കേരളത്തെയും ഇരുണ്ടയുഗത്തിലാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് തനിക്കെതിരായ ആക്രമണമെന്ന് കുരീപ്പു‍ഴ; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി; 7 ആര്‍എസ്എസുകാര്‍ അ‍റസ്റ്റില്‍; #കുരീപ്പു‍ഴയ്ക്കൊപ്പം കേരളം

കവി കുരീപ്പുഴ ശ്രീകുമാറിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ 7 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കേരളം ഇരുണ്ട യുഗത്തിലേക്ക് തിരിച്ച് പോകുന്നതിന്‍റെ സൂചനയാണ് തനിക്ക് നേരെയുണ്ടായ കയ്യേറ്റമെന്ന് കുരീപ്പുഴ കൈരളി പീപ്പിൾ ടിവിയോടു പറഞ്ഞു.

അക്രമങ്ങളെ അമര്‍ച്ച ചെയ്ത് അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി നിയമഭസഭയില്‍ വ്യക്തമാക്കി. അതേ സമയം കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം മത വിദ്ധ്വാഷം പടർത്തിയെന്നു കാട്ടി ബിജെപി പോലീസിൽ പരാതി നൽകി.

ബിജെപിയുടെ ഇട്ടിവ ഗ്രാമപഞ്ചായത്തംഗം ദീപു, ആര്‍എസ് എസ് പ്രവര്‍ത്തകരായ മനു, ശ്യാം, കിരൺ, വിഷ്ണു, സുജിത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംഘം ചേരല്‍, ലഹള ഉണ്ടാക്കല്‍, തടഞ്ഞ് നിര്‍ത്തി വധ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ സാസ്കാരിക പരിപാടിയില്‍ പ്രസംഗിച്ച ശേഷം പുറത്തേക്കിറങ്ങിയ കുരീപ്പുഴയെ ഇവര്‍ കൈയ്യേറ്റം ചെയ്തെന്ന് പൊലീസ് വ്യക്തമാക്കി. വടയമ്പാടി സമരവും ദളിത് വിഷയവും കുരീപ്പുഴ പ്രസംഗിക്കവെ പ്രതിപാദിച്ചിരുന്നു..ഇതാണ് പ്രകോപനത്തിന് കാരണം.

ഒരു കവിക്കെതിരെ കേരളത്തിൽ ബിജെപി പ്രക്ഷേഭസമരം ചെയ്യാൻ പോകുന്നെങ്കിൽ കേരളം അതും കാണട്ടെയെന്ന് കുരീപുഴ ശ്രീകുമാർ പറഞ്ഞു. അതേസമയം കുരീപ്പുഴയ്ക്കെതിരെ നടന്ന കയ്യേറ്റത്തില്‍ പ്രതിഷേധം ശക്തമാണ്.

എന്നാല്‍ സംഭവത്തില്‍ ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് കുമ്മനം രാജശേഖരനും കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം മത സ്പർദ്ധ പടർത്തിയെന്നും കാട്ടി ബിജെപി പോലീസിന് പരാതി നൽകി. അതേസമയം പീപ്പിൾ ടിവിയുടെ കുരീപ്പുഴയ്ക്കൊപ്പമെന്ന ഹാഷ്ടാഗിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരെല്ലാം ആര്‍ എസ് എസിന്‍റെ നീചപ്രവൃത്തിക്കെതിരെ രൂക്ഷപ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ

കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ RSS – BJP സംഘം നടത്തിയ ആക്രമണം അപലപനീയമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിൻമേലുള്ള ആക്രമണങ്ങളെ അതിശക്തമായി സംസ്ഥാന സർക്കാർ അമർച്ച ചെയ്യും. സംഭവങ്ങൾ ആവർത്തിക്കാൻ ആരു ശ്രമിച്ചാലും കർശനമായി നേരിടും. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്തംഗം ഉൾപ്പെടെ ഉള്ള 6 BJP – RSS പ്രവർത്തകരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യത്തിനു നേര്‍ക്ക് വര്‍ദ്ധിച്ച തോതിലുള്ള ആക്രമണങ്ങളാണ് കുറേക്കാലമായി ഉണ്ടായിക്കൊണ്ടിരിക്കു ന്നത്. വിയോജനാഭിപ്രായങ്ങളെ ഞെരിച്ചുകൊല്ലുന്ന വിധത്തില്‍ ദേശവ്യാപകമായിത്തന്നെ ആക്രമണങ്ങള്‍ നടക്കുകയാണ്.

നരേന്ദ്ര ധബോല്‍ക്കര്‍ക്കും ഗോവിന്ദ് ബന്‍സാരക്കും എം.എം. കല്‍ബുര്‍ഗ്ഗിക്കും ഗൗരി ലങ്കേഷിനുമൊക്കെ ജീവന്‍ തന്നെ നഷ്ടപ്പെട്ടത് ഈ വിധത്തിലുള്ള വര്‍ഗ്ഗീയതയുടെ അസഹിഷ്ണുത നിറഞ്ഞ ആക്രമണത്തിന്റെ ഫലമായിട്ടാണ്. കേരളത്തില്‍ എം.ടി.ക്കും കമലിനും എം.എം.ബഷീറിനും ഒക്കെ നേര്‍ക്ക് ഭീഷണികളുണ്ടായി. ഇത് അനുവദിക്കുന്ന പ്രശ്‌നമില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന് സര്‍വ്വ സംരക്ഷണവും നല്‍കും എന്ന കാര്യത്തില്‍ ആരും സംശയിക്കേണ്ടതില്ല.

അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം രാജ്യവ്യാപകമായി നടക്കുമ്പോഴും പച്ചത്തുരുത്തായി കേരളം നിലനില്‍ക്കുന്നുണ്ട്. അത് ഇവിടുത്തെ പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ശക്തികൊണ്ടാണ്.
ആ ശക്തിയുടെ തണലില്‍ തന്നെ അഭിപ്രായസ്വാതന്ത്ര്യ സംരക്ഷണത്തിനായി സര്‍ക്കാര്‍ മുന്നോട്ടു പോകും. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും മാനിക്കുന്ന പ്രബുദ്ധമായ കേരള ജനത സര്‍ക്കാരിനൊപ്പം തന്നെ നില്‍ക്കുമെന്ന കാര്യത്തില്‍ ഉറപ്പുണ്ട്.
 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News