‘വ്യാജ ഏറ്റുമുട്ടല്‍ നടത്തി എന്നെ അവര്‍ കൊല്ലും’;ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തൊഗാഡിയ; ബിജെപിയുടെ ഭീകരമുഖം പുറത്തു വരുന്നു

ന്യൂഡല്‍ഹി : വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ വധിക്കാന്‍ ശ്രമിക്കുന്നുവെന്ന് വിഎച്ച്പി ഇന്റര്‍നാഷണല്‍ വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ പൊട്ടിക്കരഞ്ഞുകൊണ്ട് വെളിപ്പെടുത്തി. ചൊവ്വാഴ്ച ആശുപത്രിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തന്റെ ജീവന്‍ അപകടത്തിലാണെന്ന് തൊഗാഡിയ പറഞ്ഞത്.

സംഘപരിവാറിനുള്ളില്‍ നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും എതിര്‍ശബ്ദമായ തൊഗാഡിയയുടെ വെളിപ്പെടുത്തല്‍ കേന്ദ്ര സര്‍ക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കി. ഇസഡ് പ്‌ളസ് സുരക്ഷയുള്ള തൊഗാഡിയയെ തിങ്കളാഴ്ച പകല്‍ കാണാനില്ലെന്ന് വാര്‍ത്ത പരന്നിരുന്നു. പിന്നീട് അഹമ്മദാബാദിലെ പാര്‍ക്കില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ തൊഗാഡിയയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തിങ്കളാഴ്ച അഹമ്മദാബാദിലെ വിഎച്ച്പി ഓഫീസില്‍ പൂജ നടത്തുമ്പോഴാണ്, ഒരാളെത്തി ഏറ്റുമുട്ടലില്‍ കൊല്ലാനുള്ള നീക്കത്തെക്കുറിച്ച് വിവരം കൈമാറിയതെന്ന് തൊഗാഡിയ പറഞ്ഞു. ‘രാജസ്ഥാന്‍, ഗുജറാത്ത് പൊലീസ് സംഘങ്ങള്‍ തന്റെ വീട്ടിലെത്തിയതായും വിവരം കിട്ടി. അഭിഭാഷകരുമായി സംസാരിച്ചപ്പോള്‍ ജയ്പുരിലെത്തി കോടതിയില്‍ കീഴടങ്ങുന്നതാണ് നല്ലതെന്ന ഉപദേശം ലഭിച്ചു. ജയ്പുരിലേക്ക് വിമാനം കയറാന്‍ അഹമ്മദാബാദിലേക്ക് പോകവെ വഴിമധ്യേ ബോധരഹിതനായി. പഴയ കേസുകള്‍ കുത്തിപ്പൊക്കി തന്നെ ഇല്ലാതാക്കാന്‍ ശ്രമം നടക്കുകയാണ്. ഇതിനുപിന്നില്‍ ആരാണെന്ന് പിന്നീട് വെളിപ്പെടുത്തും’- വിങ്ങിപ്പൊട്ടിക്കൊണ്ട് തൊഗാഡിയ പറഞ്ഞു.

അഹമ്മദാബാദിനുസമീപം കൊട്ടര്‍പുരില്‍ ഒരു പാര്‍ക്കിലാണ് തൊഗാഡിയയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ശശിബാഗില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറുപത്തിരണ്ടുകാരനായ തൊഗാഡിയയുടെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ബോധരഹിതനാകാന്‍ കാരണമെന്നാണ് നിഗമനം. തൊഗാഡിയയെ കാണാതായെന്ന വാര്‍ത്ത പ്രചരിച്ചതിനെതുടര്‍ന്ന് ഗുജറാത്തിലെ നഗരങ്ങളില്‍ വിഎച്ച്പി അനുകൂലികള്‍ അക്രമാസക്തമായ പ്രകടനങ്ങള്‍ നടത്തി. അഹമ്മദാബാദ്, സൂറത്ത്, രാജ്‌കോട്ട്, ഭുജ് എന്നിവിടങ്ങളില്‍ വഴിതടഞ്ഞ് വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞു.

രാജ്യത്ത് തീവ്രഹിന്ദുത്വവാദത്തിന്റെ പ്രചാരകനായ തൊഗാഡിയക്കെതിരെ വര്‍ഗീയവിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതിന് കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ ഒട്ടേറെ കേസുകളുണ്ട്. കൊലപാതകശ്രമം, കലാപം ഇളക്കിവിടല്‍ എന്നീ കേസുകളിലും പ്രതിയാണ്.

നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിന് രാജസ്ഥാനിലെ ഗംഗാനഗര്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നടപ്പാക്കാനാണ് തൊഗാഡിയയെ തേടി രാജസ്ഥാന്‍ പൊലീസ് അഹമ്മദാബാദില്‍ എത്തിയത്. വധശ്രമക്കേസില്‍ അഹമ്മദാബാദ് കോടതി ജനുവരി അഞ്ചിന്തൊഗാഡിയക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News