‘പത്മാവത്’ റിലീസ് ഇന്ന്; വ്യാപക അക്രമം അഴിച്ച് വിട്ട് കര്‍ണിസേന

ബോളിവുഡ് ചിത്രം ‘പത്മാവത്’ വ്യാഴാഴ്ച രാജ്യവ്യാപക റിലീസിന് ഒരുങ്ങവെ, തീവ്രഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വ്യാപക അക്രമം.

കര്‍ണി സേന പ്രവര്‍ത്തകര്‍ ഹരിയാനയിലെ ഗുഡ്ഗാവില്‍ സ്‌കൂള്‍ ബസിനുനേരെ കല്ലെറിഞ്ഞു. ജിഡി ഗോയങ്ക വേള്‍ഡ് സ്‌കൂളിന്റെ ബസിനുനേരെയാണ് ആക്രമണം നടന്നത്. ചില്ലുകള്‍ അടിച്ചുപൊട്ടിച്ചു.സീറ്റുകള്‍ക്കിടയില്‍ മറഞ്ഞിരുന്നാണ് കുട്ടികള്‍ കല്ലേറില്‍നിന്ന് രക്ഷപ്പെട്ടത്.

കര്‍ണിസേന പ്രവര്‍ത്തകര്‍ ഹരിയാന, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ തിയറ്ററുകളും വാഹനങ്ങളും ആക്രമിച്ചു. കടകള്‍ ബലമായി അടപ്പിച്ചും വാഹനങ്ങള്‍ തല്ലിത്തകര്‍ത്തും അക്രമികള്‍ അഴിഞ്ഞാടി. നിരവധിപേര്‍ക്ക് പരിക്കേറ്റു. വ്യാപക അക്രമം തുടരുന്നതിനാല്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാകില്ലെന്ന നിലപാടിലാണ് രാജസ്ഥാന്‍, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളിലെ തിയറ്റര്‍ ഉടമകള്‍.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിലെ മള്‍ട്ടിപ്ലക്‌സുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. ചിത്രത്തിന്റെ പ്രദര്‍ശനം വിലക്കാനാകില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ആക്രമണം രൂക്ഷമായത്. എന്തുവില കൊടുത്തും ചിത്രത്തിന്റെ പ്രദര്‍ശനം തടയുമെന്ന് കര്‍ണിസേന ആവര്‍ത്തിച്ചു.

രാജസ്ഥാനില്‍ വ്യാപക അക്രമത്തെ തുടര്‍ന്ന് ഡല്‍ഹിജയ്പുര്‍ പാതയില്‍ ഗതാഗതം മുടങ്ങി. അക്രമികള്‍ ടയറുകള്‍ കത്തിച്ച് ഡല്‍ഹിഅജ്മീര്‍ പാതയിലെ ഗതാഗതം തടഞ്ഞു. കര്‍ണിസേന പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതോടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചിത്തോര്‍കോട്ട അടച്ചു. തിയറ്ററുകള്‍ക്കു മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചു. ഹരിയാനയിലെ ഗുരുഗ്രാമില്‍ അക്രമികള്‍ ഗതാഗതം തടസ്സപ്പെടുത്തി.

സൊഹാനയില്‍ ഒരു ബസ് കത്തിച്ചു. ലഖ്‌നൗവില്‍ പ്രതിഷേധക്കാര്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ എന്തുംചെയ്യുമെന്ന് ഭീഷണി മുഴക്കി. ഇറ്റാവയില്‍ വാഹനങ്ങള്‍ തകര്‍ക്കുകയും കടകള്‍ അടപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ പൊലീസ് ലാത്തിവീശി. ഗുജറാത്തില്‍ അക്രമസംഭവങ്ങളില്‍ 100 പേര്‍ക്കെതിരെ കേസെടുത്തു. അഹമ്മദാബാദില്‍ ചൊവ്വാഴ്ച രാത്രി 30ഓളം ഇരുചക്രവാഹനം കത്തിച്ചവര്‍ക്കെതിരെ പൊലീസ് വെടിവച്ചു. അക്രമികളെ നേരിടാന്‍ ഗുജറാത്തില്‍ ആവശ്യത്തിന് പൊലീസ് രംഗത്തില്ല.

‘പത്മാവത്’ റിലീസ് ചെയ്യാന്‍ രജ്പുത് സംഘടനകള്‍ അനുവദിക്കില്ലെന്ന് കര്‍ണിസേന തലവന്‍ ലോകേന്ദ്രസിങ് കല്‍വി വീണ്ടും ഭീഷണി മുഴക്കി. സഞ്ജയ് ലീലാ ബന്‍സാലി ചിത്രം ‘പത്മാവതി’യുടെ പേര് ‘പത്മാവത്’ എന്ന് തിരുത്തിയതടക്കം സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച എല്ലാ മാറ്റവും വരുത്തിയാണ് റിലീസ് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News