സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം; ചില സംഘടനകള്‍ സംസ്ഥാനത്തെ അപമാനപ്പെടുത്താന്‍ ശ്രമിക്കുന്നു; രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളം: ഓഖി ദുരന്തത്തെ സര്‍ക്കാര്‍ മികച്ച രീതിയില്‍ നേരിട്ടെന്നും ഗവര്‍ണര്‍

തിരുവനന്തപുരം: രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം അഴിമതിരഹിത സംസ്ഥാനമാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം.

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്.

കേരളത്തിലെ ക്രമസമാധാന നില മികച്ചതാണെന്ന് ഇന്ത്യാ ടുഡേ വിലയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ചില സംഘടനകള്‍ ദേശീയതലത്തില്‍ കേരളത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാനവശേഷിയില്‍ രാജ്യത്ത് കേരളം ഒന്നാമതാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

നോട്ടുനിരോധനവും ജിഎസ്ടിയും കേന്ദ്ര സര്‍ക്കാര്‍ തിടുക്കപ്പെട്ട് നടപ്പാക്കിയത് സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഓഖി ദുരന്തം പിണറായി സര്‍ക്കാര്‍ മികച്ച രീതിയില്‍ നേരിട്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരള മോഡല്‍ വികസനം അന്താരാഷ്ട്ര ശ്രദ്ധ നേടിയെന്നും 100 ശതമാനവും വെളിയിട വിസര്‍ജ്ജ മുക്ത സംസ്ഥാനമായി കേരളം മാറിയെന്നും ഗവര്‍ണര്‍ പറഞ്ഞു.

മാനവ വികസന സൂചികയില്‍ ഉയര്‍ന്ന സ്ഥാനത്ത് നില്‍ക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമായി കേരളത്തെ ഐക്യരാഷ്ട്രസഭ പ്രഖ്യാപിക്കുകയുണ്ടായെന്ന കാര്യവും ഗവര്‍ണ്ണര്‍ പരാമര്‍ശിച്ചു.

ജനാധിപത്യം വെറും കാഴ്ചക്കാരായി നോക്കിനില്‍ക്കേണ്ട വിനോദമല്ലെന്ന് ചൂണ്ടിക്കാട്ടിയ ഗവര്‍ണര്‍ കൂട്ടായ ഉത്തരവാദിത്തെക്കുറിച്ചും ഓര്‍മ്മപ്പെടുത്തി.

ലോകത്ത് നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന മാറ്റം നിങ്ങളായിരിക്കണമെന്ന ഗാന്ധിജിയുടെ വാക്കുകള്‍ പരാമര്‍ശിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിന് വിരാമമിട്ടത്.

അതേസമയം, സംസ്ഥാനത്ത ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കുന്ന ഭാഗം ഗവര്‍ണ്ണര്‍ നിയമസഭയില്‍ വായിക്കാതെ ഒഴിവാക്കിയത് വിവാദമായി.

സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്ന് എഴുതിയ ബാനറുകളുമായാണ് പ്രതിപക്ഷം എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here