സ്കീം തൊ‍ഴിലാളികൾ രാജ്യവ്യാപകമായി ജനുവരി 17ന് പണിമുടക്കുകയാണ്; എളമരം കരിം എ‍ഴുതുന്നു

കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികൾക്കുകീഴിൽ ജോലി ചെയ്യുന്ന സ്‌കീം തൊഴിലാളികൾ 2018 ജനുവരി 17ന് രാജ്യവ്യാപകമായി പണിമുടക്കുകയാണ്. ദേശീയ ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയാണ് പണിമുടക്കിന് ആഹ്വാനംചെയ്തത്. 45ാമത് ഇന്ത്യൻ ലേബർ കോൺഫറൻസ് തീരുമാനങ്ങൾ നടപ്പാക്കുക, സ്‌കീം തൊഴിലാളികളെ ‘തൊഴിലാളി’ എന്ന നിർവചനത്തിൽപെടുത്തുക, പ്രതിമാസം 18,000 രൂപ മിനിമം വേതനം നൽകുക, പ്രോവിഡന്റ് ഫണ്ട് ഇഎസ്‌ഐ എന്നീ സാമൂഹ്യസുരക്ഷാ പദ്ധതികളിൽ സ്‌കീം തൊഴിലാളികളെ ഉൾപ്പെടുത്തുക, പ്രതിമാസം 3000 രൂപയിൽ കുറയാത്ത പെൻഷൻ നൽകുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് പണിമുടക്ക്.

മേൽപ്പറഞ്ഞവിധം ആനുകൂല്യം തൊഴിലാളികൾക്ക് നൽകണമെങ്കിൽ കേന്ദ്ര സ്‌കീമുകളായ ഐസിഡിഎസ് (സംയോജിത ശിശുവികസന പദ്ധതി), എംഡിഎംഎസ് (ഉച്ചഭക്ഷണപദ്ധതി), എസ്എസ്എ (സർവശിക്ഷാ അഭിയാൻ), എൻഎച്ച്എം (ദേശീയ ആരോഗ്യമിഷൻ), എൻസിഎൽപി എന്നിവയ്ക്ക് 2018‐19ലെ കേന്ദ്ര ബജറ്റിൽ ആവശ്യമായ തുക വകകൊള്ളിക്കണം.

കേന്ദ്ര സർക്കാരിന്റെ വിവിധ സ്‌കീമുകളിലായി ഒരുകോടിയോളം തൊഴിലാളികൾ അങ്കണവാടി 27 ലക്ഷം, ഉച്ചഭക്ഷണപദ്ധതി 28 ലക്ഷം, ആശ പത്തുലക്ഷം, ആരോഗ്യമേഖലയിലെ വിവിധ പദ്ധതികളിലും ലഘുസമ്പാദ്യം തുടങ്ങിയ സ്‌കീമുകളിലുമായി ലക്ഷക്കണക്കിനുപേർ വേറെയും ജോലിചെയ്യുന്നു. ഇവരെ തൊഴിലാളികൾ എന്നു കണക്കാക്കി മിനിമംകൂലി നൽകുന്നതിനുപകരം, സന്നദ്ധപ്രവർത്തകർ എന്ന പേരിൽ തുച്ഛമായ തുക ഓണറേറിയമാണ് നൽകുന്നത്. അങ്കണവാടി വർക്കർ 3000 രൂപ, ഹെൽപ്പർ 1500 രൂപ, ഉച്ചഭക്ഷണപദ്ധതി 1000 രൂപ, ആശ വർക്കേഴ്‌സ് 500 രൂപ എന്നിങ്ങനെയാണ് പ്രതിമാസ ഓണറേറിയം. (കേരളത്തിൽ അങ്കണവാടി വർക്കർ 10,000 രൂപ, ഹെൽപ്പർ 7000 രൂപ, ആശ 7500 രൂപ, ഉച്ചഭക്ഷണം പ്രതിദിനം 400 രൂപ എന്നിങ്ങനെയായി സർക്കാർ നിശ്ചയിച്ചിട്ടുണ്ട്).

