പാഠപുസ്തക വിതരണത്തില്‍ ചരിത്രം സൃഷ്ടിച്ച് പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്ക് അടുത്ത അധ്യയന വര്‍ഷത്തേക്ക് ആവശ്യമുള്ള ഒന്നാം വാള്യം പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ചു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് അധ്യയനവര്‍ഷാരംഭത്തിനും അഞ്ചു മാസംമുമ്പേ ആദ്യ ടേമിനുള്ള പുസ്തകങ്ങള്‍ സ്‌കൂളുകളിലെത്തിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, ജില്ലകളിലേക്കുള്ള വിതരണമാണ് ആദ്യം നടന്നത്. അടുത്തയാഴ്ചയോടെ വിതരണം പൂര്‍ണ തോതിലാകും. എല്ലാ സ്‌കൂളിലേക്കും മാര്‍ച്ച് മാസത്തിന് മുന്‍പെ പുസ്തകങ്ങള്‍ ലഭ്യമാകാക്കാനാണ് നടപടി.

മുന്‍ സര്‍ക്കാരുകളുടെ കാലത്ത് അധ്യയനം ആരംഭിച്ചാല്‍ പോലും പുസ്തകങ്ങള്‍ ലഭിക്കാത്ത സാഹചര്യങ്ങള്‍ നിലനിന്നിരുന്നു. ഇതില്‍ നിന്ന് വളരെ വ്യത്യസ്തമായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ ക്രിയാത്മകമായ ഇടപെടല്‍ മൂലമാണ് പുസ്തകവിതരണം വളരെ നേരത്തെ ആരംഭിക്കാന്‍ സാധിച്ചത്.

288 ടൈറ്റിലുകളിലായി 3.2 കോടി പാഠപുസ്തകങ്ങളാണ് ഒന്നാം വാള്യമായി അടുത്തവര്‍ഷം ആദ്യ ടേമില്‍ ആവശ്യമുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയ ഓര്‍ഡറിന്റെ അടിസ്ഥാനത്തില്‍ പാഠപുസ്തക അച്ചടി അവസാനഘട്ടത്തിലാണ്.

ഒന്നരക്കോടിയിധികം പുസ്തകങ്ങളുടെ ബൈന്‍ഡിങ് ജോലികള്‍വരെ കേരള ബുക്‌സ് ആന്‍ഡ് പബ്‌ളിക്കേഷന്‍സ് സൊസൈറ്റിയില്‍ (കെബിപിഎസ്) പൂര്‍ത്തിയായി. ഒരാഴ്ച കൊണ്ട് മുഴുവന്‍ സ്‌കൂള്‍ സൊസൈറ്റികളിലും പുസ്തകം കെബിപിഎസ് നേരിട്ടെത്തിക്കും.

അതിനിടെ പുസ്തക വിതരണ സംവിധാനം കാലോചിതമായി പരിഷ്‌കരിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിച്ചു. പൊതു വിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ ചെയര്‍മാനും സ്‌പെഷ്യല്‍ സെക്രട്ടറി ഗോപാലകൃഷ്ണഭട്ട് വൈസ് ചെയര്‍മാനുമായുള്ള ആറംഗ സമിതിയില്‍ ഡിപിഐ കെ മോഹന്‍ കുമാര്‍, കെബിപിഎസ് എംഡി കെ കാര്‍ത്തിക് എന്നിവര്‍ക്ക് പുറമെ ധനവകുപ്പിലെയും ഗതാഗതവകുപ്പിലേയും പ്രതിനിധികള്‍കൂടി ഉള്‍പ്പെട്ടതാണ് സമിതി.

പാഠപുസ്തക വിതരണത്തിലെ പ്രായോഗിക ബുദ്ധിമുടുകള്‍, വിതരണ തുക തുടങ്ങിയ വിഷയങ്ങള്‍ സമിതി പരിശോധിക്കും. സമിതിയുടെ ശുപാര്‍ശകള്‍ ഉടന്‍ സമര്‍പ്പിക്കാനാകുമെന്ന് ചെയര്‍മാന്‍ എ ഷാജഹാന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News