍ വന്‍ ലീഡ് വഴങ്ങുന്നതില്‍നിന്ന് രക്ഷപെട്ടു.

ദക്ഷിണാഫ്രിക്കയുടെ 335 റണ്ണിന് മറുപടിയായി ഇന്ത്യ 307 റണ്ണെടുത്തു. 28 റണ്ണിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ വിരുന്നുകാര്‍ മൂന്നാംദിനക്കളി അവസാനിക്കുമ്പോള്‍ 118 റണ്‍ പിറകിലാണ്. രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്ണെടുത്തു. എ ബി ഡി വില്ലിയേഴ്‌സും (50*) ഡീന്‍ എല്‍ഗറുമാണ് (36*) ക്രീസില്‍. സ്‌കോര്‍ ദക്ഷിണാഫ്രിക്ക 335, 290 (23.5), ഇന്ത്യ 307.

ഒന്നാം ടെസ്റ്റിലെപോലെതന്നെ നിര്‍ണായകമായ 28 റണ്ണിന്റെ ലീഡാണ് ദക്ഷിണാഫ്രിക്ക നേടിയത്. 230 റണ്ണിനു മുകളിലുള്ള ലക്ഷ്യം ഇന്ത്യക്കു മുന്നില്‍വച്ചാല്‍ ആതിഥേയര്‍ക്ക് രണ്ടാം ടെസ്റ്റും പരമ്പരയും സ്വന്തമാക്കാനാകും.

തലേന്നത്തെ സ്വന്തം സ്‌കോറിനോട് നാലു റണ്‍കൂടി ചേര്‍ത്ത് ഹാര്‍ദിക് പാണ്ഡ്യ മടങ്ങിയെങ്കിലും ഏഴാം വിക്കറ്റില്‍ ആര്‍ അശ്വിനൊപ്പം ചേര്‍ന്ന് കോഹ്ലി പോരാട്ടം മറുപക്ഷത്തേക്കു നയിച്ചു. ആദ്യ ഇടവേളയ്ക്ക് മുമ്പുതന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സെഞ്ചുറിയും പൂര്‍ത്തിയാക്കി. 146 പന്തിലാണ് കോഹ്ലി ടെസ്റ്റിലെ തന്റെ 21ാമത്തെ സെഞ്ചുറി സ്വന്തമാക്കിയത്. ഇരുവരും ചേര്‍ന്ന് ആറാംവിക്കറ്റില്‍ 71 റണ്‍ ചേര്‍ത്തു.

മധ്യനിര തകര്‍ന്നപ്പോള്‍ ഒരിക്കല്‍ക്കൂടി അശ്വിന്‍ ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തുപകര്‍ന്നു. ക്രീസിലെത്തിയ ആദ്യ പന്തുമുതല്‍ ബൌണ്‍സറുകളാണ് ഈ വലംകൈയനെ സ്വീകരിച്ചത്. റബാദ അശ്വിന്റെ തല ലക്ഷ്യംവച്ചു.

പക്ഷേ ഫലപ്രദമായി അശ്വിന്‍ പ്രതിരോധിച്ചു. പിന്നീട് ബൗണ്ടറികള്‍ നേടി. 54 പന്തില്‍ 38 റണ്ണെടുത്ത അശ്വിനെ വെറോണ്‍ ഫിലാന്‍ഡറിന്റെ പന്തില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്‌ളെസിസ് പിടികൂടുകയായിരുന്നു.

പകരമെത്തിയ മുഹമ്മദ് ഷമിക്ക് ഒമ്പതു പന്തിന്റെ ആയുസ്സ് മാത്രമാണ് ഉണ്ടായത്. പുതിയ പന്തിന്റെ വേഗം മുതലെടുത്ത് മോര്‍കല്‍ ഷമിയെ ഹാഷിം അംലയുടെ കൈയിലെത്തിച്ചു. മറുവശത്ത് കോഹ്ലി തടസ്സമില്ലാതെ റണ്‍ കണ്ടെത്തിക്കൊണ്ടിരുന്നു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ സ്‌കോറിന് 46 റണ്‍ മാത്രം പിറകിലായിരുന്നു.

ഇടവേള കഴിഞ്ഞ് നാലാം ഓവറില്‍ ഇന്ത്യ മുന്നൂറിലെത്തി. ഇശാന്ത് ശര്‍മയെ നോണ്‍സ്‌ട്രൈക്കര്‍ വിക്കറ്റില്‍ നിര്‍ത്തി കോഹ്ലി ഒറ്റയാള്‍ പോരാട്ടം നടത്തുകയായിരുന്നു. 150 പൂര്‍ത്തിയാക്കിയ കോഹ്ലി ദക്ഷിണാഫ്രിക്കയില്‍ ആ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യക്കാരനായി.

ഇശാന്ത് സ്‌ട്രൈക്കിലെത്തിയപ്പോഴൊക്കെ വിക്കറ്റിന് ഇരുവശത്തും പിറകിലും ഫീല്‍ഡര്‍മാരെ നിര്‍ത്തി ബൌണ്‍സര്‍ മാത്രം എറിഞ്ഞ് മോര്‍ക്കല്‍ കുഴക്കി. 91ാം ഓവറില്‍ മോര്‍ക്കല്‍ ലക്ഷ്യംകാണുകതന്നെ ചെയ്തു.

നെഞ്ചുയരത്തില്‍ കുത്തി ഉയര്‍ന്ന പന്ത് ഷോര്‍ട്‌ലെഗില്‍ നിന്ന മാര്‍ക്രത്തിന്റെ കൈയിലേക്ക് നല്‍കി ഇശാന്ത്. 20 പന്തില്‍ മൂന്നു റണ്ണായിരുന്നു ഇശാന്തിന്റെ സംഭാവന.

ഇശാന്ത് മടങ്ങി ഒരോവറും രണ്ടുപന്തും കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചു. മോര്‍കലിന്റെ പന്തില്‍ ബൌണ്ടറിക്കായുള്ള കോഹ്ലിയുടെ ശ്രമം ലോങ് ഓണില്‍ എ ബി ഡി വില്ലിയേഴ്‌സിന്റെ കൈയില്‍ അവസാനിച്ചു. മോര്‍കലിന്റെ നാലാം വിക്കറ്റായിരുന്നു അത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here