ന്യൂഡല്‍ഹി: സഹജീവികളുടെ ജീവന്‍ രക്ഷിച്ചവരെ രാഷ്ട്രം ആദരിക്കുന്ന ജീവന്‍ രക്ഷാപതക് പുരസ്‌കാരങ്ങള്‍ക്ക് കേരളത്തില്‍നിന്ന് ആറുപേര്‍ അര്‍ഹരായി. അമീന്‍ മുഹമ്മദിനു ഉത്തം ജീവന്‍രക്ഷാ പതക് സമ്മാനിക്കും.

അബിന്‍ചാക്കോ, മാസ്റ്റര്‍ അഭയ്ദാസ്, മാസ്റ്റര്‍ സ്റ്റീഫന്‍ ജോസഫ്, മാസ്റ്റര്‍ കെ എച്ച് ഹരീഷ്, രാജശ്രീ ആര്‍ നായര്‍ എന്നിവര്‍ക്ക് ജീവന്‍രക്ഷാ പതക് ലഭിക്കും.

മെഡലും സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്‌കാരം. സര്‍വോത്തം ജീവന്‍രക്ഷാ പതക്, ഉത്തം ജീവന്‍രക്ഷാ പതക്, ജീവന്‍രക്ഷാ പതക് വിഭാഗങ്ങളിലായി മൊത്തം 44 പേര്‍ക്കാണ് പുരസ്‌കാരം. സര്‍വോത്തം ജീവന്‍രക്ഷാപതക് ലഭിച്ച ഏഴ് പേര്‍ക്ക് മരണാനന്തര ബഹുമതിയാണ്.

മാസ്റ്റര്‍ സുപ്രീത് റാട്ടി, സത്യവീര്‍(ഡല്‍ഹി), ബബ്ലു മാര്‍ട്ടിന്‍, ദീപക് സാഹു, ബസന്ത് വര്‍മ(മധ്യപ്രദേശ്), കെ പുകഴേന്തി(പുതുച്ചേരി), എഫ് ലാല്‍ചന്ദമ്മ(മിസോറാം) എന്നിവര്‍ക്കാണ് മരണാനന്തര ബഹുമതി.