ആയുഷ്‌കാലം മുഴുവൻ ഈ സ്‌കീമുകളിൽ ജോലിചെയ്തശേഷം വാർധക്യത്തിന്റെ അവശകാലത്ത് പെൻഷൻപോലും നൽകാതെ ഇവരെ പുറന്തള്ളുകയാണ്. (കേരളത്തിൽ അങ്കണവാടി ജീവനക്കാർക്ക് ഒരു പെൻഷൻ സ്‌കീം നടപ്പാക്കിയിട്ടുണ്ട്).
രാജ്യത്തെ ഉന്നത ത്രികക്ഷിസമിതിയായ ഇന്ത്യൻ ലേബർ കോൺഫറൻസ് (ഐഎൽസി) 2013ൽ അതിന്റെ 45ാം സമ്മേളനത്തിൽ സ്‌കീം തൊഴിലാളികളെ ‘തൊഴിലാളി’ എന്ന നിർവചനത്തിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാരിനോട് ശുപാർശചെയ്തു. എന്നാൽ, അന്നത്തെ യുപിഎ സർക്കാരോ ഇപ്പോൾ അധികാരത്തിലുള്ള ബിജെപി സർക്കാരോ പ്രസ്തുത ശുപാർശ നടപ്പാക്കാൻ സന്നദ്ധമായില്ല. ഉച്ചഭക്ഷണ തൊഴിലാളികളുടെ പ്രതിമാസ ഓണറേറിയം 2500 രൂപയാക്കുമെന്ന 2013ലെ കേന്ദ്ര സർക്കാരിന്റെ രേഖാമൂലമുള്ള ഉറപ്പും ഇതുവരെ നടപ്പാക്കിയില്ല.

ഇന്ത്യ ഒരു‘സൂപ്പർ പവറാ’യി മാറിയെന്ന് കേന്ദ്ര ഭരണാധികാരികൾ അവകാശപ്പെടുമ്പോഴും, രാജ്യത്തെ പകുതി കുട്ടികൾ പോഷകാഹാരം ആവശ്യത്തിന് ലഭിക്കാത്തവരാണ്. ഒരു വയസ്സ് തികയുന്നതിനുമുമ്പ് ഓരോ വർഷവും 75 ലക്ഷം കുഞ്ഞുങ്ങൾ മരിച്ചെന്നാണ് കേന്ദ്ര സർക്കാർ കണക്ക്. ലോകത്തെ പട്ടിണിക്കാരുടെ സ്ഥിതിവിവരക്കണക്കായ ‘ഗ്ലോബൽ ഹംഗർ ഇൻഡക്‌സി’ൽ 119 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം നൂറാണ്. മനുഷ്യവികസന റിപ്പോർട്ടിൽ ലോകത്തെ 188 രാജ്യങ്ങളിൽ ഇന്ത്യ വളരെ പിറകിൽ 131ാംസ്ഥാനത്താണ്. സാമൂഹ്യക്ഷേമപദ്ധതികൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത വെളിപ്പെടുത്തുന്നതാണ് ഈ കണക്കുകൾ.
എന്നാൽ, ഈ പദ്ധതികൾ ശക്തിപ്പെടുത്തുന്നതിനുപകരം രണ്ടാം യുപിഎ സർക്കാർ സാമൂഹ്യക്ഷേമപദ്ധതികൾ ദുർബലപ്പെടുത്തുന്ന നടപടിയാണ് സ്വീകരിച്ചത്.

