കണ്ണൂരില്‍ ആര്‍എസ്എസുകാര്‍ തമ്മിലടിച്ച് ഇല്ലാതാവുന്നു; അക്രമം നടത്തുന്നത് ആര്‍എസ്എസ്; ഭീഷണികളെ ഭയക്കുന്നില്ലെന്നും സിബി സുബഹ്

കണ്ണൂര്‍: ആര്‍എസ്എസ് അധോലോക സംഘടനയാണെന്നും ഭീഷണിയെ ഭയക്കുന്നില്ലെന്നും ആര്‍എസ്എസ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന സിബി സുബഹ്.

കണ്ണൂരില്‍ സുബഹിന് സിപിഐഎം നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് എന്താണെന്നറിയാത്തവരാണ് തന്നെ വിമര്‍ശിക്കുന്നത്. തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം തുടര്‍ന്നാല്‍ വ്യക്തിപരമായി തനിക്കറിയാവുന്ന കാര്യങ്ങള്‍ തുറന്നുപറയും.

കണ്ണൂരില്‍ ആര്‍എസ്എസുകാര്‍ പരസ്പരം തമ്മിലടിച്ച് ഇല്ലാതാവുകയാണ്. ഇതില്‍ പ്രതിഷേധിച്ച് ധാരാളം പ്രവര്‍ത്തകര്‍ നാടുവിട്ടുപോയിട്ടുണ്ടെന്നും സംഘടന ഇപ്പോള്‍ മനുഷ്യന്‍മാരുടെ സംഘടനയാണോ, അധോലോക സംഘടനയാണോ എന്നറിയാതായെന്നും സുബഹ് പറഞ്ഞു.

കണ്ണൂരില്‍ അക്രമം നടത്തുന്നത് ആര്‍എസ്എസ് ആണ്. എന്നാല്‍ അക്രമത്തിനുശേഷം അതിനുപിന്നില്‍ സിപിഐഎം ആണെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയാണെന്നും സുബഹ് പറഞ്ഞു.

എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ആര്‍എസ്എസ് നേതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചായിരുന്നു സുബഹ് പ്രസംഗം ആരംഭിച്ചത്.

നേരത്തെ തന്നെ ജീവനില്‍ കൊതിയില്ലായിരുന്നെന്നും ഇനിയുള്ള പോരാട്ടത്തില്‍ മരണം സംഭവിച്ചാലും പോരാട്ടം തുടരുമെന്നും സുബഹ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel