ജസ്റ്റിസ് ലോയയുടെ മരണം; സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് പ്രതിപക്ഷം; രാഷ്ട്രപതിക്ക് 114 എംപിമാരുടെ കത്ത്

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കണ്ടു. 15 പാര്‍ട്ടികളില്‍ നിന്ന് 114 എംപിമാര്‍ ഒപ്പിട്ട കത്തും രാഷ്ട്രപതിക്ക് നല്‍കി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടത്. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരൂഹത നീക്കണമെന്നും, പ്രത്യേക സ്വതന്ത്ര ഏജന്‍സിക്ക് അന്വേഷണം നല്‍കണമെന്നും ആവശ്യപ്പെട്ടു.

സിപിഐഎം അടക്കം 15 പാര്‍ട്ടികളില്‍ നിന്നും 114 എംപിമാര്‍ ഒപ്പിട്ട കത്തും രാഷ്ട്രപതിക്ക് നല്‍കി. കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, കബില്‍ സിബല്‍, സിപിഐ നേതാവ് ഡി രാജ തുടങ്ങിയവരും രാഹുല്‍ ഗാന്ധിക്കൊപ്പം രാഷ്ട്രപതിയെ കണ്ടു.

ലോയയുടെ സഹപ്രവര്‍ത്തകരായിരുന്ന രണ്ട് പേരുടെ മരണവും ദുരൂഹമാണെന്നും, രാഷ്ട്രപതിയുടെ ഭാഗത്തുനിന്നും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഹുല്‍ഗാന്ധി പ്രതികരിച്ചു.

രാജ്യത്തിന്റെ താല്‍പര്യം കണക്കിലെടുത്താണ് പ്രത്യേക അന്വേഷണ സംഘം വേണമെന്ന് ആവശ്യപ്പെട്ടതെന്ന് സിപിഐ നേതാവും എംപിയുമായ ഡി രാജ വ്യക്തമാക്കി.

അതേസമയം, റാഫേല്‍ കരാറില്‍ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ഗാന്ധി ഉന്നയിച്ചത്. സൈനിക ഇടപാടുകളുടെ വിവരങ്ങള്‍ പുറത്ത് വിടാന്‍ കഴിയില്ലെന്ന ബിജെപി സര്‍ക്കാരിന്റെ വാദം അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടിയ രാഹുല്‍ ഗാന്ധി, യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇത്തരം വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പറഞ്ഞത് കള്ളമാണെന്നും വ്യക്തമാക്കി.

യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച പ്രതിരോധ കരാളുകളുടെ വിവരങ്ങള്‍ പുറത്ത് വിട്ടുകൊണ്ടാണ് രാഹുല്‍ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News