ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രിംകോടതിയില്‍; വിവാഹം റദ്ദാക്കിയതിനെതിരെ ഷെഫിന്‍ജഹാന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കും; ഷെഫിനൊപ്പം പോകണമെന്ന് ഹാദിയ; ഇത് കണക്കിലെടുക്കരുതെന്ന് എന്‍ഐഎ

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഹാദിയ കേസ് ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയ്ക്കെത്തും. വൈക്കം സ്വദേശി ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്തുള്ള കൊല്ലം സ്വദേശി ഷെഫിൻ ജഹാന്‍റെ ഹര്‍ജിയാണ് പ്രധാനമായും കോടതി പരിഗണിക്കുന്നത്.

ഹാദിയയെ വീട്ടുതടങ്കലില്‍ നിന്ന് സ്വതന്ത്രയാക്കിയതിന് ശേഷം ആദ്യമായാണ് കേസ് പരിഗണിക്കുന്നതെന്നതിനാല്‍ തന്നെ പരമോന്നതകോടതിയുടെ സുപ്രധാന നിരീക്ഷണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതും വിവാഹം കഴിച്ചതെന്നുമാണ് ഹാദിയയുടെ മൊഴി. ഇത് കണക്കിലെടുക്കരുതെന്ന് വ്യക്തമാക്കി എന്‍ഐഎ നല്‍കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കോടതി പരിശോധിക്കും.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു കേസ് പരിഗണിക്കുന്നത്. എന്‍ഐഎ അന്വേഷണം കോടതി അലക്ഷ്യമാണെന്നതടക്കമുള്ള വാദങ്ങളാണ് ഷെഫിന്‍ ജഹാൻ ഉന്നയിച്ചിട്ടുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എന്‍ഐഎക്കെതിരെ ഷെഫിന്‍ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെടുമെന്ന് അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഷെഫിന്‍ ജഹാനു ഭീകരബന്ധമുണ്ടെന്നാണു ഹാദിയയുടെ അച്ഛന്‍ അശോകന്‍റെ ആരോപണം. എന്നാല്‍, ഷെഫിന്‍ ജഹാനൊപ്പം പോകണമെന്നാണ് ഹാദിയയുടെ നിലപാട്.

2017 നവംബര്‍ ഇരുപത്തിയേഴിനാണ് സുപ്രീംകോടതി ഹാദിയയെ വീട്ട്തടങ്കലില്‍ നിന്ന് മോചിപിച്ച് തുടര്‍പഠനത്തിനായി കോയമ്പത്തൂരിലേക്ക് അയച്ചത്. തനിക്ക് പൂര്‍ണമായ വ്യക്തിസ്വാതന്ത്യം വേണമെന്ന നിലപാടിലാണ് ഹാദിയ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News