ഭാവന ഇന്ന് വിവാഹിതയാകും

സിനിമാ താരം ഭാവന ഇന്ന് വിവാഹിതയാകും. കന്നഡ നിര്‍മ്മാതാവ് നവീനാണ് വരന്‍. രാവിലെ പത്ത് മണിയോടെ തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ചാണ് താലികെട്ട്.

തുടര്‍ന്ന് കോവിലകത്തും പാടത്തെ ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങുകളില്‍ ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമാണ് ക്ഷണമുള്ളത്.

കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള അഞ്ച് വര്‍ഷം നീണ്ട ഭാവനയുടെ പ്രണയമാണ് ഇന്ന് പൂവണിയുന്നത്. ഇഷ്ട ദേവനായ തിരുവമ്പാടിക്കണ്ണനു മുന്നിലാണ് മലയാളത്തിന്റെ പ്രിയ നായിക സുമംഗലിയാകുന്നത്.

ഭാവനയുമായി അടുത്ത സൗഹൃദ ബന്ധമുള്ള ചുരുക്കം സിനിമ താരങ്ങളും, കുടുംബാംഗങ്ങളും മാത്രമാണ് ക്ഷേത്രത്തില്‍ താലിചാര്‍ത്തലിന് സാക്ഷ്യം വഹിക്കുക. ഒന്‍പതിനും പത്തിനുമിടയ്ക്കാണ് ചടങ്ങുകള്‍.

ശേഷം ഇരുവരും കോവിലകത്തുപാടത്തെ ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെത്തും. ഇവിടെയാണ് മറ്റ് വിവാഹ ചടങ്ങുകള്‍ നടക്കുക. സിനിമ, രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ ഒഴിവാക്കാനാകാത്ത ചുരുക്കം ചിലര്‍ക്ക് മാത്രമാണ് ക്ഷണമുള്ളത്.

വൈകിട്ട് സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്ക് മാത്രമായി ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രത്യേക വിരുന്നും ഒരുക്കുന്നുണ്ട്. രണ്ടായിരത്തി പന്ത്രണ്ടില്‍ പുറത്തിറങ്ങിയ റോമിയോ എന്ന കന്നഡ ചിത്രത്തിലൂടെയാണ് ഭാവനയും നിര്‍മ്മാതാവായ നവീനും തമ്മില്‍ പരിചയത്തിലാകുന്നത്.

പിന്നീട് സൗഹൃദം പ്രണയമാവുകയായിരുന്നു. ഒന്നര പതിറ്റാണ്ട് കാലമായി മലയാളികളുടെ പ്രിയ താരമായി നിറഞ്ഞു നില്‍ക്കുന്ന ഭാവന ദക്ഷിണേന്ത്യയിലെ തിരക്കുള്ള താരമായി തിളങ്ങുന്നതിനിടെയാണ് വൈവാഹിക ജീവിതത്തിലേക്ക് കടക്കുന്നത്.

വിവാഹ ദൃശ്യങ്ങള്‍ക്കൊപ്പം, ഇനിയും സിനിമയില്‍ തുടരുമോ എന്ന ചോദ്യത്തിനുള്ള മറുപടിക്കായും ഭാവനയുടെ ആരാധകര്‍ കാത്തിരിപ്പിലാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News