ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം കുറിച്ചു; ഇനി കളി ബൗളര്‍മാരുടെ കയ്യില്‍; സച്ചിനെ മറികടന്ന് ധവാന്‍ ചരിത്രം കുറിച്ചു

ദക്ഷിണാഫ്രിക്കയില്‍ ഇതിഹാസം കുറിക്കാനായി കളത്തിലിറങ്ങിയ ടീം ഇന്ത്യയ്ക്ക് മികച്ച സ്കോര്‍. ദക്ഷിണാഫ്രിക്കയുടെ മുന്നില്‍ വിജയലക്ഷ്യമാണ് ഇന്ത്യന്‍ സംഘം വെച്ചിരിക്കുന്നത്.

ടോസ് നേടിയ ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് രോഹിത് ശര്‍മ്മയുടെ വിക്കറ്റ് ആദ്യം തന്നെ നഷ്ടമായെങ്കിലും കൊഹ്ലിയും ധവാനും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ധവാന്‍റെ തകര്‍പ്പന്‍ സെഞ്ചുറി ഇന്ത്യന്‍ സ്കോറിന് അടിത്തറ പകര്‍ന്നു. 99 പന്തില്‍ 10 ബൗണ്ടറികളും 1 സിക്സറും അടങ്ങുന്നതാണ് ധവാന്‍റെ സെഞ്ചുറി. 109 റണ്‍സ് നേടിയ ധവാനെ മോര്‍ക്കല്‍ ഡിവില്ലേ‍ഴ്സിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു.

100 ഏകദിനം കളിക്കുന്ന ധവാന്‍റെ 13ാം സെഞ്ചുറിയാണ് ജോഹന്നാസ് ബര്‍ഗില്‍ പിറന്നത്. ഏറ്റവും വേഗത്തില്‍ 13 സെഞ്ചുറികള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ ധവാന്‍ നാലാം സ്ഥാനം സ്വന്തമാക്കി. ക്രിക്കറ്റ് ഇതിഹാസം സച്ചിനെയും സൗരവിനേയും പോണ്ടിംഗിനെയുമടക്കം ധവാന്‍ പിന്നിലാക്കി.

അംലയാണ് ഇക്കാര്യത്തില്‍ മുന്നില്‍. കൊഹ്ലി, ഡിക്കോക്ക് എന്നിവരാണ് ധവാന് മുന്നിലുള്ള മറ്റ് താരങ്ങള്‍.

അതേസമയം 75 റണ്‍സ് നേടിയാണ് കൊഹ്ലി പുറത്തായത്. ഇന്ത്യ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് 289 റണ്‍സ് നേടിയത്. ധോണി 42 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ആറ് മത്സര പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് നില്‍ക്കുകയാണ് കൊഹ്ലിയും കൂട്ടരും. ഇന്ന് കൂടി വിജയമാവര്‍ത്തിക്കാനായാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

അങ്ങനെയെങ്കില്‍ ചരിത്രത്തിലാധ്യമായാകും ഇന്ത്യന്‍ സംഘം ദക്ഷിണാഫ്രിക്കയില്‍ ഒരു പരമ്പര വിജയം നേടുക. അതേസമയം പരിക്കില്‍ നിന്ന് മുക്തനായ എ ബി ഡിവില്ലേ‍ഴ്സ് കളിക്കുന്നതിന്‍റെ ആത്മവിശ്വാസത്തിലാണ് ആതിഥേയര്‍.

റിസ്റ്റ് സ്പിന്നര്‍മാരായ ചാഹലിന്‍റെയും കുല്‍ദീപിന്‍റെയും ബൗളിംഗ് ഇന്ത്യക്ക് തുണയാകുമെന്നാണ് പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here