പിണറായിയെയും കോടിയേരിയെയും പിൻതുണച്ച് എസ് രാമചന്ദ്രൻ പിള്ള; കമ്യൂണിസ്റ്റ് പാർട്ടിക്കും നേതാക്കൾക്കുമെതിരേ വികാരം ഇളക്കി വിടുന്നത് വിരുദ്ധരുടെ ശൈലിയെന്ന് എസ് ആർ പി

ചൈനയ്ക്കും ഉത്തരകൊറിയക്കുമെതിരെ അമേരിക്കൻ സാമ്രാജ്യത്വം നടത്തുന്ന ഗൂഢാലോചനകളെയും സംഘടിപ്പിക്കുന്ന ആക്രമണങ്ങളെയും പാർടി നേതാക്കളായ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കേരളത്തിലെ പാർടി ജില്ലാസമ്മേളനങ്ങളിൽ വിമർശിക്കുകയുണ്ടായി. ട്രംപിന്റെയും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും വിദേശനയ നീക്കങ്ങൾക്ക് ഇന്ത്യയിലെ മോഡി സർക്കാർ നൽകിവരുന്ന പിന്തുണയെ അവർ ശക്തിയായി ആക്ഷേപിച്ചിരുന്നു. പാർടി നേതാക്കൾ നടത്തിയ വിമർശങ്ങളോട് ബിജെപി നേതാക്കൾ കടുത്ത അസഹിഷ്ണുതയാണ് പ്രകടിപ്പിച്ചത്. കോടിയേരി ബാലകൃഷ്ണനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹത്തെ ചൈനയിലേക്ക് നാടുകടത്തണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.

കമ്യൂണിസ്റ്റ് പാർടിക്കും നേതാക്കന്മാർക്കുമെതിരെ ദേശീയവികാരം ആളിക്കത്തിച്ച് തിരിച്ചുവിടാൻ ശ്രമിക്കുക എന്നത് കമ്യൂണിസ്റ്റ് വിരോധികളുടെ പരമ്പരാഗതരീതിയാണ്. കമ്യൂണിസ്റ്റ് പാർടിയുടെ പ്രവർത്തനം ഇന്ത്യയിൽ ആരംഭിച്ചകാലംമുതൽ അത്തരം ശ്രമങ്ങൾ നടന്നുവരികയാണ്. ഇന്ത്യരാജ്യത്തോട് കൂറില്ലാത്ത റഷ്യൻചാരന്മാരാണെന്ന ആക്ഷേപമാണ് കമ്യൂണിസ്റ്റ് വിരോധികൾ പാർടിക്കെതിരെ ആദ്യകാലത്ത് ഉയർത്തിയത്. ചൈന വിജയകരമായ വിപ്ലവം നടത്തി പുരോഗതി ആർജിക്കാൻ തുടങ്ങിയതോടെ ചൈനാചാരന്മാരാണെന്ന ആക്ഷേപം കമ്യൂണിസ്റ്റ് പാർടിക്കും പ്രവർത്തകർക്കുമെതിരെ ഉന്നയിച്ചുതുടങ്ങി. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിത്തർക്കം വളർന്ന് ഏറ്റുമുട്ടലുകളിലെത്തിയതോടെ കമ്യൂണിസ്റ്റ് പാർടി പ്രവർത്തകർക്കെതിരെയുള്ള കമ്യൂണിസ്റ്റ് വിരുദ്ധരുടെ ആക്രോശങ്ങൾ അപസ്മാരം ബാധിച്ചവരുടെ നിലയിലെത്തി.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിത്തർക്കങ്ങൾ കൊളോണിയൽ ഭരണം സൃഷ്ടിച്ച ചരിത്രാവശിഷ്ടങ്ങളാണെന്നും തർക്കപ്രശ്നങ്ങൾ രണ്ട് രാജ്യവും ചർച്ചചെയ്ത് പരിഹരിക്കണമെന്നും 1960കളിൽ ഇ എം എസ് അഭിപ്രായപ്പെട്ടു. ഇ എം എസ് രാജ്യദ്രോഹിയാണെന്നും അദ്ദേഹത്തെ ചൈനയിലേക്ക് നാടുകടത്തണമെന്നും കമ്യൂണിസ്റ്റ് വിരുദ്ധർ ആവശ്യപ്പെടുകയുണ്ടായി. ചൈനാ അനുകൂലികളാണെന്ന ആക്ഷേപം ഉന്നയിച്ച് കമ്യൂണിസ്റ്റ് പാർടി നേതാക്കളെ പലതവണ തുറുങ്കിലടയ്ക്കാനും അന്നത്തെ കോൺഗ്രസ് ഭരണം തയ്യാറായി. എന്നാൽ, പിന്നീട് കൂടിയാലോചനകളിലൂടെ അതിർത്തിത്തർക്കത്തിന് പരിഹാരം കാണാൻ ഇന്ത്യ ഗവൺമെന്റും ചൈന ഗവൺമെന്റും നടപടി സ്വീകരിച്ചു. കുറെ വിഷയങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞു.

