പ്രധാനമന്ത്രി ഗര്‍ഭിണിയാണ്; ഇടക്കാല ചുമതല ഉപ പ്രധാനമന്ത്രിക്ക്

പ്രധാനമന്ത്രിയായിരിക്കെ മകള്‍ക്ക് ജന്മം നല്‍കിയ ബേനസീര്‍ ഭൂട്ടോയ്ക്ക് ന്യൂസിലന്‍ഡില്‍ പിന്‍ഗാമി. താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചു.

അടുത്ത ജൂണില്‍ തന്‍റെയും ക്ലാര്‍ക് ഗേഫോര്‍ഡിന്‍റയും ടീം രണ്ടില്‍ നിന്ന് മൂന്നാകും. ഞാന്‍ പ്രധാനമന്ത്രിയും അമ്മയും ആയിരിക്കും, ക്ലാര്‍ക്ക് വീട്ടച്ഛനും. 37കാരിയായ ജസിന്‍ഡ കുറിച്ചു.

ജൂണില്‍ ആറാ‍ഴ്ചയിലെ പ്രസവാവധികാലത്ത് ഉപപ്രധാനമന്ത്രി വിന്‍സ്റ്റണ്‍ പീറ്റേ‍ഴ്സിന് പ്രധാനമന്ത്രിയുടെ ചുമതല കൈമാറുമെന്ന് ജസിന്‍ഡ ആര്‍ഡേണ്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

2017 ഒരു വലിയ വര്‍ഷമായിരുന്നുവെന്നും ക്ലാര്‍ക്കും ഞാനും വലിയ ആവേശത്തിലാണെന്നും ജസിന്‍ഡ പറയുന്നു. ഒരേസമയം ഒന്നലധികം ജോലികള്‍ ചെയ്യുന്ന ആദ്യത്തെ സ്ത്രീയൊന്നുമല്ല ഞാന്‍. കുഞ്ഞുള്ളപ്പോള്‍ ജോലി ചെയ്യുന്ന ആദ്യ സ്ത്രീയുമല്ല.

ഇത് ഒരു പ്രത്യേക സാഹചര്യമാണെന്ന് എനിക്കറിയാം. പക്ഷേ എന്നേക്കാള്‍ മുന്നേ നിരവധി സ്ത്രീകള്‍ വളരെ മനോഹരമായി ഈ സാഹചര്യം കൈകാര്യം ചെയ്തിട്ടുണ്ടെന്നും ജസിന്‍ഡ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ന്യൂസിലാന്‍ഡില്‍ അധികാരത്തിലേറുന്ന പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 37കാരിയായ ജസിന്‍ഡ. ഒക്ടോബറിലാണ് പ്രധാനമന്ത്രിയായി ജസിന്‍ഡ ചുമതലയേറ്റത്.

ഒന്നരമാസത്തോളം നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവില്‍ ഫസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ലേബര്‍ പാര്‍ട്ടി നേതാവായ ജസിന്‍ഡ അധികാരത്തിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here