ഓച്ചിറ മുറ്റത്ത് ഭിക്ഷ തേടി നടന്ന മണികണ്ഠന്‍; അച്ഛനുമമ്മയും ആരെന്നറിയാത്ത ബാല്യത്തില്‍ നിന്ന് അവന്‍ പറന്നുയര്‍ന്നു; റയലിന്‍റെ മുറ്റത്ത് പന്തുതട്ടുവോളം

അത്രമേല്‍ മഹത്തരമാണ് മണികണ്ഠനെന്ന ഒമ്പതാം ക്ലാസുകാരന്റെ ജീവിതം. ചാരത്തില്‍ നിന്നെല്ല പിറന്നുവീണ തെരുവില്‍ നിന്നാണ് അവന്‍ ആകാശത്തോളം പറന്നുയര്‍ന്നത്. ഓച്ചിറയുടെ മുറ്റത്ത് ഭിക്ഷ തേടി നടക്കുന്നവരുടെ കൂട്ടത്തില്‍ ഏറെക്കാലം അവനുണ്ടായിരുന്നു.

അച്ഛനുമമ്മയും ആരെന്ന് പോലുമറിയാത്ത ഭിക്ഷ തേടി നടന്ന ബാല്യത്തില്‍ നിന്നും അവന്‍, ലോകപ്രശസ്തമായ സാക്ഷാല്‍ സിദാനും ക്രിസ്റ്റ്യാനോയും ബൈക്കാമും റൊണാള്‍ഡോയും പന്ത് തട്ടിയ റയലിന്റെ കളി മുറ്റത്ത് പന്തുതട്ടാനൊരുങ്ങുകയാണ്.

അച്ഛനെയും അമ്മയെയും അറിയാതെ ഓച്ചിറയിലെ അമ്പലമുറ്റത്ത് കൈനീട്ടി പിച്ചതെണ്ടിയ കുഞ്ഞുപയ്യനാണ് നാളെ അതേ കയ്യില് പന്തുമായി കാല്‍പന്തുകളിയുടെ സ്വപ്ന മൈതാനത്തിറങ്ങുന്നത്. ഒച്ചിറയുടെ മണികണ്ഠന്‍ അങ്ങനെ റയലിനു സ്വന്തമാവുകയാണ്.

ഭിക്ഷാടകനില്‍ നിന്ന് ലോകഫുട്‌ബോളറായി വളരാന്‍ ഒരുങ്ങുകയാണീ ഒമ്പതാം ക്ലാസുകാരന്‍. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഐ ലീഗ് മത്സരത്തില്‍ ചെന്നൈ ഫുട്‌ബോള്‍ പ്ലസ് പ്രൊഫഷണല്‍ സോക്കര്‍ അക്കാദമിയുടെ താരമാണി ഇപ്പോള്‍ മണികണ്ഠന്‍.

എന്നാല്‍ ലോകഫുട്‌ബോളിന്റെ തട്ടകമായ റയലില്‍ നിന്ന് പരിശീലനത്തിന് ക്ഷണം ലഭിച്ചതിന്റെ ആവേശത്തിലാണ് ഇപ്പോള്‍ ഈ ആറടിപ്പൊക്കക്കാരന്‍. പിന്നീട് തുടര്‍ പരിശീലനത്തിന് പോര്‍ച്ചുഗലും കാത്തിരിക്കുന്നത് ഈ ഓച്ചിറക്കാരനെത്തന്നെ. വെയിലും മഴയും കൊണ്ട് തളര്‍ന്നുറങ്ങിയ ഏഴുവയസുകാരനില്‍ നിന്ന് ലോകത്തോളം ഉയരുമ്പോളും മണികണ്ഠന് പറയാന്‍ ഒരായുസ്സിന്റെ സങ്കട കഥയുണ്ട്.

നെല്ലും പതിരുമറിയാത്ത പ്രായത്തില്‍ പകലന്തിയേളം പിച്ചതെണ്ടിയ കഥ. കടത്തിണ്ണകളില്‍ അന്തിഉറങ്ങിയ കഥ. വിശന്ന് കരഞ്ഞിട്ടും വയറുനിറയാത്ത ആ കാലത്തിന്റെ കഥ. പിന്നീട് ജില്ലാശിശുക്ഷേമ പ്രവര്‍ത്തകരും പൊലീസും പിച്ചതെണ്ടി നടന്ന കുട്ടിയെ ശിശുമന്ദിരത്തിലേക്കെത്തിച്ചതോടെയാണ് ആ ജീവിതത്തിലേക്ക് പ്രകാശകിരണങ്ങള്‍ കടന്നുവന്നത്.