ലോകബാങ്ക് നിർദേശപ്രകാരമാണ് സർക്കാർ ഇത്തരം നടപടി കൈക്കൊണ്ടത്. ജനങ്ങൾക്ക് ‘നല്ല ദിവസ’ങ്ങൾ വാഗ്ദാനംചെയ്ത് അധികാരത്തിൽ വന്ന മോഡിസർക്കാർ പഴയ സർക്കാരിനേക്കാൾ വേഗത്തിലാണ് ജനക്ഷേമപദ്ധതികൾ തകർക്കുന്നത്. വിവിധ സാമൂഹ്യക്ഷേമപദ്ധതികൾ ആസൂത്രണം ചെയ്തിരുന്ന പ്ലാനിങ് കമീഷൻ പിരിച്ചുവിട്ടു. നിരവധി കേന്ദ്രപദ്ധതികൾ ഉപേക്ഷിച്ചു. കേന്ദ്രസഹായത്തോടെ പ്രവർത്തിക്കുന്ന പദ്ധതികൾക്കുള്ള ധനസഹായം മോഡിസർക്കാരിന്റെ ആദ്യബജറ്റിൽതന്നെ ഗണ്യമായി വെട്ടിക്കുറച്ചു.

2014‐15ൽ 2.52 ലക്ഷം കോടി രൂപയായിരുന്നത്, 201516ൽ 1.69 ലക്ഷം കോടി രൂപയായി കുറച്ചു. 83,000 കോടി രൂപയാണ് കുറച്ചത്. സംയോജിത ശിശുവികസന പദ്ധതി (ഐസിഡിഎസ്)ക്ക് 18,108 കോടിയിൽനിന്ന് 8425 കോടി രൂപയായാണ് കുറച്ചത്. ഉച്ചഭക്ഷണപദ്ധതിക്ക് 15,150 കോടിയിൽനിന്ന് 9000 കോടിയായി കുറച്ചു.

വലിയ പ്രതിഷേധത്തെതുടർന്ന് സംയോജിത ശിശുവികസനപദ്ധതിക്കുള്ള തുക 15,000 കോടിയായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും തുക അനുവദിച്ചില്ല. ബജറ്റ് വിഹിതം വെട്ടിക്കുറച്ചത്, പല കേന്ദ്ര സ്‌കീമുകളുടെയും പ്രവർത്തനത്തെ ബാധിച്ചു. പല സംസ്ഥാനങ്ങളിലും കുഞ്ഞുങ്ങൾക്കുള്ള പോഷകാഹാരം കുറച്ചു. തൊഴിലാളികളുടെ തുച്ഛമായ ഓണറേറിയം മാസങ്ങളോളം കൊടുത്തില്ല.

കേന്ദ്ര സർക്കാരും ചില സംസ്ഥാന സർക്കാരുകളും കേന്ദ്ര സ്‌കീമുകൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിലാണ്. ഉച്ചഭക്ഷണപദ്ധതി കോർപറേറ്റുകളുടെ നിയന്ത്രണത്തിലുള്ള ‘എൻജിഒ’കൾക്ക് കൈമാറി. കേന്ദ്രീകൃത ഭക്ഷണശാലകൾ എന്ന ആശയം കേന്ദ്ര സർക്കാർ മുന്നോട്ടുവയ്ക്കുന്നു. എന്നാൽ, ഓരോ സ്ഥാപനത്തിലും പാചകംചെയ്ത് നൽകുന്ന ഭക്ഷണമാണ് നല്ലതെന്നാണ് വ്യാപക അഭിപ്രായം.

കേന്ദ്ര സർക്കാർ, ബഹുരാഷ്ട്ര കുത്തകകളുടെ ഭക്ഷണ പാക്കറ്റുകൾ നൽകാനുള്ള ആലോചനയിലാണ്. അങ്കണവാടികളിൽ ഭക്ഷണം പാകംചെയ്ത് നൽകുന്നതിനുപകരം, പാക്കുചെയ്ത ഭക്ഷണം പോസ്റ്റാഫീസ് വഴി നൽകുമെന്നാണ് കേന്ദ്രമന്ത്രി മേനകാഗാന്ധിയുടെ പ്രഖ്യാപനം. ‘വേദാന്ത’പോലുള്ള വൻകിട കോർപറേറ്റുകൾ അങ്കണവാടികൾ ഏറ്റെടുത്ത് നൈപുണ്യ വികസനകേന്ദ്രങ്ങളാക്കി മാറ്റുകയാണ്. കോർപറേറ്റ് ഉൽപ്പന്നങ്ങൾ കമീഷൻ വ്യവസ്ഥയിൽ വിൽപ്പന നടത്താൻ ‘ആശ’ വർക്കേഴ്‌സിനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.

