ട്രിനിറ്റി സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ പുറത്താക്കണം; സ്‌കൂള്‍ മാനേജര്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നോട്ടീസ്; പ്രതികളായ അധ്യാപികമാരെ തിരിച്ചെടുത്തത് പൊതുസമൂഹത്തോടുള്ള വെല്ലുവിളി

കൊല്ലം ട്രിനിറ്റി ലേസ്യം സ്‌കൂളിലെ പ്രിന്‍സിപ്പാളിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ക്ക് നോട്ടീസയച്ചു.

60 വയസു കഴിഞ്ഞും പ്രിന്‍സിപ്പാള്‍ ചുമതലയില്‍ തുടരുന്നത് ശരിയല്ലെന്നും മേലിലും സര്‍ക്കാരിനേയും പൊതുസമൂഹത്തേയും അവഹേളിച്ചാല്‍ സ്‌കൂളിന്റെ എന്‍ഒസി റദ്ദാക്കുന്നതിനും ശുപാര്‍ശ ചെയ്യുമെന്നും കൊല്ലം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു.

ട്രിനിറ്റി സ്‌കൂളില്‍ ആരോപണവിധേയരായ അധ്യാപികമാരെ സസ്പന്‍ഷന്‍ പിന്‍വലിച്ചതിനെ ന്യായീകരിച്ച് പ്രിന്‍സിപ്പാള്‍ നല്‍കിയ രണ്ടു മറുപടികളും തൃപ്തികരമല്ലെന്നും ആരോപണ വിധേയരായ രണ്ട് അധ്യാപികമാരേയും സ്വീകരിക്കുന്നതിന് നേതൃത്വം നല്‍കിയത് പ്രിന്‍സിപ്പാളാണെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ച ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്.

പ്രിന്‍സിപ്പാളിന്റെ അപക്വമായ നടപടിയാണെന്നും 60 വയസു കഴിഞ്ഞ പ്രിന്‍സിപ്പാളിനെ പുറത്താക്കണമെന്നും നോട്ടീസില്‍ വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെടുന്നു.

ഗൗരി നേഘയുടെ മരണത്തിനുത്തരവാദികളെന്ന് ആരോപണത്തിന് വിധേയരായ അധ്യാപികമാരെ സ്‌കൂളില്‍ പൂക്കള്‍ നല്‍കിയും കേക്ക് മുറിച്ചും സസ്പന്‍ഷന്‍ പിന്‍വലിച്ച് സ്‌കൂളിലേക്ക് സ്വാഗതം ചെയ്തത് കേരള സര്‍ക്കാരിനോടും പൊതുസമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്നും അവഹേളനം ഇനിയും തുടര്‍ന്നാല്‍ സ്‌കൂളിന്റെ എന്‍.ഒ.സി റദ്ദ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുമെന്നും വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കി.

മാത്രമല്ല അധ്യാപികമാരെ സ്വീകരിക്കാന്‍ നേതൃത്വം നല്‍കിയ മറ്റുള്ളവര്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്നും സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജരോട് നോട്ടീസിലൂടെ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News