ആകാശത്ത് ഇന്ന് അപൂര്‍വവിസ്മയം; സൂര്യനും ഭൂമിയും ചന്ദ്രനും  നേര്‍രേഖയില്‍

ഇന്ന് ആകാശത്ത് അപൂര്‍വ വിസ്മയം. 152 വര്‍ഷത്തിനുശേഷമാണ് ഈ അത്യപൂര്‍വ വിസ്മയം ഉണ്ടാകുന്നത്. സൂപ്പര്‍മൂണ്‍, ബ്ളൂമൂണ്‍, ബ്ളഡ്മൂണ്‍ എന്നിങ്ങനെ ശാസ്ത്രലോകം വിശേഷിപ്പിക്കുന്നതാണ് ഈ പ്രതിഭാസം.

ചന്ദ്രന്റെ വലുപ്പം ഏഴുശതമാനവും പ്രഭ 30 ശതമാനത്തിലേറെയും വര്‍ധിക്കും. ചന്ദ്രന്റെ നിറം കടും ഓറഞ്ച് നിറത്തിലാകും. വൈകീട്ട് 5.18 മുതല്‍ രാത്രി 8.43 വരെ ചന്ദ്രനെ കാണാമെങ്കിലും കേരളത്തില്‍ അതിനിടയിലുള്ള 71 മിനിറ്റ് മാത്രമാണ് സാധ്യത. കൂടാതെ ഇന്ന് പൂര്‍ണ ചന്ദ്രഗ്രഹണംകൂടിയാണ്.

ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്ന ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന സമയവുമാണിത്. അതിനാലാണ് പതിവില്‍നിന്ന് വ്യത്യസ്തമായി ചന്ദ്രനെ വലുപ്പത്തില്‍ കാണുന്നതുകൊണ്ടാണ് സൂപ്പര്‍മൂണ്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഒരുമാസംതന്നെ രണ്ടു പൂര്‍ണചന്ദ്രന്‍ വരുന്നതിനാലാണ് അതിനെ ബ്ലൂമൂണ്‍ എന്ന് പറയുന്നത്.

ചന്ദ്രഗ്രഹണമായതിനാല്‍ ചുവപ്പുനിറത്തില്‍ കാണപ്പെടുന്നതുകൊണ്ടാണ് ‘ബ്ലഡ് മൂണ്‍’ എന്നുവിശേഷിപ്പിക്കുന്നത്,

ചന്ദ്രഗ്രഹണമുണ്ടാകുന്നത്

സൂര്യപ്രകാശത്തില്‍നിന്നുമുള്ള ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം എന്നുപറയുന്നത്. സൂര്യനും ഭൂമിയും ചന്ദ്രനും നേര്‍രേഖയില്‍ ക്രമീകരിക്കുമ്പോഴാണ് ചന്ദ്രഗ്രഹണ സംഭവിക്കുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭൂമി സൂര്യന്റെയും ചന്ദ്രന്റെയും ഇടയിലാകും. വെളുത്തവാവു ദിവസമാകും ചന്ദ്രഗ്രഹണം സംഭവിക്കുക.

എന്നാല്‍ ഭൂമിയുടെയും ചന്ദ്രന്റെയും ‘എലിപ്ടിക്കല്‍ പ്‌ളെയിനുകള്‍’തമ്മില്‍ ആറു ഡിഗ്രി ചരിവുണ്ട. എലിപ്ടിക്കല്‍ പ്‌ളെയിനുകള്‍ തമ്മില്‍ ക്രമീകരണം നടക്കുന്ന അപൂര്‍വം സന്ദര്‍ഭങ്ങളിലേ ഗ്രഹണം സംഭവിക്കാറുള്ളൂ. ഇവയില്‍ കൂടുതലും ഭാഗിക ഗ്രഹണങ്ങളുമാകും. പൂര്‍ണഗ്രഹണങ്ങള്‍ അത്യപൂര്‍വ പ്രതിഭാസങ്ങളാണ്. അമാവാസിദിവസങ്ങളില്‍ ചന്ദ്രന്‍ ഭൂമിയുടെയും സൂര്യന്റെയും ഇടയിലാകും ഉണ്ടാവുക.

