കൗമാരലോകകപ്പ് കൈപ്പിടിയിലാക്കാന്‍ ഇന്ത്യന്‍ കുട്ടിപട്ടാളം; വിജയലക്ഷ്യം 217

അണ്ടര്‍19 ലോകകപ്പിന്റെ കലാശക്കളി പുരോഗമിക്കുന്നു. ടോസ് നേടിയ ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 47.2 ഓവറില്‍ 216 റണ്‍സിന് പുറത്തായി. ലോകകപ്പില്‍ മുത്തമിടാന്‍ 217 റണ്‍സിന്‍റെ വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 23 റണ്‍സ് നേടിയിട്ടുണ്ട്.

മധ്യനിരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ജൊനാഥന്‍ മെര്‍ലൊയാണ് കംഗാരുപ്പടയ്ക്ക് ആശ്വാസമായത്. മെര്‍ലൊ 76 റണ്‍സ് നേടിയ ശേഷമാണ് പുറത്തായത്.

കൗമാര ക്രിക്കറ്റില്‍ നാലാം ലോകകിരീടം ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയയും ഇന്ത്യയും കളത്തിലിറങ്ങുന്നത്.

രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍ അത്ഭുതപ്രകടനമാണ് ഇന്ത്യന്‍ കുട്ടിപ്പട്ടാളം പുറത്തെടുത്തത്. ആറാം തവണയാണ് ഇന്ത്യ അണ്ടര്‍19 ലോകകപ്പിന്റെ ഫൈനലിനിറങ്ങുന്നത്.

കലാശക്കളിയില്‍ ഇന്ത്യന്‍ സംഘത്തിനാണ് ആത്മവിശ്വാസം കൂടുതല്‍. ഗ്രൂപ് റൗണ്ടില്‍ കംഗാരുപ്പടയെ നിലംപരിശാക്കാന്‍ ദ്രാവിഡിന്റെ കുട്ടികള്‍ക്ക് സാധിച്ചിരുന്നു.

എല്ലാ മത്സരങ്ങളിലും ആധികാരിക ജയത്തോടെയാണ് പൃഥ്വി ഷായുടെ സംഘത്തിന്റെ കുതിപ്പ്. അഞ്ച് മത്സരങ്ങളില്‍നിന്ന് 341 റണ്‍സെടുത്ത ശുഭ്മാന്‍ ഗിലും 232 റണ്‍സെടുത്ത നായകനും ഗംഭീര ഫോമിലാണ്.

അനുകൂല്‍ റോയി, നാഗര്‍കോട്ടി, ശിവം മാവി എന്നിവരടങ്ങുന്ന ഇന്ത്യന്‍ ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റും കരുത്തുറ്റതാണ്. സെമിഫൈനലില്‍ പാക്കിസ്ഥാനെ നിലംപരിശാക്കിയതിന്റെ ആത്മവിശ്വാസവും ഇന്ത്യന്‍ സംഘത്തിന് കരുത്താകും.

മറുവശത്ത് ഓസ്‌ട്രേലിയയും മികച്ച ഫോമിലാണ്. ടൂര്‍ണമന്റെില്‍ ഇന്ത്യയോട് മാത്രമാണ് കംഗാരുപ്പട തോല്‍വി അറിഞ്ഞത്. മറ്റുള്ള എതിരാളികളെയെല്ലാം തകര്‍ത്ത് തരിപ്പണമാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.

ജേസണ്‍ സങ്ക, മക്‌സ്വീനി, എഡ്‌വേര്‍ഡര്‍ഡ്‌സ് എന്നിവര്‍ ബാറ്റുകൊണ്ടും ലോയ്ഡ് പോപ്, ജേസണ്‍ റാല്‍സ്റ്റണ്‍ എന്നിവര്‍ ബോളുകൊണ്ടും അത്ഭുതം കാട്ടാന്‍ ശേഷിയുള്ളവരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here