ബോണ്‍സായ്’ ഫിബ്രവരി 23ന്; വെട്ടിയൊതുക്കാത്ത സ്വപ്നങ്ങളോടെ ഒരു സിനിമ

ചട്ടിയില്‍ വളര്‍ത്തുന്ന കുള്ളന്‍ മരമാണ് ബോണ്‍സായ്. വലിയ മരങ്ങളുടെ വളര്‍ച്ചയെ വെട്ടിയൊതുക്കി ചട്ടിയിലൊതുക്കുന്ന ജൈവ്വവിരുദ്ധമായ അക്രമമാണ് ബോണ്‍സായിയുടെ സൗന്ദര്യമായി വാഴ്ത്തുന്നത്. ബോണ്‍സായി’ സിനിമയാകുമ്പോള്‍ സ്വപ്്‌നങ്ങള്‍ വെട്ടിയൊതുക്കപ്പെടുന്ന ചെറിയ മനുഷ്യരുടെ വിലാപങ്ങളെയാണ് സംവിധായകന്‍ സന്തോഷ് പെരിങ്ങേത്ത് ആവിഷ്‌ക്കരിക്കുന്നത്.

മലയാളത്തില്‍ സമീപകാലത്ത് വീണ്ടും പൂത്തു തളിര്‍ത്ത് പന്തലിച്ച സമാന്തര സിനിമാ ധാരയിലേക്കാണ് ബോണ്‍സായി കടന്നു വരുന്നത്. ജീവിതം എത്തിപ്പിടിക്കാന്‍ വെമ്പിനില്‍ക്കുന്ന പുറത്താക്കപ്പെട്ടവരുടെ സങ്കടങ്ങളാണ് ബോണ്‍സായി. ഓരങ്ങളിലേക്ക് ആട്ടിപ്പായിച്ചവരും പ്രാന്തവല്‍കൃതരുമായ ദളിത് മനുഷ്യരുടെ അതിജീവനത്തിന്റെ പലമാതിരിയായ സാഹസങ്ങളെയാണ് സിനിമ എടുത്തുകാട്ടുന്നത്.

ദൂരേയുള്ള സ്‌ക്കൂളില്‍പ്പോകാന്‍ വഴിയില്ലാതെ സൈക്കിള്‍ മോഹിക്കുന്ന ഒരു കുട്ടിയാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം. പിന്നെ അവന്റെ മോഹസാക്ഷാത്ക്കാരത്തിനായി കൂടെ നില്‍ക്കുന്ന സൈക്കിള്‍ റിപ്പയര്‍കാരന്‍. പ്രണയത്തിലേക്ക് ചില്ല നീട്ടാനുള്ള അയാളുടെ മോഹം. സമാന്തരമായി നഗരത്തിലെ കുട്ടിയുടെ ഫ്‌ളാറ്റിലെ ജീവിതത്തടവറയില്‍ നിന്ന് പുറത്തുകടക്കാനുള്ള മോഹം.

എല്ലാവരുടെയും സ്വപ്നങ്ങളും കാലത്തിനനുസരിച്ച് ഷേപ്പ് ചെയ്യപ്പെടുകയാണ്. വെട്ടിയൊതുക്കപ്പെടുകയാണ്. എങ്ങോട്ടും മോചനമില്ലാത്തവരുടെ നിശബ്ദമായ പ്രതിരോധങ്ങളാണ് സിനിമ. ചൂഷിതരുടെയും ദരിദ്രതോഴിലാളികളുടെയും പിന്നോക്ക കോളനി വാസികളിടെയും കുട്ടികളുടെയും സത്രീകളുടെയും പ്രകൃതിയുടെയും പക്ഷം ചേര്‍ന്ന് പറയുന്ന സിനിമ ഇങ്ങനെ നമുക്ക് ഇക്കാലത്ത് അധികമില്ല. സത്യസന്ധവും ആര്‍ജ്ജവവും ആത്മാര്‍ത്ഥതയുമുള്ള ഒരു ഗ്രാമീണ ജീവിത രചനയാണ് ബോണ്‍സായി.

ഒരേ സമയം ആഢംബര മലായാള സിനിമകളോടും ആഢ്യ ബുദ്ധിജീവി സിനിമകളോടും അകലം പാലിച്ച് സാധാരണ മനുഷ്യരുടെ ജീവിതത്തിന്റെ മുന്നേറ്റങ്ങള്‍ ഏറ്റെടുക്കുകയാണ് സിനിമ. ലളിതവും അകൃത്രിമവുമാണ് അതിന്റെ ഭാഷ. സംഭവ ബഹുലതയൊന്നുമില്ലാത്ത വളരെച്ചെറിയ മനുഷ്യരുടെ വളരെച്ചെറിയ ജീവിതങ്ങളുടെ ആവിഷ്‌ക്കാരം. സ്വന്തം നിലക്ക് ഒരു കലാകാരന്‍ നടത്തുന്ന വലിയ അതിജീവനപ്പോരാട്ടങ്ങളുടെ കൂടി അടയാളമാണ് ബോണ്‍സായ്.

ഒറ്റയ്ക്ക് ഒരു കലാകാരന്‍, സിനിമയുടെ മുന്‍ പരിചയമോ പാരമ്പര്യമോ അത്തരം ആസൂത്രിത സൗഹൃദക്കൂട്ടങ്ങളോ ബന്ധങ്ങളോ കൈപിടിച്ചുകയറ്റാന്‍ ഗുരുകാരണവരൊ ഒന്നുമില്ലാത്ത ഒരാള്‍- സന്തോഷ് പെരിങ്ങേത്ത് എന്ന സംവിധായകന് ഇപ്പോള്‍ ഇതാണ് നല്ല മുഖവുര. സിനിമ ചെയ്യുമെന്ന ഇച്ഛാശക്തിയല്ലാതെ മറ്റൊരു മൂലധനവുമില്ല. ഇല്ലതെല്ലാം സിനിമയ്ക്കു വേണ്ടി വിറ്റുപെറുക്കി. ഇനി ഈ സിനിമ നല്‍കുന്നതാണ് ജീവിതം”- സന്തോഷ് പറയുന്നു.

നേരത്തേ കോട്ടി’ എന്ന ഹ്രസ്വ സിനിമയ്ക്ക് സന്തോഷ് സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. ശ്യാമപ്രസാദിനെ പോലുള്ള സംവിധായകര്‍ കോട്ടിയെ മുക്തകണ്ഠം പ്രശംസിച്ചിട്ടുമുണ്ട്. കോട്ടിയുടെ വ്യാപകമായ സ്വീകാര്യതയാണ് ഒരു വലിയ സിനിമയിലേക്ക് തുനിഞ്ഞിറങ്ങാനുള്ള ധൈര്യം തന്നതെന്ന് സന്തോഷ് പറയുന്നു.

ഫിബ്രവരി 23ന് സിനിമ തീയറ്ററിലെത്തും. അതിന് ശേഷം പുതിയ രണ്ട് സിനിമകളുടെ ജോലികള്‍ പൂര്‍ത്തിയായി വരുന്നതായും സംവിധായകന്‍ പറയുന്നു. കെ പി സുരേഷ് ആണ് സിനിമയുടെ നിര്‍മ്മാതാവ്. ജലീല്‍ ബാദുഷയാണ് ക്യാമറ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News