നടി ആക്രമിക്കപ്പെട്ട കേസ്; വനിതാ ജഡ്ജി വേണമെന്ന് പൊലീസ്; കാശുളളവന്‍ രക്ഷപ്പെടുമെന്ന് പള്‍സര്‍ സുനി; ദിലീപിന്‍റെ ആവശ്യം കോടതി തള്ളി

നടി ആക്രമിക്കപ്പെട്ട കേസില്‍ സുപ്രധാന തെളിവായ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി അങ്കമാലി കോടതി തളളി.വിചാരണ നടപടികള്‍ക്കായി കേസ് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് കൈമാറി. കേസില്‍ വിചാരണ വേഗത്തിലാക്കണമെന്നും വനിതാ ജഡ്ജിയെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് പൊലീസ് ഹൈക്കോടതിയെ സമീപിക്കും.

തനിക്കെതിരെ സുപ്രധാന തെളിവായി പ്രോസിക്യൂഷന്‍ നിരത്തുന്ന ദൃശ്യങ്ങള്‍ ലഭിക്കാന്‍ പ്രതിയെന്ന നിലയില്‍ അവകാശമുണ്ടെന്ന ദിലീപിന്‍റെ വാദം തളളിയാണ് അങ്കമാലി കോടതിയുടെ ഉത്തരവ്. ദൃശ്യങ്ങള്‍ നല്‍കിയാല്‍ നടിയുടെ സുരക്ഷയ്ക്കും സ്വകാര്യ ജീവിതത്തിനും ഭീഷണിയാകുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

ഒരു കാരണവശാലും ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്ന പ്രോസിക്യൂഷന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന് കേസിലെ വിചാരണ എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റിക്കൊണ്ട് അങ്കമാലി കോടതി ഉത്തരവിട്ടു.

കേസില്‍ വിചാരണ വേഗത്തിലാക്കണമെന്നും വനിതാ ജഡ്ജിയെ തന്നെ വിചാരണയ്ക്കായി പരിഗണിക്കണമെന്നുമാണ് പ്രോസിക്യൂഷന്‍റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കും.

പ്രമുഖ നടിമാര്‍ സാക്ഷികളായ കേസായതിനാലും ഇരയടക്കമുളളവര്‍ക്ക് എല്ലാ കാര്യങ്ങളും മടി കൂടാതെ തുറന്നു പറയാനും വനിതാ ജഡ്ജി വേണമെന്ന ആവശ്യമാണ് പൊലീസ് ഉന്നയിക്കുന്നത്. ഇത് കേസിന്‍റെ രഹസ്യവിചാരണയിടലക്കം ഗുണകരമാകുമെന്നും പ്രോസിക്യൂഷന്‍ കണക്കുകൂട്ടുന്നു.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയടക്കം ഏ‍ഴ് പ്രതികളും അങ്കമാലി കോടതിയില്‍ ഹാജരായിരുന്നു. കാശുളളവന്‍ രക്ഷപ്പെടുമെന്നും തന്നേപ്പോലുളളവര്‍ ജയിലില്‍ തന്നെയായിരിക്കുമെന്നും കോടതിയില്‍ നിന്നിറങ്ങിയ ശേഷം പള്‍സര്‍ സുനി മാധ്യമങ്ങളോട് പറഞ്ഞു. ദിലീപ് കോടതിയില്‍ ഹാജരാകാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു സുനിയുടെ പ്രതികരണം.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നേരത്തേ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ ദിലീപിന്‍റെ അഭിഭാഷകന്‍ പരിശോധിച്ചിരുന്നു. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും മറ്റൊരു സ്ത്രീയുടെ ശബ്ദമുണ്ടെന്നും സൂക്ഷ്മപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് പിന്നീട് ദൃശ്യങ്ങള്‍ക്കായി സമീപിച്ചത്. കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം മറ്റ് ചില രേഖകള്‍ ദിലീപിന് കൈമാറിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here