ഹര്‍ദ്ദിക്കും പ്രണയത്തിലോ; ബോളിവുഡ് താരസുന്ദരി ഇന്ത്യന്‍ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയില്‍; ചിത്രങ്ങള്‍ പുറത്ത്; താരസുന്ദരിയുടെ പ്രതികരണം ഇങ്ങനെ

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് സുന്ദരിമാരും തമ്മിലുള്ള പ്രണയങ്ങള്‍ എല്ലാക്കാലത്തും ആരാധകര്‍ ആഘോഷിച്ചിട്ടുണ്ട്. മുഹമ്മദ് അസറുദ്ദീന്‍ സംഗീത ബിജ്‌ലാനി പ്രണയം 90 കളുടെ അവസാനം കോളിളക്കമുണ്ടാക്കിയിട്ടുണ്ട്.

ആദ്യ കാലത്ത് ഇരുവരും പ്രണയം നിഷേധിച്ച് രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് മിന്നുകെട്ടി. ഇത് തന്നെയാണ് ഇന്നത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി അനുഷ്‌ക പ്രണയത്തിന്റെ കാര്യത്തിലും സംഭവിച്ചത്. ആദ്യം ഇരുവരും പ്രണയമില്ലെന്ന് പലവട്ടം പറഞ്ഞെങ്കിലും മാധ്യമങ്ങളും ആരാധകരും അതൊന്നും വിശ്വസിച്ചില്ല.

ഒടുവില്‍ കൊഹ്ലി അനുഷ്‌കയുടെ കഴുത്തില്‍ മിന്നുകെട്ടി കൂടെക്കൂട്ടിയപ്പോള്‍ ആരാധകരും മാധ്യമങ്ങളും അത് ആഘോഷിച്ചു. അസറുദ്ദീനും കൊഹ്ലിക്കും മുമ്പും ശേഷവും നിരവധി താരവിവാഹങ്ങള്‍ക്ക് ബോളിവുഡും ക്രിക്കറ്റ് ലോകവും സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഇന്ത്യയുടെ രണ്ടാം കപില്‍ ദേവ് എന്ന് വാഴ്ത്തപ്പെടുന്ന ഹര്‍ദ്ദിക് പാണ്ഡ്യയാണ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്നത്. ബോളിവുഡ് താരസുന്ദരി എല്ലി അവ്‌റമാണ് കഥയിലെ നായിക.

ഇരുവരും പ്രണയത്തിലാണെന്നാണ് പാപ്പരാസികള്‍ പാടിപറയുന്നത്. ഹര്‍ദ്ദിക്കിന്റെ സഹോദരനും മുംബൈ ഇന്ത്യന്‍സ് താരവുമായ ക്രുണാല്‍ പാണ്ഡ്യയുടെ വിവാഹത്തിന് എല്ലി എത്തിയതു മുതലാണ് ഹര്‍ദ്ദികിന്റെ കാമുകിയെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ക്ക് ചൂടുപിടിച്ചത്.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം എല്ലിയുണ്ടെന്നതാണ് മറ്റൊരു വാര്‍ത്ത. ഇന്ത്യന്‍ താരങ്ങളുടെ ഭാര്യമാര്‍ക്കൊപ്പം ദക്ഷിണാഫ്രിക്കയില്‍ കറങ്ങി നടക്കുന്ന എല്ലിയുടെ ചിത്രം പുറത്തു വന്നിരുന്നു. ശിഖര്‍ ധവാന്റെ ഭാര്യ ആയിഷയാണ് ചിത്രം പുറത്തു വിട്ടത്.

ഇതോടെ ഹര്‍ദ്ദികിന്റെ പ്രണയവാര്‍ത്തകള്‍ വലിയ തോതില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്തായാലും വിഷയത്തോട് ഹര്‍ദ്ദിക് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

എന്നാല്‍ എല്ലി പ്രതികരിക്കാന്‍ തയ്യാറായിട്ടുണ്ട്. പ്രണയ വാര്‍ത്തകളെക്കുറിച്ച് സംസാരിക്കാന്‍ താത്പര്യമില്ലെന്നും എന്തു പറഞ്ഞാലും അതും ഗോസിപ്പായി മാറുമെന്നുമാണ് എല്ലി പറയുന്നത്. പ്രചരിക്കുന്ന വാര്‍ത്തകളില്‍ പലതും തെറ്റാണെന്നും വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here