എല്‍എന്‍ജി ടെര്‍മിനല്‍ പദ്ധതിക്ക് വഴിവിട്ട സഹായം; ഗുജറാത്ത് വ്യവസായിക്ക് മോദിയുടെ ‘അച്ഛാദിന്‍’

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായ ഗുജറാത്ത് വ്യവസായിക്ക് കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളുടെ പിന്‍ബലത്തില്‍ വന്‍നേട്ടമുണ്ടായതായി ആരോപണം. ഗുജറാത്തിലെ വസ്ത്രവ്യാപാരിയായ നിഖില്‍ വിശ്വാസ് മര്‍ച്ചന്റിനാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ സഹായത്തില്‍ ‘അച്ഛാ ദിന്‍’ സാധ്യമായത്.

ഇദ്ദേഹത്തിന്റെ സ്വാന്‍ എനര്‍ജി കമ്പനി ഗുജറാത്തിലെ ജഫ്രാബാദ് തുറമുഖത്ത് നിര്‍മിക്കുന്ന 5600 കോടി രൂപയുടെ എല്‍എന്‍ജി ടെര്‍മിനല്‍ പദ്ധതിക്കാണ് പൊതുമേഖലാ എണ്ണകമ്പനികളുടെ വഴിവിട്ട സഹായം ലഭിച്ചത്. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ‘ദി വയര്‍’ ആണ് ഇക്കാര്യം പുറത്തുവിട്ടത്.

മോദി  പ്രധാനമന്ത്രിയായശേഷമാണ് ഒഎന്‍ജിസി, ഐഒസി, എച്ച്പിസിഎല്‍ എന്നീ പൊതുമേഖലാ എണ്ണകമ്പനികളുടെ വഴിവിട്ട സഹായം മര്‍ച്ചന്റിന് ലഭിച്ചത്. സ്വാനിന്റേതായി നിര്‍മാണത്തിലുള്ള എല്‍എന്‍ജി ടെര്‍മിനലിലെ 60 ശതമാനം സ്ഥലവും ഈ മൂന്ന് എണ്ണകമ്പനികള്‍ ബുക്ക് ചെയ്തു.

ഗുജറാത്തിലെ പൊതുമേഖലാസ്ഥാപനമായ ജിഎസ്പിസി ടെര്‍മിനലിലെ 30 ശതമാനം സ്ഥലവും ബുക്ക് ചെയ്തു. മൊത്തംസ്ഥാപിത ശേഷിയുടെ 90 ശതമാനവും ഇതിനകം കച്ചവടമായി. മോഡിയുടെ സഹായത്താല്‍ ടെര്‍മിനല്‍ നിലവില്‍ വരുന്നതിന് മുമ്പുതന്നെ മര്‍ച്ചന്റിന് കോടികള്‍ കൊയ്യാനായി.

മാത്രമല്ല, ഗുജറാത്തിലെ രണ്ട് പൊതുമേഖലാസ്ഥാപനങ്ങള്‍ ചേര്‍ന്ന് സ്വാന്‍ ടെര്‍മിനലിന്റെ 26 ശതമാനം ഓഹരിയും വാങ്ങിയിട്ടുണ്ട്. ഗുജറാത്ത് മാരിടൈം ബോര്‍ഡ്, ഗുജറാത്ത് പെട്രോനെറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് 208 കോടി രൂപ നിക്ഷേപിച്ചത്. ഗുജറാത്ത് സംസ്ഥാന പെട്രോളിയം കോര്‍പറേഷന്‍ സ്വന്തം നിലയ്ക്ക് എല്‍എന്‍ജി ടെര്‍മിനല്‍ വികസിപ്പിക്കുമ്പോഴാണ്, നിഖില്‍ മര്‍ച്ചന്റിന്റെ ടെര്‍മിനലിലേക്ക് പണമൊഴുക്കിയത്.

പൊതുമേഖലാസ്ഥാപനങ്ങളുടെ പിന്തുണയില്‍ ടെര്‍മിനല്‍ വിജയമാകുമെന്ന് ഉറപ്പായതോടെ ബാങ്കുകളില്‍നിന്ന് ശതകോടികളുടെ വായ്പ മര്‍ച്ചന്റ് ഉറപ്പിച്ചു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റല്‍ ബാങ്ക് തുടങ്ങിയ ബാങ്കുകളില്‍ നിന്നാണ് വായ്പ തരപ്പെടുത്തിയത്. ഇത്രയധികം വായ്പ തരപ്പെടുത്താന്‍ തക്കവിധം ലാഭകരമായ വ്യവസായം മര്‍ച്ചന്റ് നടത്തിയിട്ടില്ലെന്ന് വിറ്റുവരവ് കണക്ക് വ്യക്തമാക്കുന്നു.

മര്‍ച്ചന്റിന്റെ കമ്പനിക്ക് പൊതുമേഖലാസ്ഥാപനങ്ങളുടെ സഹായം ലഭിച്ചതിനെ കുറിച്ച് പ്രതികരിക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനോ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനിയോ തയ്യാറായില്ല. മോഡിയുമായി പൊതുചടങ്ങുകളിലും മറ്റും കണ്ടുള്ള പരിചയം മാത്രമാണെന്നും വഴിവിട്ട സഹായം ലഭിച്ചിട്ടില്ലെന്നും മര്‍ച്ചന്റും അവകാശപ്പെട്ടു.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലംമുതല്‍ നിഖില്‍ വിശ്വാസ് മര്‍ച്ചന്റ് അടുപ്പക്കാരനാണ്. പ്രധാനമന്ത്രിയായശേഷം വിദേശയാത്രകളില്‍ മോഡിയെ ഇയാള്‍ അനുഗമിക്കാറുമുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മര്‍ച്ചന്റിനെ വഴിവിട്ട് സഹായിക്കാന്‍ മോഡി നടത്തിയ ശ്രമം ഏറെ വിവാദമായിരുന്നു.

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോളിയം കോര്‍പ്പറേഷന്റെ പിപാവാവ് ഊര്‍ജ്ജ കമ്പനിയുടെ 49 ശതമാനം ഓഹരി വെറും 381 കോടി രൂപയ്ക്ക് സ്വാന്‍ എനര്‍ജിക്ക് കൈമാറാനായിരുന്നു നീക്കം. ഇതുവഴി 14296 കോടി രൂപയുടെ നേട്ടം സ്വാന്‍ കൈവരിക്കുമായിരുന്നു.

എന്നാല്‍ ലേലപ്രക്രിയ പോലും കൂടാതെ സ്വാനിന് ഓഹരി കൈമാറാനുള്ള നീക്കത്തിനെതിരായി പ്രതിപക്ഷ പാര്‍ടികള്‍ രംഗത്തുവന്നതോടെ മോദി സര്‍ക്കാരിന് ഇതില്‍ നിന്ന് പിന്‍വാങ്ങേണ്ടി വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here