റാഫേല്‍:ഇടപാടിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: വിവാദമായ റാഫേല്‍ യുദ്ധവിമാന ഇടപാടിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയും ഫ്രാന്‍സും തമ്മിലുണ്ടാക്കിയ കരാറില്‍ വിവരം രഹസ്യമായി സൂക്ഷിക്കണമെന്ന് വ്യവസ്ഥയുണ്ടെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ രാജ്യസഭയെ അറിയിച്ചു. സമാജ്വാദി പാര്‍ടി അംഗം നരേഷ് അഗര്‍വാളിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

ഫ്രാന്‍സില്‍നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ 2016 സെപ്തംബറിലാണ് കരാര്‍ ഒപ്പിട്ടത്. പ്രാഥമികധാരണയില്‍നിന്ന് അന്തിമകരാറായപ്പോള്‍ വിമാനവില മൂന്നിരട്ടിയായി. മന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി അനുമതി നല്‍കുന്നതിനുമുമ്പ് കരാറിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്രാന്‍സില്‍ പ്രഖ്യാപനവും നടത്തി.

നിലവിലെ കരാറില്‍ രാജ്യത്തെ പൊതുമേഖല, സ്വകാര്യകമ്പനികള്‍ക്ക് പങ്കാളിത്തമില്ലെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനിക്ക് റാഫേല്‍ ഇടപാടില്‍ പങ്കാളിത്തം നല്‍കിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സ്വകാര്യകമ്പനികളെ കരാറിന്റെ ഭാഗമാക്കിയിട്ടില്ലെന്ന് മന്ത്രി പറയുമ്പോഴും വിശദാംശങ്ങള്‍ മറച്ചുവയ്ക്കുന്നത് സംശയകരമാണ്.

യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ ധാരണാപത്രത്തില്‍ ഫ്രാന്‍സില്‍നിന്നുള്ള സാങ്കേതികവിദ്യ കൈമാറ്റത്തോടെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡില്‍(എച്ച്എഎല്‍) വിമാനം നിര്‍മിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ബിജെപി അധികാരത്തില്‍ വന്നശേഷം എച്ച്എഎല്ലിനെ ഒഴിവാക്കി. ആദ്യ ധാരണപ്രകാരം ഒരു വിമാനത്തിന്റെ വില 8.095 കോടി ഡോളറായിരുന്നു (526.1 കോടി രൂപ).

മോഡിസര്‍ക്കാര്‍ ഒരു വിമാനത്തിന് നല്‍കുന്നത് 24.17 കോടി ഡോളറാണ് (1570.8 കോടി രൂപ). 126 വിമാനം 54,000 കോടി രൂപയ്ക്ക് ലഭ്യമാക്കാന്‍ ഫ്രഞ്ച് കമ്പനി ദാസ്സൂദ് അന്ന് തയ്യാറായിരുന്നു. മോഡി സര്‍ക്കാര്‍ എത്തിച്ചേര്‍ന്ന കരാര്‍പ്രകാരം 59,000 കോടി രൂപയ്ക്ക് 36 വിമാനം മാത്രമാണ് ലഭിക്കുക.

ഇക്കാര്യത്തിലും സര്‍ക്കാര്‍നിലപാട് ദുരൂഹമാണ്. 126 വിമാനം വാങ്ങുന്നതിന്റെ സാമ്പത്തികഭാരം കണക്കിലെടുത്താണ് കരാര്‍ 36 വിമാനത്തിന്റേതായി വെട്ടിക്കുറച്ചതെന്ന് സര്‍ക്കാര്‍ നേരത്തെ വിശദീകരിച്ചിരുന്നു. 126 വിമാനത്തിന്റെ വിലയേക്കാള്‍ കൂടുതലാണ് 36 എണ്ണത്തിന് നല്‍കുന്നത് എന്നതാണ് വിചിത്രം.

18 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിര്‍മിച്ചുനല്‍കാനും ശേഷിക്കുന്ന 108 എണ്ണം സാങ്കേതികവിദ്യാ കൈമാറ്റത്തോടെ ഇന്ത്യയില്‍ നിര്‍മിക്കാനുമായിരുന്നു പ്രാഥമിക ധാരണ. രാജ്യത്തിന്റെ ഭാവി ആവശ്യങ്ങള്‍ക്കായി റാഫേല്‍ വിമാനങ്ങളുടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താമെന്ന കാഴ്ചപ്പാടാണ് വ്യോമസേനയ്ക്ക് ഉണ്ടായിരുന്നത്. 36 വിമാനം മാത്രം വാങ്ങുന്നതിനാല്‍ സാങ്കേതികവിദ്യാ കൈമാറ്റം എന്നതിന് വാണിജ്യപരമായ സാധുതയില്ലെന്നാണ് പ്രതിരോധമന്ത്രിയുടെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel