അസ്മാ ജഹാംഗീര്‍: മതമൗലികവാദികള്‍ക്കെതിരേ ഗര്‍ജ്ജിച്ച സിംഹിണി

അസ്മാ ജഹാംഗീര്‍ അന്തരിച്ചു.

പാകിസ്ഥാനിലെ പട്ടാളഭരണകൂടങ്ങള്‍ക്കെതിരെ മതമൗലികവാദികള്‍ക്കെതിരെ ഗര്‍ജ്ജിച്ച സിംഹിണി ഇന്നലെ ഹൃദയാഘാതത്തിന് മുന്നില്‍ കീഴടങ്ങി.

മരണഭീഷണികളെ വകവയ്ക്കാതെ മതരാഷ്ട്രത്തിന്റെ അസ്തിത്വത്തെ നിരന്തരം അസ്മ ചോദ്യം ചെയ്തു. മതനിന്ദ നിയമപ്രകാരം ജയിലിലായ നൂറുകണക്കിന് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടെ പ്രത്യേകിച്ച് ക്രിസ്ത്യാനികളുടെ കേസുകള്‍ വാദിക്കാന്‍ ഒരു വക്കീലും മുന്നോട്ട് വരാതിരുന്നപ്പോള്‍ അവരുടെ രക്ഷകയായി അസ്മ ഓടിയെത്തി.

മതനിന്ദയ്ക്ക് ശിക്ഷ മരണം
അതാണ് പാകിസ്ഥാന്‍ നിയമം.

ബ്‌ളാസ്പമി പ്രകാരം ജയിലിലടക്കപ്പെട്ട എട്ടുംപൊട്ടും തിരിയാത്ത വെറും 12 വയസു മാത്രം പ്രായമുള്ള ഒരു ക്രിസ്ത്യന്‍ കുട്ടിക്കുവേണ്ടി അസ്മ നടത്തിയ പോരാട്ടം ലോകശ്രദ്ധ ആകര്‍ഷിച്ചു.

സിയാ ഉള്‍ ഹഖ് കൊണ്ടുവന്ന ഹുദൂദ് ഓര്‍ഡിനന്‍സിനെതിരെ അസ്മ ഇടിമുഴക്കമായി മാറി. റേപ്പ് കേസുകളില്‍ ശരിയത്ത് പ്രകാരമുള്ള പുരുഷസാക്ഷികളെ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പരാതിക്കാരിയെ ജയിലിലടക്കുന്ന ഭീകരനിയമമാണ് ഹുദൂദ് ഓര്‍ഡിനന്‍സ്.
നൂറുകണക്കിന് ഇരകള്‍ ഈ നിയമപ്രകാരം ജയിലിലടക്കപ്പെട്ടു.

പതിനാല് വയസ്സുകാരിയായ അന്ധബാലിക സല്‍മാ ബീവിയെ അവളുടെ തൊഴിലുടമകള്‍ റേപ്പ് ചെയ്തു. പെനട്രേഷന് പുരുഷ സാക്ഷികളെ കൊണ്ടുവരാന്‍ കഴിയാഞ്ഞതിനാല്‍ കൂട്ട ബലാത്സംഘത്തിന് ഇരയായ സല്‍മയ്ക്ക് കോടതി ജയിലും ചാട്ടവാറടിയും ശിക്ഷ വിധിച്ചു.

അവിടേയും രക്ഷകയായി ഓടിയെത്തിയത് അസ്മാ ജഹാംഗീറായിരുന്നു. മതമൗലികവാദികളും പട്ടാളവും ഭരണകൂടവും പല തവണയെ അസ്മയെ അപായപ്പെടുത്തുവാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടൂ.

ഭീഷണിയുടേയും വിരട്ടലിന്റേയും മുന്നില്‍ തളരുകയോ തകരുകയോ ചെയ്യുന്നതായിരുന്നില്ല അസ്മയുടെ പോരാട്ടവീര്യം. പാകിസ്ഥാന്‍ പഞ്ചാബിലെ വിപ്‌ളവകാരികളായ മാതാപിതാക്കളുടെ മകളായിരുന്നു അസ്മ.

ജീനുകളില്‍ തന്നെ അനീതിക്കെതിരെ പൊട്ടിത്തെറിക്കാനുള്ള സ്‌ഫോടവസ്തുക്കള്‍ നിറഞ്ഞിരുന്നു. 2005ല്‍ പൊതുസ്ഥലത്ത് വച്ച് അസ്മയുടെ വസ്ത്രം ലോക്കല്‍ പോലീസും ഒരു പറ്റം മതഭ്രാന്തരും ചേര്‍ന്ന് വലിച്ചു കീറി .

അവരുടെ നഗ്‌നമായ പിന്‍ഭാഗ ഫോട്ടോ എടുക്കുവാനുള്ള സൗകര്യം പോലീസ് തന്നെ ചെയ്തു കൊടുത്തു. ഒരു സ്ത്രീയെന്ന നിലയില്‍ അപമാനിച്ച് ഇല്ലാതാക്കുന്നതിനായി പൈശാചികര്‍ നിരന്തരം ശ്രമിച്ചിട്ടും അസ്മയിലെ പോരാളി തളര്‍ന്നില്ല.

അവര്‍ വര്‍ധിത വീര്യത്തോടെ സ്ത്രീകളുടേയും മതന്യൂനപക്ഷങ്ങളുടേയും അവകാശങ്ങള്‍ക്കായി തെരുവിലും കോടതിയിലും പോരാട്ടം തുടര്‍ന്നു. പാകിസ്ഥാന്‍ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ തലപ്പത്തെത്തിയ ആദ്യവനിത അസ്മ ജഹാംഗീറായിരുന്നു.

പുരൂഷഭരണകൂടങ്ങളും മതഭ്രാന്തരും അസ്മ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ വിറയ്ക്കുന്ന നിലയിലേക്ക് ഉയരാന്‍ വളരാന്‍ അവര്‍ക്കായി.

ജീവിതം തന്നെ സമരം
സമരം തന്നെ ജീവിതം

അതായിരുന്നു അസ്മാ ജഹാംഗീര്‍.
ഇരുപത്തിയൊന്നാം നൂറ്റാണ്ട് കണ്ട ഏറ്റവും ധീരയായ കനല്‍ക്കാറ്റിന് ആദരാഞ്ജലികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News