100 വര്‍ഷം പ‍ഴക്കമുളള പേട്ട റെയില്‍വേ സ്റ്റേഷന്‍ പൊളിച്ച് പണിയുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം; അശാസ്ത്രീയ നടപടി പൈതൃക പദവി ഇല്ലാതാക്കുമെന്ന ആശങ്കയും ശക്തം

100 വര്‍ഷം പ‍ഴക്കമുളള തിരുവനന്തപുരം പേട്ട റെയില്‍വേ സ്റ്റേഷന്‍ പൊളിച്ച് പണിയുന്നതില്‍ എതിര്‍പ്പുമായി നാട്ടുക്കാര്‍ രംഗത്ത് . സംരക്ഷിത സ്മാരകം എന്ന പദവിയുളള റെയില്‍വേ സ്റ്റേഷനില്‍ മേല്‍ക്കൂരയിലെ ഒാട് മാറ്റി തകര ഷീറ്റ് ഇട്ട് അഭംഗിയാക്കി .

സ്റ്റേഷന്‍ വികസനത്തിന്‍റെ പേരില്‍ നടപ്പിലാക്കുന്ന അശാസ്ത്രീയ നടപടി പൈതൃക പദവി ഇല്ലാതാക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നു.

100 വര്‍ഷത്തിലേറെ പ‍ഴക്കമുളള തിരുവനന്തപുരം പേട്ട റെയില്‍വേ സ്റ്റേഷന്‍ മുഖംമുനുക്കുന്നു എന്നാണ് റെയില്‍വേ അവകാശപെടുന്നത് .

എന്നാല്‍ ഈ റെയില്‍വേ സ്റ്റേഷനിലൂടെ യാത്ര ചെയ്യുന്ന പരശതം യാത്രക്കാരില്‍ ഒരാള്‍പോലും റെയില്‍വേയുടെ ഈ വാദത്തെ അംഗീകരിക്കുമെന്ന് തോന്നുന്നില്ല. ശാലീന സുന്ദരിയെ പോലെ മനോഹാരിതയുണ്ടായിരുന്ന റെയില്‍വേ സ്റ്റേഷന്‍റെ ഇന്നത്തെ അവസ്ഥ ഏത് സൗന്ദര്യാധകനെയും നിരാശനാക്കും .

ഒാട് പൊട്ടി ചോര്‍ന്നൊലിക്കുന്നു എന്ന പേരിലാണ് ക‍ഴിഞ്ഞ ദിവസം മുതല്‍ ടിന്‍ഷീറ്റുകള്‍ ഇടുന്ന ജോലി ആരംഭിച്ചത് . മച്ചിന്‍ പുറത്തെ ഒാട് പൂര്‍ണമായും മാറ്റുന്നതിനുളള തയ്യാറെടുപ്പുകള്‍ അതിവേഗം പുരോഗമിക്കുകയാണ് .

1918 ല്‍ ശ്രീമൂലം തിരുനാളിന്‍റെ കാലത്ത് പണിക‍ഴിപ്പിച്ച ഈ കെട്ടിടം സംരക്ഷിത സ്ഥാപനങ്ങളുടെ പട്ടികയില്‍ വരാന്‍ അര്‍ഹതയുളള ഉളള റെയില്‍വേ സ്റ്റേഷനാണ്. വികസനപ്രവര്‍ത്തനത്തിന്‍റെ മറവില്‍ റെയില്‍വേ നടത്തുന്ന നിര്‍മ്മാണ പ്രവൃത്തിക്കെതിരെ നാട്ടുക്കാര്‍ രംഗത്തെത്തി.

കേരളത്തിന്‍റെ തനത് വാസ്തുവിദ്യാപാരബര്യത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കെട്ടിടത്തില്‍ നടത്തുന്ന തലതിരിഞ്ഞ അറ്റകുറ്റപണികള്‍ ആര്‍ക്കിയോളജി വകുപ്പ് അറിഞ്ഞിട്ടില്ല . ജനപ്രതിനിധികളുടെയും , അടിയന്തിര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പേട്ട റെയില്‍വേ സ്റ്റേഷന്‍ ഒരു തകരഷെഡ് ആയി മാറും.

ഇനിയൊരിക്കലും തിരിച്ച് പിടിക്കാന്‍ ക‍ഴിയാത്ത ചരിത്രത്തിന്‍റെ തിരുശേഷിപ്പുക്കള്‍ ഈ ഭൂമിയില്‍ നിലനിര്‍ത്താന്‍ ബാധ്യതപ്പെട്ടവരാണ് നമ്മള്‍. എത് വികസനത്തിന്‍റെയും അടിസ്ഥാന മന്ത്രമാവേണ്ട ഈ ആപ്തവാക്യം റെയില്‍വേ മറക്കുമ്പോള്‍ അത് ഒാര്‍മ്മിപ്പിക്കാനുളള ബാധ്യത ഇവിടുത്തെ ജനങ്ങള്‍ക്കും ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here