കേന്ദ്ര സ്‌കീമുകളിൽ ചിലത് നിർത്തലാക്കാനും സബ്‌സിഡി നിർത്തലാക്കാനും കേന്ദ്ര സർക്കാർ ആലോചിക്കുകയാണ്. സബ്‌സിഡിക്കുപകരം ‘ക്യാഷ് ട്രാൻസ്ഫർ’ സമ്പ്രദായം നടപ്പാക്കാനാണ് നീക്കം. രാജ്യത്തെ 300 ജില്ലയിൽ ഈ പരിഷ്‌കാരം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രാലയം പ്രഖ്യാപിച്ചു. ഇതുവഴിയും ആധാറിന്റെപേരിലും പരമദരിദ്രരായ ലക്ഷക്കണക്കിന് ഗുണഭോക്താക്കളാണ് ഈ സ്‌കീമുകളിൽനിന്ന് പുറന്തള്ളപ്പെടുന്നത്.

പാവപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിനായി ആവിഷ്‌കരിച്ച സ്‌കീമുകൾ തകർക്കുന്നതിനെതിരായും തൊഴിലാളികൾക്ക് മിനിമം വേതനം ആവശ്യപ്പെട്ടും സ്‌കീം തൊഴിലാളികൾ നിരന്തരം പ്രക്ഷോഭം ഉയർത്തുകയാണ്. ശക്തമായ സമരങ്ങളെതുടർന്ന് ചില സംസ്ഥാനങ്ങളിൽ ആനുകൂല്യങ്ങൾ വർധിപ്പിച്ച് നേടാൻ, തൊഴിലാളികൾക്ക് സാധിച്ചു.
സ്‌കീം തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ കേന്ദ്ര സർക്കാരും സർക്കാർ അനുകൂലികളും നടത്തുന്നുണ്ട്. അങ്കണവാടി, ആശ, ഉച്ചഭക്ഷണ തൊഴിലാളികൾക്ക് പ്രോവിഡന്റ് ഫണ്ട് പദ്ധതി നടപ്പാക്കുമെന്നാണ് ഒരു പ്രചാരണം. 2016ലെ പൊതുപണിമുടക്കിന് തൊട്ടുമുമ്പാണ് കേന്ദ്ര സർക്കാർ വക്താക്കൾ ഈ പ്രചാരണം ആരംഭിച്ചത്. പ്രോവിഡന്റ് പദ്ധതിയിൽ സ്‌കീം വർക്കേഴ്‌സിനെ ഉൾപ്പെടുത്തണമെന്ന നിർദേശം അംഗീകരിക്കാൻ ഇതുവരെ കേന്ദ്ര സർക്കാർ സന്നദ്ധമായിട്ടില്ല.

പ്രോവിഡന്റ് പദ്ധതിതന്നെ ഇല്ലാതാക്കാനാണ് നീക്കം. മാത്രമല്ല, അങ്കണവാടി ജീവനക്കാർക്ക് ബാധകമായിരുന്ന ചില സാമൂഹ്യസുരക്ഷാ പദ്ധതികൾ റദ്ദാക്കുകയും ചെയ്തു. സ്‌കീം വർക്കേഴ്‌സിന്റെ ആവശ്യങ്ങളോട് മുഖംതിരിച്ച് നിൽക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റേത്.

ഈ നയത്തിനെതിരെയാണ്, ഒരുകോടി വരുന്ന സ്‌കീം തൊഴിലാളികൾ ഒറ്റക്കെട്ടായി 17ന് പണിമുടക്കുന്നത്. ഈ സമരത്തിന് പിന്തുണ നൽകാൻ സംസ്ഥാനത്തെ എല്ലാ തൊഴിലാളികളോടും അഭ്യർഥിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News