അവശേഷിക്കുന്ന വിഷയങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി ഇന്ത്യ ഗവൺമെന്റിന്റെയും ചൈന ഗവൺമെന്റിന്റെയും പ്രതിനിധികൾ ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. വിദേശനയകാര്യങ്ങളിൽ കേന്ദ്രസർക്കാർ ചെയ്യുന്നതെല്ലാം ശരിയെന്ന് അംഗീകരിച്ചുകൊടുക്കാൻ കമ്യൂണിസ്റ്റ് പാർടി തയ്യാറല്ല. തെറ്റ് കണ്ടാൽ തീരുത്തണമെന്ന് ആവശ്യപ്പെടും. ആക്ഷേപങ്ങളുടെയോ ഭീഷണികളുടെയോ മുന്നിൽ ചൂളിപ്പോകുന്ന പാരമ്പര്യമല്ല കമ്യൂണിസ്റ്റ് പാർടിക്കുള്ളത്.

ഏതൊരു രാജ്യത്തെയും വിദേശനയം അതതു രാജ്യങ്ങളുടെ ആഭ്യന്തരനയങ്ങളുടെ തുടർച്ചയാണ്. ആഭ്യന്തരരംഗത്തെ സാമ്പത്തിക‐രാഷ്ട്രീയ നയങ്ങളുടെ ലക്ഷ്യംതന്നെയാണ് വിദേശനയത്തിനുമുള്ളത്. ആഭ്യന്തരനയങ്ങളിലെ വ്യതിയാനങ്ങൾ വിദേശനയങ്ങളിലും പ്രതിഫലിക്കും. ഇന്ത്യ പിന്തുടർന്നുവന്ന ചേരിചേരാനയം ഉപേക്ഷിച്ച് അമേരിക്കൻ സാമ്രാജ്യത്വത്തിന് അനുകൂലവും സോഷ്യലിസ്റ്റ് രാജ്യങ്ങൾക്ക് എതിരുമായ വിദേശനയം സ്വീകരിക്കാൻ തുടങ്ങിയത് 1991ൽ ആരംഭിച്ച ഉദാരവൽക്കരണ സാമ്പത്തികനയങ്ങൾക്കൊപ്പമാണ്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകാലത്തിനിടയിൽ മാറിമാറി വന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകളും ബിജെപി നേതൃത്വത്തിലുള്ള സർക്കാരുകളും നവ ഉദാരവൽക്കരണ സാമ്പത്തികനയങ്ങൾ നടപ്പാക്കുന്നതിന്റെ വേഗം വർധിപ്പിച്ചതിനോടൊപ്പം അമേരിക്കയുമായുള്ള തന്ത്രപരമായ സഖ്യവും കൂടുതൽ ഉറപ്പിച്ചു. നവ ഉദാരവൽക്കരണ സാമ്പത്തികനയങ്ങളുടെ അനുബന്ധമാണ് അമേരിക്കൻ സാമ്രാജ്യത്വ അനുകൂലനയങ്ങളും സോഷ്യലിസ്റ്റ് രാജ്യങ്ങളോടുള്ള എതിർപ്പും. നവ ഉദാരവൽക്കരണ സാമ്പത്തികനയങ്ങളെയും വർഗീയനയങ്ങളെയും എതിർക്കുന്നതുപോലെ മോഡി സർക്കാരിന്റെ അമേരിക്കൻ സാമ്രാജ്യത്വ അനുകൂലനയങ്ങളെയും സോഷ്യലിസ്റ്റ് രാജ്യങ്ങളോട് വിരോധപരമായ നിലപാട് സ്വീകരിക്കുന്നതിനെയും ഞങ്ങൾ എതിർക്കുന്നു.

