മലയാളികളുടെ സഞ്ചരിക്കുന്ന മനസാക്ഷിയും സാംസ്‌കാരിക ജീവിതത്തിലെ നിറ സാന്നിധ്യമായിരുന്നു സുകുമാര്‍ അഴീക്കോട് ഓര്‍മ്മയായിട്ട് ഇന്ന് 6 വര്‍ഷങ്ങള്‍. സമൂഹത്തെ സൂക്ഷ്മമായി പഠിക്കുന്ന ഒരു വിദഗ്ധന്റെ വാക്കുകളാണ് അദ്ദേഹത്തില്‍ നിന്ന് പലപ്പോഴും കേരളം കേട്ടത്.

വളരെ മെല്ലെ പറഞ്ഞു തുടങ്ങി മധ്യത്തിലെത്തുമ്പോമ്പോഴേക്കും ഉച്ചസ്ഥായിയുടെ ഉയരങ്ങളിലെത്തി കേള്‍വിക്കാരെ കോരിത്തരിപ്പിയ്ക്കുവാനുള്ള അഴീക്കോടിന്റെ ശൈലിക്ക് അന്നും ഇന്നും പകരക്കാരില്ല.

കേരളത്തിന്റെ സാംസ്‌കാരിക നഭസില്‍ പ്രകമ്പനം തീര്‍ക്കുകയായിരുന്നു ആ ശബ്ദം. സ്വതസിദ്ധമായ ഈണത്തില്‍ വിരലുകള്‍ വാക്കിന്റെ താളത്തിനൊത്തു ചലിപ്പിച്ച് അദ്ദേഹം സദസിനെ കൈയടക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ടു പോകുന്ന പ്രസംഗത്തില്‍ ചിലപ്പോള്‍ ആഞ്ഞടിച്ചും, ചിരിപ്പിച്ചും, ചിന്തിപ്പിച്ചും ആശയങ്ങളെ പങ്കുവയ്ക്കുന്ന ആ മാസ്മരികത തന്നെയാണ് അഴീക്കോടന്‍ പ്രഭാഷണങ്ങളെ വേറിട്ടു നിര്‍ത്തിയതും.

മരണക്കിടക്കയില്‍ നിന്നു പോലും ഈ മാസ്മരികത ജനങ്ങളിലേക്കു പകര്‍ന്നിറങ്ങി. സമൂഹത്തെ സൂക്ഷ്മമായി പഠിക്കുന്ന ഒരു വിദഗ്ധന്റെ വാക്കുകളാണ് അഴീക്കോടില്‍നിന്നു പലപ്പോഴും കേരളം കേട്ടത്. അതില്‍ കര്‍ഷകന്‍ മുതല്‍ ചാന്ദ്രയാന്‍ വരെ ഉണ്ടായിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ വിമര്‍ശനം വാര്‍ത്തകളും വിവാദങ്ങളും ആയി.

പൊതു ജീവിതത്തില്‍ അദ്ദേഹം നടത്തിയ ഈ ഇടപെടലുകള്‍ ദന്ത ഗോപുരങ്ങളിലും കോട്ടകൊത്തളങ്ങളിലും വാഴുന്ന മാടമ്പിമാരിയും അലോസരപ്പെടുത്തിയത് .സമുദായ നേതാക്കളും ,അഴിമതിക്കാരും സ്വജന പക്ഷപാതികളായ ഭരണാധികാരികളും ,രാഷ്ട്രീയ ദല്ലാളന്മാരും ,സാമൂഹിക സാംസ്‌കാരിക രംഗത്തെ കാപട്യക്കാരും അദ്ദേഹത്തിന്റെ വാക്കിന്റെ തുഞ്ചാണിയില്‍ കിടന്നു പിടഞ്ഞു .

വാക്കുകള്‍ക്ക് ബുള്ളറ്റിനേക്കാള്‍ ശക്തിയുണ്ടെന്ന് അദ്ദേഹം നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. ശ്രോതാക്കളുടെ ഹൃദയത്തില്‍ പോലും പ്രകമ്പനം ഉണ്ടാക്കിയ ആ സാഗര ഗര്‍ജ്ജനം കടന്നു പോയെങ്കിലും കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സുകുമാര്‍ അഴിക്കോട് ഇട്ടേച്ചുപോയ പ്രസംഗ പീഠം ഇന്നും ഒഴിഞ്ഞു കിടക്കുകയാണ്.