ശ്രീജിത്തിന്റെ സമരം; ഉത്തരവാദികള്‍ കോണ്‍ഗ്രസും ബിജെപിയും; സര്‍ക്കാരിനെതിരെ വാളോങ്ങുകയും സമരത്തെ ഹൈജാക്ക് ചെയ്യാനും ശ്രമിക്കുമ്പോള്‍ മറച്ചുവയ്ക്കുന്നത് യഥാര്‍ഥ വസ്തുതകള്‍

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയില്‍ കഴിയവെ നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവ് മരിച്ചതുമായി ബന്ധപ്പെട്ട് സഹോദരന്‍ ശ്രീജിത് നടത്തുന്ന സമരത്തിന് ഉത്തരവാദികള്‍ കോണ്‍ഗ്രസും ബിജെപിയും.

സമരത്തിന്റെ മറവില്‍ ബിജെപിയും കോണ്‍ഗ്രസും ചില തല്‍പ്പരകക്ഷികളും സര്‍ക്കാരിനെതിരെ വാളോങ്ങുകയും സമരത്തെ ഹൈജാക്ക് ചെയ്യാനും ശ്രമിക്കുമ്പോള്‍ മറച്ചുവയ്ക്കുന്നത് യഥാര്‍ഥ വസ്തുതകള്‍. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പൊലീസ് കസ്റ്റഡിയില്‍ ശ്രീജീവ് മരിക്കുന്നത്. ഈ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം തള്ളിയത് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരും.

2014 മെയ് 19നാണ് ശ്രീജീവിനെ പാറശാല പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജീവിന്റെ അമ്മയും സഹോദരനും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ആഭ്യന്തരമന്ത്രിയെയും കണ്ടു.

ഒരു നടപടിയും ഇല്ലാതായപ്പോഴാണ് ഇവര്‍ പൊലീസ് കംപ്‌ളയിന്റ് അതോറിറ്റിയെ സമീപിച്ചത്. 2016 മെയ് 17ന് പൊലീസ് കംപ്‌ളയിന്റ് അതോറിറ്റി ശ്രീജീവിന്റേത് കസ്റ്റഡി മരണമാണെന്ന് വ്യക്തമാക്കി ഉത്തരവിറക്കി. കസ്റ്റഡി മരണം അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയമിക്കണമെന്നും കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഈ തുക ആരോപണവിധേയരായ പൊലീസുകാരില്‍നിന്ന് ഈടാക്കണമെന്നും അതോറിറ്റി ഉത്തരവിട്ടു.

സെപ്തംബര്‍ മൂന്നിന് പൊലീസ് കംപ്‌ളയിന്റ് അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതിന് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.

എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു പ്രത്യേക ടീം രൂപീകരിച്ചത്. അതിനിടെ സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് സ്റ്റേ ചെയ്തു. പത്തുലക്ഷം രൂപ സര്‍ക്കാര്‍ ശ്രീജീവിന്റെ അമ്മയ്ക്കും സഹോദരനും നല്‍കി. അതിനിടെയാണ് കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജീവിന്റെ ബന്ധുക്കള്‍ സര്‍ക്കാരിനെ സമീപിക്കുന്നത്.

ഇത് അംഗീകരിച്ച് ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കാന്‍ 2017 ജൂലൈ 18ന് സര്‍ക്കാര്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് കത്തയച്ചു. എന്നാല്‍, ഈ കേസ് ഏറ്റെടുക്കാനാകില്ലെന്നു കാട്ടി ഡിസംബര്‍ 12ന് പേഴ്‌സണല്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി എസ് പി ആര്‍ ത്രിപാഠി സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു.

ബിജെപിക്കാര്‍ക്ക് താല്‍പ്പര്യമുള്ള ചെറിയ കേസുകള്‍ അടക്കം ഏറ്റെടുക്കുമ്പോഴാണ് അമിതഭാരത്തിന്റെ പേരില്‍ ഈ കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ പറഞ്ഞത്.

കേസ് ഏറ്റെടുക്കണമെന്നു കാട്ടി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കഴിഞ്ഞ ദിവസം കത്തെഴുതി.യുഡിഎഫ് സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് ശ്രീജീവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചതെന്ന് കോണ്‍ഗ്രസുകാര്‍ മറക്കുകയാണ്.

കേന്ദ്രത്തില്‍ ഭരണമുണ്ടായിട്ടും കേസ് സിബിഐ ഏറ്റെടുക്കാത്തതിന് മറുപടി പറയേണ്ടത് ബിജെപിയുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here