സുപ്രീം കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും ഫലമില്ല; പദ്മാവതിനെതിരെ തിരിഞ്ഞ് രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാറുകള്‍

ന്യൂഡല്‍ഹി: പദ്മാവത് ചിത്രം വിലക്കാനാവില്ലെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ചിട്ടും രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാറുകള്‍ വീണ്ടും സുപ്രീംകോടതിയിലേക്ക്. വിലക്കാനാവില്ലെന്ന ഉത്തരവില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഇരു സംസ്ഥാനങ്ങളും സുപ്രീംകോടതിയെ സമീപിച്ചത്. ക്രമസമാധാനം കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി സിനിമാറ്റോഗ്രാഫ് ആക്ട് വഴി സര്‍ക്കാറിന് സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെപ്പിക്കാനുള്ള അധികാരമുണ്ടെന്നും ഇവര്‍ സുപ്രീംകോടതിയെ ബോധിപ്പിക്കും.

നേരത്തെ നാല് സംസ്ഥാനങ്ങള്‍ പദ്മാവത് വിലക്കിയിരുന്നു. ഇതിനെതിരെ നിര്‍മാതാക്കള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെതുടര്‍ന്നാണ് ചിത്രം വിലക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചത്.

അതിനിടെ ചിത്രത്തിന്റെ റിലീസിനെതിരെ രാജസ്ഥാനിലെ ഒരുകൂട്ടം സ്ത്രീകള്‍ രംഗത്തെത്തി. ചേതവാനി എന്ന പേരില്‍ റാലി നടത്തിയ ഇവര്‍ പദ്മാവത് റിലീസ് ചെയ്താല്‍ തീയില്‍ ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി. രാജസ്ഥാനിലെ ഇന്നലെ 200 ഓളം രാജ്പുത് വനിതകള്‍ തെരുവിലിറങ്ങിയത്.

ജവഹര്‍ ക്ഷത്രാണി മഞ്ച്, രാജ്പുത് കര്‍ണി സേന, ജവഹര്‍ സമൃതി ശാന്തന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സ്ത്രീകളുടെ സ്വാഭിമാന റാലി നടത്തിയത്. പദ്മാവത് നിരോധിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, രാജസ്ഥാന്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്.

സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത വിവാദ ബോളിവുഡ് സിനിമയായ പദ്മാവത് സുപ്രീം കോടതിയുടെ അനുമതിയോടെ 25ന് തീയേറ്ററുകളില്‍ എത്താനിരിക്കെയാണ് വീണ്ടും പ്രതിഷേധം വ്യാപകമാകുന്നത്. മതവികാരത്തെ വൃണപ്പെടുത്തുന്ന രീതിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് രാജ്പുത് വിഭാഗത്തിന്റെ ആരോപണം. സൂഫി സാഹിത്യകാരനായ മാലിക് മുഹമ്മദ് ജയസി എഴുതിയ കവിതയെ ആധാരമാക്കിയാണ് 150 കോടി രൂപ മുതല്‍ മുടക്കിലാണ് പദ്മാവത് ഒരുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News