താരമായി, അഭിമാനമായി ഫാത്തിമ സന

ദില്ലി സര്‍വകലാശാലയ്ക്ക് കീഴിലെ ഹിന്ദു കോളേജില്‍ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി തെരെഞ്ഞെടുപ്പില്‍ മലയാളി പെണ്‍കുട്ടിയ്ക്ക് വിജയം.

തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പ്രതിനിധിയായി കോഴിക്കോട് സ്വദേശി ഫാത്തിമ സനയാണ് വിജയിച്ചത്.

എല്ലാ കോളേജുകളിലും ലിംഗനീതി ഉറപ്പുവരുത്താന്‍ ഇത്തരത്തിലുള്ള കമ്മിറ്റി വേണമെന്ന യുജിസി സര്‍ക്കുലറിന്റെ ഭാഗമായി ആദ്യമായാണ് ഹിന്ദു കോളേജില്‍ ഐസിസി രൂപീകരിക്കപ്പെടുന്നത്. ഇതേ കോളേജില്‍ വിദ്യാര്‍ഥിനികളുടെ ഹോസ്റ്റലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കുറച്ചുനാള്‍ മുമ്പ് ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭം നടന്നിരുന്നു.

അതിന്റെ ഭാഗമായി രൂപീകരിക്കപ്പട്ട ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃനിരയില്‍ സന പ്രവര്‍ത്തിച്ചിരുന്നു. സമരത്തിനു ശേഷവും ലിംഗനീതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജോയിന്റ് ആക്ഷന്‍ കമ്മിറ്റി സജീവമായി ഇടപെട്ടിരുന്നു.

ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭത്തിനു ശേഷമാണ് ലൈംഗിക അതിക്രമങ്ങളെപ്പറ്റിയുള്ള പരാതികള്‍ പരിഗണിയ്ക്കാന്‍ കോളേജുകളില്‍ കമ്മിറ്റി രൂപീകരിയ്ക്കാന്‍ സര്‍വകലാശാല തയ്യാറായത്. അങ്ങനെ നിലവില്‍വരുന്ന ആദ്യ കമ്മിറ്റിയാണിത്.

കമ്മിറ്റി രൂപീകരണത്തിനായുള്ള പ്രക്ഷോഭത്തില്‍ സജീവ നേതൃത്വം വഹിച്ച ഫാത്തിമ സനയ്ക്ക് വന്‍ ഭൂരിപക്ഷം നല്‍കിയാണ് വിദ്യാര്‍ഥികള്‍ വിജയിപ്പിച്ചത്. സനയ്ക്ക് 427 വോട്ട് കിട്ടിയപ്പോള്‍ മത്സരിച്ച മറ്റു രണ്ട് സ്ഥാനാര്‍ഥികള്‍ക്ക് 88 ഉം 65 ഉം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

മൂന്ന് വര്‍ഷ പ്രതിനിധികളായി മൂന്നുപേരെയാണ് തെരഞ്ഞെടുത്തത്. മൂന്നാം വര്‍ഷ ബിഎ (ഓണേഴ്‌സ്) സോഷ്യോളജി വിദ്യാര്‍ത്ഥിനിയാണ് സന. രണ്ടാം വര്‍ഷ പ്രതിനിധിയായി മത്സരിച്ച മലയാളിയായ എന്‍എസ് ശീതള്‍ 18 വോട്ടിന്റെ മാത്രം വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്.

ശീതളിനു കിട്ടിയ 40 വോട്ടുകള്‍ പ്രിന്‍സിപ്പാള്‍ അസാധുവായി പ്രഖ്യാപിച്ചിരുന്നു. ഇത് ക്രമവിരുദ്ധമാണെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News