ഡല്‍ഹി-ചെന്നൈ പോരാട്ടം സമനിലയില്‍; സമനിലയുമായി ചെന്നൈ നാലാമത്

സ്വന്തം തട്ടകത്തില്‍ ഡെല്‍ഹി ഡൈനാമോസിന് ആശ്വാസ സമനില. ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ചെന്നൈയാണ് ദില്ലിയെ സമനിലയില്‍ തളച്ചത്. ഡൈനാമോസിന് വേണ്ടി നായകന്‍ കാലു ഉച്ചെ ഗോള്‍ നേടിയപ്പോള്‍, ചെന്നൈക്ക് വേണ്ടി നായകന്‍ മെയില്‍സണാണ് സമനില ഗോള്‍ കണ്ടെത്തിയത്. സമനിലയോടെ 24 പൊയിന്റുമായി നാലാം സ്ഥാനത്താണ് ചെന്നൈ.

ഇടതു വിംഗില്‍ ലാലിയന്‍സുവാല ചാങ്‌തെയിലൂടെയാണ് ഡെല്‍ഹി ഡൈനാമോസ് കളിച്ചു കയറിയത്. തുടക്കം മുതല്‍ തന്നെ അക്രമിച്ചു കളിച്ച ഡൈനാമോസിന് ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ കിട്ടിയെങ്കിലും നഷ്ടമാക്കി. എന്നാല്‍ 59ാം മിനിട്ടില്‍ ചാങ്‌തെ നേടിയ പെനാല്‍ട്ടിയില്‍ നായകന്‍ കാലു ഉച്ചെ ഡൈന്മോസിന് ആദ്യ ഗോള്‍ സമ്മാനിച്ചു.

പിന്നീട് ഉണര്‍ന്നുകളിച്ച ചെന്നൈ നിരവധി മുന്നേറ്റങ്ങളാണ് നടത്തിയത്. 81ാം മിനിട്ടില്‍ ചാങ്‌തെയുടെ ഫൗളില്‍ കിട്ടിയ ഫ്രീകിക്കില്‍ ചെന്നൈയും വലകുലുക്കി സമനില നേടി. നായകന്‍ മെയില്‍സണാണ് തകര്‍പ്പന്‍ ഹെഡറിലൂടെ ചെന്നൈയ്ക്ക് സമനില ഗോള്‍ സമ്മാനിച്ചത്.

മൂന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് ചെന്നൈ ഇറങ്ങിയത്. എന്നാല്‍ ,സമനിലയില്‍ കുടുങ്ങിയതോടെ 14 കളികളില്‍ നിന്നും 24 പൊയിന്റോടെ നാലാംസ്ഥാനത്താണ് ചെന്നൈ. പ്ലേ ഓഫില്‍ നിന്ന് പുറത്തായെങ്കിലും സ്വന്തം തട്ടകത്തില്‍ സമനില നേടാനായതിന്റെ ആശ്വാസത്തിലാണ് ഡൈനാമോസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here