മൂന്നാം ക്ലാസ്‌ മുതല്‍ നിറക്കൂട്ടുകളോട്‌ കൂട്ടുകൂടിയ കൊച്ചുമിടുക്കിക്ക്‌ ഏഷ്യന്‍പുരസ്കാരം

ഏഷ്യന്‍ പുരസ്‌കാരത്തിന്റെ നിറവിലാണ്‌ ഇടുക്കിയുടെ കുഞ്ഞുചിത്രകാരി റോസ്‌മരിയ. കേരള നിയമസഭയിലെ മുഴുവന്‍ എംഎല്‍എമാരുടേതടക്കം 4251 ചിത്രങ്ങള്‍ വരച്ചാണ്‌ രാജാക്കാട്‌ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസുകാരി യുആര്‍എഫ്‌ ഏഷ്യന്‍ റെക്കോര്‍ഡും ടാലന്റ്‌ അവാര്‍ഡും സ്വന്തമാക്കിയത്‌.

മൂന്നാം ക്ലാസ്‌ മുതല്‍ നിറക്കൂട്ടുകളോട്‌ കൂട്ടുകൂടിയ ഈ കൊച്ചുമിടുക്കിക്ക്‌ ഇത്‌ അഭിമാന നേട്ടം. പൂക്കളും പൂമ്പാറ്റയുമൊക്കെയായി തുടങ്ങിയ രചനയില്‍ പിന്നീട്‌ പിറന്നത്‌ കേരളത്തിലെ എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ചിത്രങ്ങളാണ്‌.

സ്‌കൂള്‍ സന്ദര്‍ശിക്കാനെത്തിയ മന്ത്രി എംഎം മണിയെ റോസ്‌ മരിയ സ്വീകരിച്ചത്‌ അദ്ദേഹത്തിന്റെ ചിത്രം നല്‍കിക്കൊണ്ടായിരുന്നു.

പിന്നീട്‌ മന്ത്രിയുടെ നിര്‍ദേശ പ്രകാരം മുഴുവന്‍ എംഎല്‍എമാരെയും വരച്ച റോസ്‌ മരിയ , തിരുവനന്തപുരം മ്യൂസിയത്തില്‍ അവയുടെ പ്രദര്‍ശനവും ഒരുക്കിയതോയെയാണ്‌ ശ്രദ്ധിക്കപ്പെട്ടത്‌.

ഇപ്പോള്‍ യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ്‌ ഫോറത്തിന്റെ മികച്ച ചിത്രകാരിക്കുള്ള ഏഷന്‍ പുരസ്‌കാരവും ഈ ബാലികയെ തേടിയെത്തി.

ചെന്നൈയിലെ ആശാന്‍ മെമ്മോറിയല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ യുആര്‍എഫ്‌ ജനറല്‍ സെക്രട്ടറിയും ചീഫ്‌ എഡിറ്ററുമായ ഡോ.സുനില്‍ ജോസഫ്‌ സര്‍ട്ടിഫിക്കറ്റും മെമന്റോയും സമ്മാനിച്ചു.

പൊന്‍മുടി അമ്പഴത്തിനാല്‍ സെബാസ്റ്റ്യന്‍ ജോസഫിന്റെയും ഷേര്‍ളിയുടെയും മകളാണ്‌ ഈ ഏഴാം ക്ലാസുകാരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News