പ്രിയ താലിചാര്‍ത്തിയപ്പോള്‍ യാഥാര്‍ത്ഥ്യമായത് ഒരു പറ്റം യുവാക്കളുടെ സ്വപ്നം; ദാ ഇവിടെയൊരു ആങ്ങളമാര്‍ കൂട്ടായ്മ

സാമ്പത്തിക പ്രയാസത്തിന്റെ പേരില്‍ പെണ്‍കുട്ടികളുടെ വിവാഹം നടക്കാത്ത നിര്‍ധന കുടുംബങ്ങള്‍ക്ക് ആശ്വാസമായി ആങ്ങളമാര്‍ കൂട്ടായ്മ. സ്വര്‍ണ്ണവും വിവാഹ വസ്ത്രം വാങ്ങിക്കുന്നതിനുമെല്ലാം സദ്യയൊരുക്കുന്നതിനുമെല്ലാം സഹായം നല്‍കി വിവാഹത്തിന് പെണ്‍വീട്ടുകാരോടൊപ്പം മുഴുവന്‍ സമയവും ഈ ആങ്ങളമാരുണ്ടാവും.

ചെമ്മണ്ണൂര്‍ ജ്വല്ലറിയിലെ ജീവനക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദ്യ വിവാഹം അട്ടപ്പാടി മുക്കാലിയില്‍ നടന്നു. ആങ്ങളമാരും ബന്ധുക്കളും നാട്ടുകാരുമെല്ലാം ഒത്തുകൂടി. അട്ടപ്പാടി കക്കുപ്പടി മഹാദേവ ക്ഷേത്രത്തില്‍ മണ്ണാര്‍ക്കാട് സ്വദേശി കൃഷ്ണകുമാര്‍ മുക്കാലി സ്വദേശി പ്രിയയുടെ കഴുത്തില്‍ താലി ചാര്‍ത്തിയപ്പോള്‍ ഒരു പറ്റം യുവാക്കള്‍ കണ്ട നന്മ നിറഞ്ഞ സ്വപ്നം യാഥാര്‍ത്ഥ്യമാവുകയായിരുന്നു.

നിര്‍ധന കുടുംബത്തിലെ സഹോദരിമാരുടെ വിവാഹം നടത്തിക്കൊടുക്കാനായി രൂപീകരിച്ച കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന ആദ്യ വിവാഹമായിരുന്നു ഇത്. ചെമ്മണ്ണൂര്‍ ജ്വല്ലറിയിലെ പതിനാല് ജീവനക്കാര്‍ ചേര്‍ന്ന് കോഴിക്കോട് കേന്ദ്രീകരിച്ച് ഒന്നര വര്‍ഷം മുമ്പാണ് കൂട്ടായ്മ രൂപീകരിച്ചത്. വരുമാനത്തിന്റെ ഒരു വിഹിതം മാറ്റിവെച്ചാണ് ഇവര്‍ സമൂഹത്തില്‍ നന്മയുടെ വെളിച്ചം വിതറുന്നത്.

വരനെ കണ്ടെത്തുന്ന ഉത്തരവാദിത്വം മാത്രമാണ് പെണ്‍ വീട്ടുകാര്‍ക്കുള്ളത്. അര്‍ഹരായ ആളുകളെ കണ്ടെത്തിയാല്‍ കല്യാണക്കത്ത് അച്ചടിക്കുന്നത് മുതല്‍ വിവാഹം കഴിയുന്നതു വരെയുള്ള എല്ലാ കാര്യങ്ങളും ആങ്ങളമാര്‍ ഏറ്റെടുക്കും. പെണ്‍കുട്ടിക്ക് പത്ത് പവന്‍ സ്വര്‍ണവും വിവാഹ വസ്ത്രങ്ങളും നല്‍കും. സദ്യ ഒരുക്കുന്നത് മുതല്‍ വിളമ്പുന്നതില്‍ ഇവരുടെ മേല്‍നോട്ടമുണ്ടാവും. ഇതിലൂടെ കുടുംബാംഗങ്ങള്‍ക്ക് കൈത്താങ്ങാവുകയാണ് ലക്ഷ്യം.

ഓരോ വര്‍ഷവും നിര്‍ധന കുടുംബത്തില്‍ നിന്നുള്ള പത്ത് പെണ്‍കുട്ടികള്‍ക്കെങ്കിലും സഹായമെത്തിക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News