പാസ്‌പോര്‍ട്ട് നിറം മാറ്റം; പ്രതിഷേധവുമായി പ്രതിപക്ഷം

ഇസിആര്‍ (എമിഗ്രേഷന്‍ ക്ലിയറന്‍സ് റിക്വയേഡ്) പാസ്‌പോര്‍ട്ടിലെ നിറം മാറ്റം തൊഴിലാളികളെ രണ്ടാം തരം പൗരന്മാരായി കാണുന്നുവെന്നു പ്രതിപക്ഷം. നേവി ബ്ലൂ പാസ്‌പോര്‍ട്ടുകളോടൊപ്പം ഓറഞ്ച് നിറമുള്ള പാസ്‌പോര്‍ട്ടും ഉപയോഗിക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെയാണ് പ്രതിപക്ഷ പ്രതിഷേധം.

എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള പാസ്‌പോര്‍ട്ടുകള്‍ ഓറഞ്ച് നിറത്തിലും പരിശോധന ആവശ്യമില്ലാത്തവ പഴയ നേവി ബ്ലൂ നിറത്തിലുമാക്കാനാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. പഠിപ്പുള്ളവരെയും പഠിപ്പില്ലാത്തവരെയും രണ്ടായി തിരിക്കുന്ന നിയമമാണിത്. പത്താം തരം പാസാകാത്ത തൊഴിലാളികള്‍ രണ്ടാം തരക്കാരായി പരിഗണിക്കപ്പെടുമെന്നാണ് പ്രതിപക്ഷ ആരോപണം.

വിദേശയാത്രയില്‍ പൗരന്മാരുടെ തിരിച്ചറിയല്‍ രേഖയാണു പാസ്‌പോര്‍ട്ട്. പേര്, പൗരത്വം, ജനന തിയതി, സ്ഥലം, വിലാസം തുടങ്ങിയ വിവരങ്ങളെല്ലാം പാസ്‌പോര്‍ട്ടില്‍ ഉണ്ടാവും.  എന്നാല്‍,
പാസ്‌പോര്‍ട്ടിലെ അവസാനപേജില്‍ മേല്‍വിലാസം അടക്കം സ്വകാര്യവിവരങ്ങള്‍ ഇനിമുതല്‍ പ്രിന്റ് ചെയ്യേണ്ടതില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതോടെ മേല്‍വിലാസത്തിനുളള ആധികാരികരേഖയായി പാസ്‌പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയില്ല.

ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിനാണ് പാസ്‌പോര്‍ട്ടിന്റെ അവസാനത്തെ പേജ് ഒഴിച്ചിടുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ വിശദീകരണം. മൂന്ന് നിറത്തിലാണ് ഇപ്പോള്‍ പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കുന്നത്.

പാസ്‌പോര്‍ട്ടിലെ വിവേചനത്തിനെതിരെ കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയുടെ വിവേചന മനോഭാവമാണ് ഈ തീരുമാനത്തിലൂടെ പുറത്തു വന്നിരിക്കുന്നനതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

ഒരു വിഭാഗം പൗരന്മാരെ താഴ്ത്തിക്കെട്ടാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.  മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഈ നീക്കത്തിനെതിരെ രംഗത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here