കേന്ദ്രം ഗര്‍ഭിണികള്‍ക്കുളള പ്രസവാനുകൂല്യം കുറച്ചു; പ്രഹരമേറ്റത് ആദിവാസി സ്ത്രീകള്‍ക്ക്

ദില്ലി: നോട്ട് റദ്ദാക്കലിനു ശേഷം പ്രധാനമന്ത്രി മോദി 2016 ഡിസംബറില്‍ കൊട്ടിഘോഷിച്ചു പ്രഖ്യാപിച്ച ക്ഷേമപദ്ധതികളില്‍ ഒന്നായിരുന്നു ഗര്‍ഭിണികള്‍ക്കുള്ള പ്രധാനമന്ത്രി മാതൃ വന്ദന യോജന (PMMVY). നിലവിലുണ്ടായിരുന്ന ഇന്ദിരാഗാന്ധി മാതൃത്വ സഹയോജന (IGMSY) പേരും രൂപവും മാറ്റി മോദി സ്വന്തം പേരിലാക്കി പുതിയ കുപ്പിയിലാക്കിയ പഴയ വീഞ്ഞാണിത്.

എന്നാല്‍ IGMSYയുടെ പിതൃത്വം മോദി സ്വയം ഏറ്റെടുത്തപ്പോഴോ? ഗര്‍ഭിണികള്‍ക്ക് രണ്ടു പ്രസവത്തിന് കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യം ഒരു കുട്ടിക്കു മാത്രമായി ചുരുക്കി. 6000 രൂപയുടെ ആനുകൂല്യം 5000 ആക്കി വെട്ടിക്കുറച്ചു.

പദ്ധതിയുടെ പിതൃത്വം മോദിക്കായപ്പോള്‍ ഗര്‍ഭിണികള്‍ക്ക് ഇങ്ങനെയാണ് നല്ല ദിനം വന്നത്.

പാലക്കാട് ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗത്തില്‍ ആനുകൂല്യങ്ങളിലെ കുറവ് പരാമര്‍ശിക്കപ്പെടുകയുണ്ടായി. അട്ടപ്പാടിയിലെ ഗര്‍ഭിണികള്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്ന ഈ പദ്ധതിയുടെ ആനുകൂല്യം വെട്ടിക്കുറച്ചത് അവര്‍ക്കും പ്രഹരമായിരിക്കുകയാണ്.

കേന്ദ്ര നടപടിയെക്കുറിച്ച് പാലക്കാട് എംപി എംബി രാജേഷ് ഫേസ്ബുക്കില്‍ ഇങ്ങനെ കുറിക്കുന്നു.

‘സാക്ഷി മഹാരാജുള്‍പ്പെടെയുള്ള മോദിയുടെ സംഘ് അനുയായികള്‍ ഹിന്ദുജനസംഖ്യ കൂട്ടാന്‍ ഹിന്ദുസ്ത്രീകള്‍ ചുരുങ്ങിയത് അഞ്ച് പ്രസവിക്കാന്‍ ക്വാട്ട കൊടുക്കുമ്പോഴാണ് ഗര്‍ഭിണികള്‍ക്കുള്ള ആനുകൂല്യം കുറക്കുന്നത്. ഒന്നു കഴിഞ്ഞ് ബാക്കിയുള്ളതിന് ഒരാനുകൂല്യവും കൊടുക്കാത്തത് കഷ്ടമല്ലേ?’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here