ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ നീക്കം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ നീക്കം.

അങ്കമാലി കോടതിയില്‍ ദിലീപ് സമര്‍പിച്ച ഹര്‍ജിയിലെ നടിക്കെതിരായ പരാമര്‍ശങ്ങള്‍ ജാമ്യം റദ്ദാക്കാന്‍ പര്യാപ്തമാണെന്നാണ് പൊലീസ് വിലയിരുത്തല്‍.

ഇക്കാര്യം സംബന്ധിച്ച് സെപ്ഷ്യല്‍ പ്രോസിക്യൂട്ടര്‍ സുരേശന്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി.

കേസില്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ഇന്ന് കോടതിയെ അറിയിച്ചിരുന്നു. ദൃശ്യങ്ങള്‍ നല്‍കുന്നത് ഇരയുടെ സ്വകാര്യതയെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

പള്‍സര്‍ സുനി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പടെ കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച 256 രേഖകളുടെയും പകര്‍പ്പ് നല്‍കണമെന്നാവശ്യപ്പെട്ടാണ് കേസില്‍ എട്ടാം പ്രതിയായ ദിലീപ് കോടതിയെ സമീപിച്ചത്. ചട്ടപ്രകാരം തെളിവുകള്‍ തനിക്ക് ലഭിക്കേണ്ടതുണ്ടെന്നാണ് ദിലീപിന്റെ വാദം. എന്നാല്‍ ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കുകയായിരുന്നു.

ദൃശ്യങ്ങള്‍ കൈമാറുന്നത് ഇരയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. ദൃശ്യങ്ങളില്‍ നിന്നും ചില സംഭാഷണങ്ങള്‍ അടര്‍ത്തിമാറ്റി നടിയെ അപമാനിക്കാനാണ് ദിലീപിന്റെ ശ്രമമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് ദിലീപ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ഹര്‍ജിയില്‍ കോടതി നേരത്തെ ദിലീപിന്റെ വാദം കേട്ടിരുന്നു. പ്രോസിക്യൂഷന്‍ നിലപാട് കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് കോടതി ഈ മാസം 25 ലേക്ക് മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here