ലാലേട്ടനെ കാണാനാകാതെ ആ ആരാധിക യാത്രയായി

രണ്ടേ രണ്ട് ആഗ്രഹങ്ങള്‍ മാത്രമേ തങ്കമ്മ അമ്മൂമ്മയ്ക്ക് ഉണ്ടായിരുന്നുള്ളൂ. ഒന്ന് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ നേരിട്ടു കണ്ട് പൊന്നാട അണിയിക്കുക, രണ്ട് മരണശേഷം തന്റെ ശരീരം മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ നല്‍കുക.

അടങ്ങാത്ത ഈ രണ്ട് ആഗ്രഹങ്ങളും ബാക്കിയാക്കിയാണ് തന്റെ 106-ാം വയസില്‍ തങ്കമ്മ അമ്മൂമ്മ വിടപറഞ്ഞത്. പൂങ്കുളം സ്വദേശിനിയും കോവളം മുട്ടയ്ക്കാട് കൃപാതീരം അഗതി മന്ദിരത്തിലെ അന്തേവാസിയുമായ തങ്കമ്മ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെ പത്തരയോടെയാണ് അന്തരിച്ചത്.

ലാലേട്ടനെ കാണണമെന്ന അമ്മൂമ്മയുടെ ആഗ്രഹം നടത്താന്‍ പലരും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മോഹന്‍ലാലിനെ ഒരുപാട് ഇഷ്ടമാണെന്നും കാണാന്‍ പറ്റുമോയെന്നും ഇടയ്ക്കിടെ ചോദിക്കാറുണ്ടെന്നും അഗതി മന്ദിരത്തിന്റെ ചുമതലയുള്ള സിസ്റ്റര്‍ റിക്‌സി പറഞ്ഞു.

1969ല്‍ പുറത്തിറങ്ങിയ കള്ളി ചെല്ലമ്മ എന്ന ചിത്രത്തില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്ന് അമ്മൂമ്മ പറയുമായിരുന്നതായും കൃപാതീരം അധികൃതര്‍ പറയുന്നു.

മരണ ശേഷം മൃതദേഹം മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ നല്‍കണമെന്ന അമ്മൂമ്മയുടെ ആഗ്രഹം അമ്മൂമ്മയെ കൃപാതീരത്ത് എത്തിച്ചവര്‍ നിരാകരിച്ചതോടെ ആ ആഗ്രഹത്തിനും തിരശീല വീഴുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹം തൈക്കാട് ശാന്തി കവാടത്തില്‍ സംസകരിക്കാന്‍ തീരുമാനിച്ചത്.

നൂറ്റിയാറാം വയസില്‍ അമ്മൂമ്മ വിടപറയുമ്പോള്‍ അവരുടെ രണ്ടു ആഗ്രഹങ്ങളും സാധിച്ചു കൊടുക്കാന്‍ കഴിയാത്തിന്റെ വിഷമത്തിലാണ് കോവളം കൃപാതീരത്തിലെ അധികൃതര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News