നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്ന് പ്രോസിക്യുഷന്‍

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്ന് പ്രോസിക്യൂഷന്‍. നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചോര്‍ന്നുവെന്ന ദിലീപിന്റെ ആരോപണം അന്വേഷിക്കാന്‍ നിര്‍ദേശം. അങ്കമാലി കോടതിയാണ് ദിലീപിന്റെ ഹര്‍ജിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.അതേ സമയം നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ പകര്‍പ്പാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 22ലേയ്ക്ക് മാറ്റി.

കഴിഞ്ഞ നവംബര്‍ 22നാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ അനുബന്ധ കുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചത്.ദിലീപിനെ എട്ടാം പ്രതിയാക്കിയായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്.അങ്കമാലി മജിസ്‌ട്രേറ്റു കോടതിയില്‍ സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കകം കുറ്റപത്രത്തിലെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.

ഇതെ തുടര്‍ന്നാണ് ദിലീപ് കോടതിയെ സമീപിച്ചത്.കുറ്റപത്രം പോലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും അന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്ന് വിശദീകരണം തേടണമെന്നുമാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. കുറ്റപത്രം ചോര്‍ത്തിയതിന് കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ കുറ്റപത്രം പോലീസ് ചോര്‍ത്തിയെന്ന ദിലീപിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് അന്വേഷണ സംഘം വിശദീകരണം നല്‍കിയിരുന്നു.

ഫോണ്‍ രേഖകള്‍ അടക്കമുള്ളവ ദിലീപാണ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.ഇരു ഭാഗത്തിന്റെയും വിശദമായ വാദം കേട്ട ശേഷമാണ് കുറ്റപത്രം ചോര്‍ത്തിയെന്ന ആരോപണം അന്വേഷിക്കാന്‍ അങ്കമാലി കോടതി ഉത്തരവിട്ടത്.

അതേ സമയം നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ കോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഇതെ തുടര്‍ന്ന് ഈ ഹര്‍ജി പരിഗണിക്കുന്നത് കോടതി ഈ മാസം 22ലേയ്ക്ക് മാറ്റി.ദിലീപിന് ദൃശ്യങ്ങള്‍ നല്‍കരുത് എന്നാണ് പോലീസിന്റെ നിലപാട്.

കൈമാറുന്നത് ദൃശ്യങ്ങള്‍ ചോരാനിടയാക്കുമെന്നും അത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. ഇരയെ അപമാനിച്ച് കേസ് ദുര്‍ബലപ്പെടുത്താനാണ് പ്രതിഭാഗത്തിന്റെ നീക്കമെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News