ഒബാമയുടെ 2015ലെ സന്ദർശനകാലത്താണ് ഇന്തോ‐യുഎസ് സംയുക്ത പ്രസ്താവന ഒപ്പുവച്ചത്. ഈ സംയുക്ത പ്രസ്താവനവഴി ഇന്ത്യ‐പസിഫിക് മേഖലയിലെ അമേരിക്കയുടെ ഭൗമ സൈനികതാൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഒരുമിച്ച് നീങ്ങാമെന്ന് മോഡി സർക്കാർ സമ്മതിച്ചു. ചൈനയ്ക്കെതിരെ അമേരിക്കയുടെ നേതൃത്വത്തിൽ ജപ്പാനും ഓസ്ട്രേലിയയും അംഗങ്ങളായ നാൽവർ സഖ്യത്തിലും ഇന്ത്യ ചേർന്നു. അമേരിക്കയുടെ യുദ്ധക്കപ്പലുകൾക്കും യുദ്ധവിമാനങ്ങൾക്കും സൈന്യവിന്യാസപരമായ സേവനങ്ങളും ഉപകരണങ്ങളും താവളങ്ങളും നൽകാമെന്നും ഇന്ത്യ മറ്റൊരു കരാറിൽ സമ്മതിച്ചു. വളരെ അപകടകരമായ ഒരു കരാറാണിത്. ഈ കരാർവഴി ഇന്ത്യയുടെ പരമാധികാരത്തെയാണ് മോഡി ഭരണം അമേരിക്കൻ സാമ്രാജ്യത്വത്തിനുമുന്നിൽ അടിയറവച്ചിരിക്കുന്നത്. വിദേശനയങ്ങളെ കാവിപുതപ്പിക്കാനുള്ള ശ്രമങ്ങളും വേഗത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. മോഡിയുടെ ഇസ്രയേൽ സന്ദർശനവും ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യൻ സന്ദർശനവുംവഴി സ്വതന്ത്ര ഇന്ത്യ പിന്തുടർന്നുവന്ന വിദേശനയസമീപനങ്ങളാകെ തകിടംമറിച്ചിരിക്കുന്നു. മധ്യ ഏഷ്യയിൽ അസ്ഥിരതയും സംഘട്ടനങ്ങളും സൃഷ്ടിക്കാൻ അമേരിക്കയുടെ ഉപകരണമായി പ്രവർത്തിക്കുന്ന രാജ്യമാണ് ഇസ്രയേൽ. ഇസ്രയേൽ നടത്തിയ ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭതന്നെ പലവട്ടം അപലപിച്ചിട്ടുണ്ട്. വെനസ്വേലയിലെ കാരക്കസിൽ നടന്ന ചേരിചേരാ രാഷ്ട്രങ്ങളുടെ സമ്മേളനത്തിൽ നരേന്ദ്ര മോഡി പങ്കെടുത്തില്ല. അമേരിക്കൻ സാമ്രാജ്യത്വതാൽപ്പര്യമനുസരിച്ചാണ് മോഡി കാരക്കസ് സമ്മേളനത്തിൽനിന്ന് വിട്ടുനിന്നത്. തെക്കേ ഏഷ്യയിലെ രാജ്യങ്ങളുമായി ഇന്ത്യ പുലർത്തിവന്ന സൗഹൃദബന്ധങ്ങൾ മോഡി സർക്കാർ തകരാറിലാക്കി. മാധേശിവിഭാഗത്തിന്റെ നേപ്പാൾ ഉപരോധത്തിന് പിന്തുണ നൽകുകവഴി നേപ്പാൾ ജനതയിലെ മഹാഭൂരിപക്ഷവും ഇന്ത്യാവിരുദ്ധ വികാരത്തിലാണ്. രോഹിൻഗ്യൻ അഭയാർഥികളുടെ പ്രശ്നത്തിൽ ഇന്ത്യ ഗവൺമെന്റ് എടുത്തുവരുന്ന നിലപാടുകൾ ബംഗ്ലാദേശുമായുള്ള ബന്ധത്തെയും വഷളാക്കി. ശ്രീലങ്കയും മ്യാൻമറും ഇന്ത്യയും തമ്മിലുള്ള ബന്ധവും സുഖകരമായ സ്ഥിതിയിലല്ല.

