സിപിഐഎം മുതിര്‍ന്ന നേതാവ് മുഹമ്മദ് അമീന്‍ അന്തരിച്ചു

കൊല്‍ക്കത്ത: സിപിഐഎം മുന്‍ പോളിറ്റ് ബ്യൂറോ മെമ്പറും മുന്‍ സിഐടിയു ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായിരുന്ന മുഹമ്മദ് അമീന്‍ (89) അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് കൊല്‍ക്കത്തയില്‍ വച്ചായിരുന്നു അന്ത്യം.

പാര്‍ലമെന്റ് അംഗം, മന്ത്രി എന്നീ നിലകളിലും അദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായതിന്റെ പേരില്‍ സ്വാതന്ത്ര സമര കാലഘട്ടത്തില്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍ വച്ച് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

കൊല്‍ക്കത്തയില്‍ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച ഇദ്ദേഹവും കുടുംബവും പിന്നീട് ഉത്തര്‍പ്രദേശിലെ വാരണാസിയിലേക്ക് കുടിയേറി. ഔപചാരിക വിദ്യാഭ്യാസത്തിന്റെ അഭാവും ദാരിദ്ര്യവും കാരണം 14ാം വയസ്സില്‍ ഇദ്ദേഹം ചണമില്ലില്‍ തൊഴിലാളിയായി.

വളരെ പെട്ടന്ന് തന്നെ ട്രേഡ് യൂണിയന്‍ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ ഇദ്ദേഹം ബംഗാള്‍ ചണ മില്‍ തൊഴിലാളി യൂണിയനില്‍ അംഗമായി.

രണ്ടാം ലോക മഹായുദ്ധാനന്തരം കമ്മ്യുണിസത്തില്‍ ആകൃഷ്ടനായ അമീന്‍ 1946 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. പാര്‍ട്ടി നിര്‍ദേശ പ്രകാരം ബംഗാള്‍ വിഭജനത്തിന് തൊട്ട് മുന്‍പ് കിഴക്കന്‍ പാക്കിസ്ഥാനിലേക്ക് മാറി. കിഴക്കന്‍ പാക്കിസ്ഥാനില്‍ നടത്തിയ രാഷ്ട്രീയ ഇടപെടലുകളുടെ പേരില്‍ ഇദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു.

ജയില്‍ മോചിതനായ ശേഷം ബംഗാളിലേക്ക് തന്നെ തിരിച്ച് ചെന്നു. ബറാക്പൂര്‍ വ്യവസായിക മേഖലയിലെ ചണത്തൊഴിലാളികളെയും, ബീഡിത്തൊഴിലാളികളെയും സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കിയ ഇദ്ദേഹം മികച്ച സംഘാടകനായിരുന്നു.

1955 ല്‍ പാര്‍ട്ടിയുടെ 24 പര്‍ഘാനാസ് ജില്ലാ കമ്മിറ്റിയിലേക്കും 1971 വെസ്റ്റ് ബംഗാള്‍ സംസ്ഥാന കമ്മിറ്റിയിലേക്കും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

1985 ല്‍ 12ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ വച്ച് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗമായ ഇദ്ദേഹം 2008 മുതല്‍ പോളിറ്റ് ബ്യൂറോ അംഗമായും 2012 ല്‍ 20 ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ വച്ച് കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായും പ്രവര്‍ത്തിച്ചു. വിശാഖ പട്ടണത്തു വെച്ചു നടന്ന 21 ാം പാര്‍ടി കോണ്‍ഗ്രസില്‍ പതാക ഉയര്‍ത്തിയത് ആമീന്‍ ആയിരുന്നു.

സിഐടിയു ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1969 ടിറ്റാഗ്ര മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 1970 മുതല്‍ അജോയ് മുഖര്‍ജി മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായും പ്രവര്‍ത്തിച്ചു. തുടര്‍ന്നും സംസ്ഥാന മന്ത്രിസഭയിലെ വ്യത്യസ്ത വകുപ്പുകള്‍ ഇദ്ദേഹം കൈകാര്യം ചെയ്തു.

കിസാന്‍ മസ്ദൂറിന്റെയും, പാര്‍ട്ടിയുടെ ഉര്‍ദു പ്രസിദ്ധീകരണത്തിന്റെയും എഡിറ്ററായി പ്രവര്‍ത്തിച്ച ഇദ്ദേഹത്തിന്റെ നിരവധി കവിതകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here