വായ്പാ തിരിച്ചടവു മുടങ്ങി; സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കര്‍ഷകനെ ഗുണ്ടകള്‍ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി

വായ്പാ തിരിച്ചടവു മുടങ്ങിയതിനെത്തുടര്‍ന്നു കര്‍ഷകനെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി. ട്രാക്ടര്‍ പിടിച്ചെടുക്കാനെത്തിയ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഗുണ്ടകളാണ് പ്രതികള്‍. ഉത്തര്‍ പ്രദേശിലെ സീതാപൂര്‍ സ്വദേശി ഗ്യാന്‍ ചന്ദ്രയാണ് കൊല്ലപ്പെട്ടത്.

വായ്പ എടുത്ത പണം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് ട്രാക്ടര്‍ പിടിച്ചെടുക്കാനെത്തിയ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഗുണ്ടകളാണ് കര്‍ഷകനെ അതേ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശ് സിതാപുരിയിലെ ബൗരി ഗ്രാമത്തിലെ ഗ്യാന്‍ ചന്ദ്ര (45) എന്നയാളാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച ആയിരുന്നു സംഭവം. വായ്പാ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഒന്നേകാല്‍ ലക്ഷത്തോളം രൂപ ഗ്യാന്‍ ചന്ദ്ര തിരിച്ചടക്കാനുണ്ടായിരുന്നു. ഈ മാസമാദ്യം 35,000 രൂപ തിരിച്ചടച്ചിരുന്നെങ്കിലും കുടിശ്ശിക തീര്‍ക്കാന്‍ ഗ്യാന്‍ ചന്ദ്രയ്ക്ക് കഴിഞ്ഞിരുന്നില്ല. 2015ലാണ് ട്രാക്ടര്‍ വാങ്ങുന്നതിനായി സ്വകാര്യ ഫൈനാന്‍സ് കമ്പനിയില്‍നിന്നും അഞ്ചു ലക്ഷം രൂപ ഗ്യാന്‍ ചന്ദ്ര വായ്പ എടുത്തത്

സംഭവ ദിവസം ഗ്യാന്‍ ചന്ദ്ര വയലില്‍ പണിയെടുക്കുമ്പോള്‍ ഗുണ്ടകളെത്തി ട്രാക്ടര്‍ കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇവരെ തടയാന്‍ ശ്രമിക്കവെ ഇവരിലൊരാള്‍ ഗ്യാന്‍ ചന്ദ്രയെ ട്രാക്ടറിന് മുമ്പിലേക്ക് തള്ളിയിടുകയായിരുന്നെന്ന് സഹോദരന്‍ ഓം പ്രകാശ് പറഞ്ഞു. ശരീരത്തിലൂടെ ട്രാക്ടര്‍ കയറി ഗ്യാന്‍ ചന്ദ്ര തല്‍ക്ഷണം മരിച്ചു.

രണ്ടര ഏക്കര്‍ ഭൂമിയാണ് ഗ്യാന്‍ ചന്ദ്രയ്ക്ക് സ്വന്തമായുള്ളത്. കൃഷിയില്‍ നിന്നും ലഭിക്കുന്ന വരുമാനത്താലാണ് അഞ്ച് പെണ്‍മക്കളുള്‍പ്പെടെ ഏഴ് അംഗ കുടുംബം കഴിഞ്ഞിരുന്നത്.

സഹോദരന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സ്വകാര്യ ധനകാര്യ കമ്പനി ജീവനക്കാര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News