ഇന്ത്യ ഗവൺമെന്റിന്റെ സാമ്പത്തിക‐രാഷ്ട്രീയ നയങ്ങൾ എത്രത്തോളം അപകടകരമാണ്, അത്രതന്നെ വിദേശനയവും രാജ്യതാൽപ്പര്യങ്ങൾക്ക് അപകടകരമാണ്. വിദേശനയത്തെ കാവിപുതപ്പിക്കാനും ഇന്ത്യയുടെ പരമാധികാരത്തെ അമേരിക്കൻ സാമ്രാജ്യത്വത്തിന് അടിയറവയ്ക്കാനും നടത്തുന്ന ശ്രമങ്ങളെ കമ്യൂണിസ്റ്റ് പാർടി എന്നും എതിർക്കും. അമേരിക്ക അവരുടെ സാമ്രാജ്യത്വതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ശ്രമിക്കുന്നത്. അതിനുവേണ്ടി രാജ്യങ്ങളെ മാറിമാറി ശത്രുവായും മിത്രമായും പ്രഖ്യാപിക്കുന്നത് അവരുടെ പതിവുരീതിയാണ്.

അമേരിക്കയുടെ സാമ്രാജ്യത്വതാൽപ്പര്യങ്ങൾക്ക് അനുസരിച്ച് സ്വീകരിക്കുന്ന വിദേശനയങ്ങൾക്കൊപ്പം ഇന്ത്യയുടെ വിദേശനയത്തെ പൊരുത്തപ്പെടുത്താൻ നടത്തുന്ന മോഡി ഭരണത്തിന്റെ ശ്രമങ്ങൾ എതിർക്കപ്പെടേണ്ടതാണ്. അമേരിക്കൻ സാമ്രാജ്യത്വതാൽപ്പര്യങ്ങൾക്ക് കീഴ്പെടുന്നതിനുപകരം അയൽരാജ്യങ്ങളും വികസ്വരരാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനാണ് ഇന്ത്യ ശ്രദ്ധിക്കേണ്ടത്. ലോകത്തിലെ രണ്ടാമത്തെ സാമ്പത്തികശക്തിയായി അയൽരാജ്യമായ ചൈന വളർന്നിരിക്കുന്നു. ചൈനയുമായുള്ള സൗഹൃദം ശക്തിപ്പെടുത്തേണ്ടത് ഇന്ത്യയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ പ്രധാനമാണെന്ന് ഞങ്ങൾ കരുതുന്നു.

ശരിയെന്ന് തോന്നുന്നത് വെട്ടിത്തുറന്ന് പറയുന്ന പാരമ്പര്യമാണ് കമ്യൂണിസ്റ്റ് പാർടിക്കുള്ളത്. അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനെതിരെ കേന്ദ്രഭരണവും ബിജെപിയും നടത്തുന്ന കടന്നാക്രമണങ്ങളെ ജനങ്ങളെ അണിനിരത്തി പാർടി ചെറുത്തുതോൽപ്പിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ താൽപ്പര്യങ്ങൾക്കു മുന്നിൽ അടിയറവയ്ക്കാൻ ഇന്ത്യയിലെ ദേശാഭിമാനശക്തികൾ ഒരിക്കലും സമ്മതിക്കില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News