പിന്നീട് അവന്‍ സ്‌ക്കൂളിലേക്കെത്തി മൂന്നാംക്ലാസ്മുതലാണ് സ്‌ക്കൂളിലെത്തിയതെങ്കിലും അവിടെ കളിച്ചു പഠിച്ചു മണികണ്ഠന്‍ ഇവിടെ വരെയെത്തി നില്‍ക്കുന്നു. സര്‍ക്കാറിന്റെ മകനായി ആരുടെയൊക്കെയോ കാരുണ്യത്തിന്റെ കൈപിടിച്ച് ഏഴാണ്ടിനിപ്പുറം കാല്‍പന്തിന്റെ ലോകോത്തരവേദിയിലെത്തുമ്പോള്‍ മണികണ്ഠന് വേണ്ടി ഉറക്കെ കൈയ്യടിക്കാനെങ്കിലും നമുക്ക് സാധിക്കണം.

ആറടിയിലധികമുള്ള പൊക്കം അനുഗ്രഹമായി, അത് അവനെ നല്ലൊരു ഡിഫെന്ററായി വളര്‍ത്തി. ജീവിതത്തിലെ കനല്‍വഴികളെ പ്രതിരോധിച്ചവന് കളിത്തട്ടിലെ പ്രതിരോധ മുറകള്‍ അനായാസം വഴങ്ങി. കീറിയ തുണിയും ഒട്ടിയ വയറുമായി തെരുവിലലഞ്ഞ അപരിഷ്‌കൃതമായ പുരാതനരൂപത്തെ നാടിന്റെ സ്വന്തമായി ദത്തെടുത്ത് മിനുക്കിയെടുത്തതിന്റെ നന്മ ഈ സമൂഹത്തിലെ നല്ലവരായ ചിലര്‍ക്കുണ്ട്.

തന്നോടൊപ്പം അഞ്ച് വയസ്സ് മൂത്ത ഗീതചേച്ചിക്കും പുതിയ ജീവിതം നല്‍കിയതും നല്ലവരായ ചിലമമനുഷ്യരാണ്. കളിമുറ്റങ്ങളില്‍ ഓടിക്കളിച്ചതായിരുന്നില്ല അവന്റെ കുട്ടിക്കാലം. എന്നിട്ടും പുതിയ മൈതാനങ്ങള്‍ ഇന്നവനെ നെഞ്ചേറ്റി. ശിശുക്ഷേമസമിതിക്കാരാണ് ഈ കളിക്കാരനെ കണ്ടെത്തിയതും രാകി മിനുക്കിയെടുത്തത്. കളിക്കാനൊരു മൈതാനവും കളിയില്‍ മിടുക്കനാവാനുള്ള ഊര്‍ജവും ഉണ്ടായതും ഇവിടെ നിന്ന് തന്നെയാണ്.

കേരള സര്‍ക്കാരിന്റെ ശിശുമന്ദിരത്തിലെ അന്തേവാസിക്ക് ഇതിന് മുന്‍പൊരിക്കലും കിട്ടാത്തൊരു പരിഗണനയും അവസരവും അവന് നല്‍കിയത് അക്കാദമിയുടെ ഡയറക്ടറും ഹെഡ് കോച്ചുമായ ആനന്ദും കോച്ച് അഭിലാഷിനും ശിശുമന്ദിരം സൂപ്രണ്ട് ശ്രീകുമാറും മറ്റ് ചിലരും ചേര്‍ന്നാണ്.

കരുതലിന്റെ ബാക്കിപത്രമായി വളര്‍ന്ന് റയലിന്റെ കളിമുറ്റത്ത് നില്‍ക്കുമ്പോള്‍ കൈനീട്ടിയപ്പോള്‍ സഹായം നീട്ടിയവര്‍ക്കും കൈനീട്ടാതെ സഹായം ചെയ്തവര്‍ക്കുമെല്ലാം മണികണ്ഠന്‍ നന്ദി പറയുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News