കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിന് അണിഞ്ഞൊരുങ്ങി കോ‍ഴിക്കോട്

മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിന് വ്യാഴാഴ്ച കോഴിക്കോട്ട് തുടക്കമാവും. 185 സെഷനുകളില്‍, വിവിധ മേഖലകളിലെ 500 ല്‍ പരം പ്രമുഖര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുമെന്ന് കവി സച്ചിതാനന്ദന്‍ അറിയിച്ചു. 4 ദിവസങ്ങളിലായി നടക്കുന്ന സാഹിത്യോത്സവം എം ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.

വിയോജിപ്പുകള്‍ ഇല്ലെങ്കില്‍ ജനാധിപത്യവുമില്ല എന്ന മുദ്രാവാക്യവുമായാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റ് മൂന്നാമത് എഡിഷന്‍ കോഴിക്കോട്ട് ആരംഭിക്കുന്നത്. കടപ്പുറത്തെ 5 വേദികളില്‍ ദിവസവും രാവിലെ ഒമ്പതര മുതല്‍ രാത്രി 9 വരെ തുടര്‍ച്ചയായി പ്രമുഖര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളും സംവാദങ്ങളും നടക്കും.

സാഹിത്യം, കല, ശാസ്ത്രം, മതം, സ്ത്രീ, മാധ്യമം, രാഷ്ട്രീയം തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി 185 സെഷനുകളാണ് ഇത്തവ സംഘടിപ്പിച്ചിട്ടുളളതെന്ന് ഫെസ്റ്റിവെല്‍ ഡയറക്ടര്‍ കൂടിയായ കവി സച്ചിതാനന്ദന്‍ പറഞ്ഞു.

വ്യാഴാഴ്ച വൈകീട്ട് എം ടി വാസുദേവന്‍ നായര്‍ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കടകംപളളി സുരേന്ദ്രന്‍, കടന്നപ്പളളി രാമചന്ദ്രന്‍, റൊമീല ഥാപ്പര്‍, അരുന്ധതി റോയ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

ആവിഷ്്ക്കാര സ്വാതന്ത്ര്യത്തിന് വെടിയേല്‍ക്കുമ്പോള്‍ എന്ന വിഷയത്തില്‍ കെ എസ് ഭഗവാനും കെ ആര്‍ മീരയും തമ്മിലുളള മുഖാമുഖം, കവി സച്ചിതാനന്ദനും ബാലചന്ദ്രന്‍ ചുളളിക്കാടും തമ്മിലുളള മുഖാമുഖം, പ്രശസ്ത ചരിത്രകാരി റൊമീല ഥാപ്പറിന്റെ പ്രഭാഷണം അരുന്ധതി റോയിയുമായുളള സംവാദം എന്നിവ ആദ്യദിനത്തിലെ പ്രധാന സെഷനുകളാണ്.

4 ദിവസങ്ങളിലായി വെളളിത്തിര എന്ന വേദിയില്‍ 17 ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. വിവധ കലാപരിപാടികള്‍, ഭക്ഷ്യ മേള എന്നിവയും സാഹിത്യോത്സവത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ടെന്ന് കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News