അപ്പോള്‍ ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കുകയും ഭൂമിയിലുള്ളവര്‍ക്ക് സൂര്യഗ്രഹണം സംഭവിക്കുന്നതായി അനുഭവപ്പെടുകയും വേണം. എന്നാല്‍ എല്ലാ അമാവാസിദിനങ്ങളിലും സൂര്യഗ്രഹണം സംഭവിക്കാത്തതിന്റെ കാരണവും മുകളില്‍ പറഞ്ഞതുതന്നെയാണ്. ചന്ദ്രന്റെയും ഭൂമിയുടെയും ഭ്രമണപഥങ്ങള്‍ തമ്മില്‍ ക്രമീകരണം നടക്കുന്ന സ്‌പേസിലുള്ള സാങ്കല്‍പ്പിക സ്ഥാനങ്ങളെയാണ് പണ്ടുള്ളവര്‍ രാഹു, കേതു എന്നു പറഞ്ഞിരുന്നത്.

ബ്‌ളഡ്മൂണ്‍
പൂര്‍ണചന്ദ്രഗ്രഹണസമയത്ത് ചന്ദ്രന്‍ തീര്‍ത്തും അദൃശ്യമാകേണ്ടതാണ്. പക്ഷെ ആ സമയത്ത് ചന്ദ്രനെ മങ്ങിയ ചുമപ്പുനിറത്തില്‍ കാണാം. ഇതിനു കാരണം ഭൂമിയുടെ അന്തരീക്ഷമാണ്. ഭൂമിക്ക് അന്തരീക്ഷം ഇല്ലായിരുന്നെങ്കില്‍ പൂര്‍ണചന്ദ്രഗ്രഹണ വേളയില്‍ ചന്ദ്രബിംബം പൂര്‍ണമായും അദൃശ്യമാകുമായിരുന്നു. എന്നാല്‍ ഭൌമാന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മികള്‍ അപഭ്രംശത്തിലൂടെ വളഞ്ഞ് ചന്ദ്രനില്‍ പതിക്കുന്നു. ഇങ്ങനെ പതിച്ചശേഷം പ്രതിഫലിച്ചുവരുന്ന പ്രകാശത്തിന്റെ ഭൂരിഭാഗവും വിസരണംമൂലം ചിതറിപ്പോകുന്നു.

ചന്ദ്രനില്‍നിന്ന് പ്രതിഫലിച്ചുവരുന്ന ഈ പ്രകാശത്തില്‍ ബാക്കിയാവുക താരതമ്യേന തരംഗദൈര്‍ഘ്യം കൂടുതലുള്ള ഓറഞ്ച്, ചുമപ്പ് വര്‍ണരശ്മികളാകും. ഇത് നമ്മുടെ കണ്ണില്‍ പതിക്കുമ്പോള്‍ നമ്മള്‍ ചന്ദ്രനെ കാണുന്നത് മങ്ങിയ ചുമപ്പുനിറത്തിലാകും. എന്നാല്‍ പൂര്‍ണചന്ദ്രഗ്രഹണസമയത്തേ ഇതു കാണാനാകു. മറ്റു സമയങ്ങളില്‍ ചാന്ദ്രപ്രഭ കാരണം ഈ പ്രതിഭാസം കാണാന്‍കഴിയില്ല.

പ്രതിഫലനത്തിനുശേഷം തിരിച്ചുവരുന്ന ചുവന്നവെളിച്ചത്തിന്റെ നിറവും തീവ്രതയും ഭൌമാന്തരീക്ഷത്തിലെ പൊടിയുടെയും മേഘങ്ങളുടെയും അളവിനെ ആശ്രയിച്ചാണിരിക്കുന്നത്. കൂടുതല്‍ കലങ്ങിയിരിക്കുന്ന അന്തരീക്ഷത്തില്‍ മറ്റ് ആവൃത്തികളിലുള്ള വര്‍ണങ്ങള്‍ കൂടുതല്‍ ചിതറിപ്പോവുകയും ചുമപ്പുരാശി കൂടുതലായി കാണപ്പെടുകയും ചെയ്യും. ഉയര്‍ന്ന അന്തരീക്ഷത്തിലെ പൊടിപടലങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്നത് അഗ്‌നിപര്‍വത സ്‌ഫോടനങ്ങളാണ്. അതിനാല്‍ ഒരു ചന്ദ്രഗ്രഹണത്തിന് തൊട്ടുമുമ്പ് അഗ്‌നിപര്‍വതങ്ങള്‍ പൊട്ടിത്തെറിക്കുകയോ ധൂളി വമിക്കുകയോ ചെയ്താല്‍ ചന്ദ്രബിംബത്തിന്റെ നിറം കൂടുതല്‍ ചുമപ്പായി കാണാം.
ബ്‌ളൂമൂണ്‍
ഒരു കലണ്ടര്‍മാസത്തില്‍തന്നെയുള്ള രണ്ടാമത്തെ പൌര്‍ണമി അഥവാ ഒരു ഋതുവില്‍ സംഭവിക്കുന്ന നാല് പൌര്‍ണമികളില്‍ മൂന്നാമത്തേതിനെ വിളിക്കുന്ന പേരാണ് ബ്‌ളൂമൂണ്‍. അപൂര്‍വമായി സംഭവിക്കുന്നത് എന്ന അര്‍ഥത്തിലാണ് ഈ പ്രയോഗം ഉണ്ടായത്. അല്ലാതെ ചന്ദ്രന്റെ നിറവുമായി ഇതിന് ബന്ധമൊന്നുമില്ല. സാധാരണയായി വര്‍ഷത്തില്‍ 12 തവണ പൂര്‍ണചന്ദ്രന്‍ ദൃശ്യമാകാറുണ്ട്.

അതേസമയം രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ 13 പൌര്‍ണമി ഉണ്ടാകാറുണ്ട്. വര്‍ഷത്തില്‍ നാല് ഋതുക്കളാണുള്ളത്. ഒരു ഋതുവില്‍ മൂന്ന് പൌര്‍ണമിയും. എന്നാല്‍ 13 പൌര്‍ണമികള്‍ ഉണ്ടാകുന്ന വര്‍ഷം ഏതെങ്കിലും ഒരു ഋതുവില്‍ നാല് പൌര്‍ണമികള്‍ ഉണ്ടാകും. അപ്പോള്‍ ആ ഋതുവിലെ മൂന്നാം പൌര്‍ണമിയായാകും ബ്‌ളൂമൂണ്‍.

സൂപ്പര്‍മൂണ്‍

പൂര്‍ണചന്ദ്രന്‍ ഭൂമിയുമായി വളരെ അടുത്തുവരുന്ന പ്രതിഭാസത്തെയാണ് സൂപ്പര്‍മൂണ്‍ എന്നുവിളിക്കുന്നത്. ഓരോ മാസവും ഭൂമിക്കും ചന്ദ്രനും ഇടയിലുള്ള ദൂരം 3,54,000 കിലോമീറ്റര്‍മുതല്‍ 4,10,000 കിലോമീറ്റര്‍വരെ വ്യത്യാസപ്പെടുന്നുണ്ട്. ചന്ദ്രന്‍ കൂടുതല്‍ അടുത്തുവരുന്ന സന്ദര്‍ഭങ്ങളില്‍ വേലിയേറ്റം, കടല്‍ക്ഷോഭം, എന്നിവ ശക്തമാവുകയും ഭൂകമ്പം, അഗ്‌നിപര്‍വത സ്‌ഫോടനങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യും.

സൂപ്പര്‍മൂണ്‍ സമയത്ത് പൌര്‍ണമികൂടി ഒത്തുവന്നാല്‍ ചന്ദ്രബിംബത്തിന്റെ വലുപ്പം 14 ശതമാനംവരെ കൂടുതലാകുന്നത് ദൃശ്യമാകും. ഇത് അപൂര്‍വമായാണ് സംഭവിക്കുന്നത്. 2018 ജനുവരി 31നുശേഷം ഇനി സൂപ്പര്‍മൂണ്‍ ദൃശ്യമാവുക 2023 ജനുവരി 21നും, 2034 നവംബര്‍ 25നും, 2036 ജനുവരി 13നും ആകും.
തിരശ്ചീന ഗ്രഹണം

സൂര്യോദയത്തിന് തൊട്ടുശേഷമോ അസ്തമയത്തിന് തൊട്ടുമുമ്പോ ചന്ദ്രഗ്രഹണം ഉണ്ടാകുമ്പോള്‍ ഒരുസ്ഥലത്ത് നിന്നുകൊണ്ടുതന്നെ സൂര്യനെയും ചന്ദ്രനെയും കാണാന്‍കഴിഞ്ഞെന്നുവരാം. തുറന്ന കടലിലോ, വിമാനത്തില്‍ സഞ്ചരിക്കുമ്പോഴോ, കിഴക്കും പടിഞ്ഞാറും ചക്രവാളങ്ങള്‍ നേരിട്ടുകാണാവുന്ന സ്ഥലങ്ങളിലോ ആണ് ഇത്തരം ദൃശ്യാനുഭവം ഉണ്ടാവുക. തിരശ്ചീനഗ്രഹണം എന്നാണ് ഇത് അറിയപ്പെടുന്നത്. ഭൂമിയുടെ നിഴല്‍ ചന്ദ്രന്റെ ആപേക്ഷിക വലുപ്പത്തിലും കൂടുതലുള്ളതുകൊണ്ടാണ് തിരശ്ചീനഗ്രഹണങ്ങള്‍ സംഭവിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here