വിവാദങ്ങളുടെയും വിദ്യാര്‍ഥി പീഡനങ്ങളുടേയും കേന്ദ്രമാകുന്ന നെഹ്റു കോളേജ്; പാഠം പഠിക്കാത്തതാര്

ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണത്തിന്‍റെ പേരില്‍ മാധ്യമങ്ങളിൽ ഇടം പിടിച്ച ലക്കിടിയിലെ ജവഹർലാൽ ലോ കോളേജില്‍ നിന്ന് തുടര്‍ച്ചയായി വിദ്യാര്‍ഥി പീഡനങ്ങളുടെ വാര്‍ത്തയാണ് പുറത്ത് വരുന്നത്.

നിയമം പഠിക്കാനെത്തിയ ഒന്നാം വർഷ വിദ്യാർത്ഥി കോളേജിലെ നിയമരാഹിത്യത്തിനെതിരായി ആരോപണമുയർത്തി ക്ലാസ് മുറിയിൽ വെച്ച് തന്നെ ജീവൻ വെടിയാൻ ശ്രമം നടത്തിയതോടെ നെഹ്റു കോളേജ് വീണ്ടും ചര്‍ച്ചയാകുകയാണ്.

ഒന്നര മാസം മുമ്പാണ് ഈ വിദ്യാർത്ഥി നിയമ പoനത്തിനായി കോളേജിലെത്തുന്നത്. കുറച്ച് ദിവസങ്ങൾക്കു ശേഷം മദ്യപിച്ച് ക്ലാസിലെത്തിയെന്ന ആരോപണവുമായി 5 വിദ്യാർത്ഥികൾക്കൊപ്പം ഈ വിദ്യാർത്ഥിയെ ആദ്യം സസ്പെന്റ് ചെയ്തത്.

എന്നാൽ ആരോപണം നിഷേധിച്ച് വൈദ്യ പരിശോധന നടത്താനുൾപ്പെടെ വിദ്യാർത്ഥി ആവശ്യപ്പെട്ടെന്ന് സഹപാഠികൾ പറയുന്നു. ഏകപക്ഷീയമായിരുന്നു നടപടിയെന്ന് കോളേജിലെ വിദ്യാർത്ഥികൾ ഒന്നടങ്കം പറയുന്നു. നിരവധി തവണ പ്രിൻസിപ്പലുൾപ്പെടെയുള്ളവരെ കണ്ടിട്ടും സസ്പെൻഷൻ പിൻവലിക്കപ്പെട്ടില്ല.

നിശ്ചിത സമയം കഴിഞ്ഞ് തിരിച്ചെത്തിയ വിദ്യാർത്ഥിയെ ആദ്യ സസ്പെൻഷൻ നടപടി ചോദ്യം ചെയ്തതിന് അധ്യാപകരോട് അപമര്യാദയായി പെരുമാറിയെന്ന പേരിൽ അടുത്ത സസ്പെൻഷൻ നൽകാനാണ് മാനേജ്മെന്റ് ശ്രദ്ധിച്ചത്.

ഈ വിദ്യാർത്ഥി ക്ലാസിലിരിക്കുമ്പോൾ ക്ലാസെടുക്കാൻ കഴിയില്ലെന്ന് പറഞ്ഞ് പുറത്തിറങ്ങിയതിനു പിന്നാലെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിക്കാൻ അധ്യാപകരടക്കം വാഹനം നൽകാൻ തയ്യാറാകാത്തതിനാൽ കോളേജിലെത്തിയ സന്ദർശകന്റെ കാറിലാണ് വിദ്യാർത്ഥികൾ ആശുപത്രിയിലെത്തിച്ചത്.

ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് മാനേജ്മെന്റിന്റെയും അധ്യാപകരുടെയും പ്രതികാര നടപടിയാണ് സംഭവങ്ങൾക്ക് പിന്നിലെന്ന വാദവുമായി പ്രതിഷേധ ശബ്ദമുയർത്തി വിദ്യാർത്ഥികൾ കോളേജ് അങ്കണത്തിലിറങ്ങിയത്. ഈ സമയത്ത് പോലും ചർച്ചയ്ക്ക് മാനേജ്മെന്റോ പരിഗണന നൽകിയില്ല. പ്രതിഷേധം രൂക്ഷമായപ്പോഴാണ് പിന്നീട് ചർച്ചയാവാമെന്ന നിലപാടിലെത്തിയത്.

കോളേജ് മാനേജ്മെന്റ് പ്രതിനിധികളും അധ്യാപകരും മർദിച്ചെന്ന പരാതിയുമായി ഒരു വർഷം മുമ്പ് രംഗത്തെത്തിയ ഷഹീർ ഷൗക്കത്തലി ജവഹർലാൽ ലോ കോളേജിൽ നിന്ന് മാറി മറ്റൊരു കോളേജിലാണ് പഠനം നടത്തുന്നത്.

നിരവധി സമ്മർദ്ധങ്ങളും ഭീഷണികളുമുണ്ടായിട്ടും നിയമനടപടിയുമായി ഇപ്പോഴും മുന്നോട്ട് പോവുകയാണ്. ഈ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട നെഹ്രു ഗ്രൂപ്പ് ചെയർമാൻ പി കെ കൃഷ്ണദാസsക്കമുള്ളവർക്ക് കേരളത്തിൽ കടക്കുന്നതിന് കോടതി ഏർപ്പെടുത്തിയ വിലക്ക് തുടരുന്നതിനിടെ അതേ കോളേജിൽ നിന്ന് മറ്റൊരു വിദ്യാർത്ഥി മാനസികമായ പീഢനത്തിന്റെ പേരിൽ ജീവൻ വെടിയാൻ ശ്രമിച്ചത് ഗൗരവതരമാണ്.

ജിഷ്ണു പ്രണോയിയുടെ മരണത്തിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങൾക്കിടയിലാണ് ഷഹീർ ഷൗക്കത്തലി മർദന പരാതിയുമായി രംഗത്തെത്തിയത്. ഇപ്പോൾ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥി അതിന് മുമ്പ് അവസാനമായി ഫേസ് ബുക്കിൽ കുറിച്ചിട്ട വാക്കുകളും ജിഷ്ണു പ്രണോയിയെക്കുറിച്ചായിരുന്നു.

ജിഷ്ണു പ്രണോയിയുടെ മരണത്തിന് പിന്നാലെ നെഹ്റു ഗ്രൂപ്പിന്റേതടക്കം രാഷ്ട്രീയം പടിക്കു പുറത്ത് നിർത്തിയ കോളേജുകളിലെല്ലാം SFI അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

പുതിയ സംഭവ വികാസങ്ങളിൽ കുറ്റക്കാരായവർക്കെതിരെ നടപടിയും സസ്പെൻഷൻ പിൻവലിക്കലുമാണ് ടfi യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ മുന്നോട്ട് വെച്ച ആവശ്യം. നടക്കാനിരിക്കുന്ന ചർച്ചകളിൽ തീരുമാനമായില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്.

മറ്റൊരു ജിഷ്ണു പ്രണോയ് ഉണ്ടാവരുതെന്ന നിശ്ചയദാർഢ്യമാണ് പ്രതിഷേധത്തിന് ഒറ്റക്കെട്ടായെത്തുന്ന വിദ്യാർത്ഥികളെ നയിക്കുന്നത്.

അച്ചടക്കത്തിന്റെ വാളും കൽപനകളും തുടരുമെന്ന് മാനേജ്മെന്റ് തെളിയിക്കുമ്പോൾ, വാളോങ്ങലുകൾക്കും വാറോലകൾക്കും മുന്നിൽ വഴങ്ങേണ്ടെന്ന നിലപാടിലേക്ക് ഈ കോളേജിലെ വിദ്യാർത്ഥികളും വളർന്നു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News