മികച്ച കര്‍ഷകരെ കണ്ടെത്തി കൈരളി ടിവി; മികച്ച കര്‍ഷകനായി അഭയം കൃഷ്ണന്‍, മികച്ച കര്‍ഷക: സ്വപ്ന ജെയിംസ്; മികച്ച പരീക്ഷണാത്മക കര്‍ഷകനായി എന്‍എം ഷാജി, ചെയര്‍മാന്റെ പ്രത്യേക പുരസ്‌കാരം അശ്വതി അനിലിന്

കൊച്ചി: കാര്‍ഷിക മേഖലയിലെ മികച്ച കര്‍ഷകര്‍ക്കായി കൈരളി ടിവി നല്‍കുന്ന കതിര്‍ അവാര്‍ഡ് 2018 വിതരണം ചെയ്തു.

കൊച്ചി രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസില്‍ നടന്ന ചടങ്ങില്‍ മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ മമ്മുട്ടിയാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് അധ്യക്ഷത വഹിച്ചു.

മികച്ച കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട അഭയം കൃഷ്ണന് മമ്മൂട്ടി അവാര്‍ഡ് സമ്മാനിച്ചു. കീര്‍ത്തിപത്രം കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസും ക്യാഷ് അവാര്‍ഡ് നടന്‍ സലീം കുമാറും സമ്മാനിച്ചു.

പട്ടാമ്പിയിലെ കൊപ്പത്ത് അഭയം എന്ന അനാഥാലയത്തിലെ അന്തേവാസികള്‍ക്ക് ആവശ്യമുളള ഭക്ഷ്യവസ്തുക്കള്‍ സ്വന്തമായി ഉത്പാദിപ്പിക്കുകയും ജൈവകൃഷിയിലൂടെ അനാഥാലായത്തിന്റെ പ്രവര്‍ത്തനത്തിനായുളള പണം മുഴുവന്‍ കണ്ടെത്തുകയും ചെയ്യുന്നതാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹമാക്കിയത്.

സ്വപ്ന ജെയിംസ് മികച്ച കര്‍ഷകയായി തെരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് ശ്രീകൃഷ്ണപുരത്തെ പതിനേഴ് ഏക്കര്‍ പരന്നുകിടക്കുന്ന കൃഷിയിടം കാര്‍ഷിക കേരളത്തിന്റെ പരിച്ഛേദമാക്കിയ കര്‍ഷകയാണ് സ്വപ്ന ജയിംസ്.


മാനന്തവാടി സ്വദേശി ഷാജി എന്‍ എം ആണ് മികച്ച പരീക്ഷണാത്മക കര്‍ഷകന്‍. ഭക്ഷ്യയോഗ്യമായ 102 ഇനം കിഴങ്ങുവര്‍ഗങ്ങള്‍ കണ്ടെത്തി സംരക്ഷിക്കുകയും അടുക്കള മത്സ്യകൃഷിയുള്‍പ്പടെ പരീക്ഷണാത്മക പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നതാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹമാക്കിയത്.


പയ്യന്നൂര്‍ മാതമംഗലം സ്വദേശിനിയും ക്ഷീര കര്‍ഷകയുമായ അശ്വതി അനില്‍ ചെയര്‍മാന്റെ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹയായി.

ചലച്ചിത്ര താരങ്ങളായ സലിം കുമാര്‍, കൃഷ്ണ പ്രസാദ് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. അഞ്ഞുറിലേറെ കര്‍ഷകരില്‍ നിന്നാണ് കതിര്‍ 2018 ജേതാക്കളെ തെരഞ്ഞെടുത്തത്. ഡോ. കെ ആര്‍ വിശ്വംഭരന്‍, ഡോ. പി അഹമ്മദ് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

തൃക്കാക്കര നഗരസഭാ അധ്യക്ഷ കെ.കെ നീനു, കൈരളി ടിവി ഡയറക്ര്‍ ബോര്‍ഡ് അംഗങ്ങളായ ടി.ആര്‍ അജയന്‍, സികെ കരുണാകരന്‍, എ വിജയരാഘവന്‍, എ. കെ മൂസ മാസ്റ്റര്‍, എംഎം മോനായി, വി.കെ മുഹമ്മദ് അഷ്‌റഫ്, രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസ് പ്രിന്‍സിപ്പാള്‍ ഫ്രാന്‍സിസ് മണവാളന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here