അതിരുകടക്കുന്ന അന്ധവിശ്വാസങ്ങള്‍; ചന്ദ്രഗ്രഹണത്തിലെ ശാസ്ത്രസത്യം

ശാസ്ത്രം ഏറെ പുരോഗമിച്ച പുതിയ കാലത്തും അന്ധവിശ്വാസങ്ങള്‍ക്ക് നന്നായി വേരോട്ടമുള്ള ഒരു സമൂഹം തന്നെയാണിപ്പോഴും നമ്മുടെത്. ശാസ്ത്രം അനുദിനം വളരുകയും വിജയിക്കുകയും ചെയ്ത് കൊണ്ടിരിക്കുമ്പോഴും മനുഷ്യന്‍ തോറ്റു കൊണ്ടിരിക്കുകയാണ്. എന്തിനെക്കുറിച്ചൊക്കെയോ ഉള്ള ഭയം അവനെ കീഴ്‌പ്പെടുത്തി കൊണ്ടിരിക്കുകയാണ്.

ആ ഭയത്തെ തോല്‍പ്പിക്കാനാണ് അവന്‍ വിശ്വാസത്തെ കൂട്ടുപിടിക്കുന്നത്. വിദ്യാഭ്യാസപരമായി എറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന സമൂഹം പോലും അറിവുകള്‍ക്കുമപ്പുറം അന്ധമായി ഇത്തരം വിശ്വാസങ്ങളില്‍ കുടുങ്ങി പോവുന്നതും ഇതുകൊണ്ട് തന്നെ. ഈ കൂട്ടത്തില്‍ ചേര്‍ത്ത് വായിക്കാവുന്നതാണ് ഇന്ന് സംഭവിക്കാന്‍ പോകുന്ന പ്രതിഭാസം.

സൂര്യനും ചന്ദ്രനും ഇടയിലായി ഭൂമി വരുമ്പോള്‍ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിച്ചാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഈ സമയത്തു സൂര്യനും ഭൂമിയും ചന്ദ്രനും നേര്‍രേഖയില്‍ വരുന്നു. കേരളത്തില്‍ ഗ്രഹണ ദൈര്‍ഘ്യം 3മണിക്കൂര്‍ 14 മിനിറ്റാണ്. എന്നാല്‍ ചാന്ദ്രപ്രതിഭാസത്തെക്കുറിച്ച് നിരവധി അന്ധവിശ്വാസ കഥകളാണ് ഈ സമയം പുറത്ത് വരുന്നത്. രാഹു കേതുക്കളാല്‍ ചന്ദ്രന്‍ ഗ്രസിക്കപ്പെട്ടാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നതെന്നാണ് പുരാണത്തില്‍ പറയുന്നത്.

മനുഷ്യര്‍ ഗ്രഹണ സമയം ചെയുന്ന പ്രവര്‍ത്തികള്‍ അപകടം വരുത്തി വെയ്ക്കുമെന്നും ഗ്രഹണത്തിന് മുന്‍പായി ആഹാരം കഴിക്കണമെന്നും പ്രചരിക്കുന്നുണ്ട്. ചന്ദ്രഗ്രഹണം കഴിയുന്നതുവരെ ക്ഷേത്രങ്ങള്‍ തുറക്കാന്‍ പാടില്ലെന്നും ഐതിഹ്യം.

കൂടാതെ ചന്ദ്രഗ്രഹണത്തിന് കുട്ടികളുമായി ചില ബന്ധങ്ങളുണ്ടെന്നും പറയുന്നു. പൊതുവെ ഫുള്‍മൂണ്‍ ദിവസങ്ങളില്‍ കുട്ടികളുടെ ഉറക്കം കുറയുകയും കുട്ടികള്‍ കൂടുതല്‍ ഹൈപ്പര്‍ ആക്റ്റീവ് ആകുകയും ചെയ്യുന്നു. ഈ ഗ്രഹണം കഠിനമാണെന്നും ശാസ്ത്ര ലോകവും ഇതിനെ ഭയക്കണമെന്നും തുടങ്ങി നിരവധി അന്ധവിശ്വാസങ്ങളാണ് നിലനില്‍ക്കുന്നത്.

എന്നാല്‍, ചന്ദ്രഗ്രഹണം വീക്ഷിക്കുന്നത് തീര്‍ത്തും സുരക്ഷിതമാണ്. മാത്രമല്ല, മറ്റ് ഉപകരണങ്ങളുടെയൊന്നും സഹായമില്ലാതെ തന്നെ ചന്ദ്രഗ്രഹണം നമുക്ക് കാണാന്‍ കഴിയും. മറവില്ലാതെ കിഴക്കോട്ട് ദര്‍ശനം കിട്ടുന്ന സ്ഥലം കണ്ടെത്തി അപൂര്‍വ്വമായ ഈ ആകാശ വിരുന്നിനെ വരവേല്‍ക്കാം.

സ്‌കൂളുകള്‍, കോളേജുകള്‍, റസിഡന്‍സ് അസോസ്സിയേഷനുകള്‍ തുടങ്ങിയവര്‍ക്ക് ഗ്രഹണോത്സവം തന്നെ സംഘടിപ്പിക്കാം. ശാസ്ത്രാഭിമുഖ്യവും ശാസ്ത്രചിന്തയും വളര്‍ത്തുന്നതിനുള്ള ഒരു അവസരമായി ജനുവരി 31നെ പ്രയോജനപ്പെടുത്താം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News