ശീലാബതി ഇനിയില്ല; കരയിച്ച ഓര്‍മ്മകള്‍ മായുന്നില്ലെന്ന് ഡോ.ബിജു

എന്‍ഡോസള്‍ഫാന്‍ എന്ന രാക്ഷസ കീടനാശിനി കൊന്നൊടുക്കിയ മനുഷ്യ കീടങ്ങളുടെ നിരയിലേക്ക് ഇനി വാണീ നഗറിലെ ശീലാബതിയും. ശയ്യാവലംബിയായി ലോകത്തിന്റെ മുഴുവന്‍ കണ്ണീരേറ്റുവാങ്ങി ജീവിച്ച ശീലാബതി ഇന്ന് രാവിലെയോടെ ഓര്‍മ്മയായി.

രാജ്യം കണ്ട ഏറ്റവും വലിയ കീടനാശിനി ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷിത്വത്തില്‍ നിന്നും അവള്‍ക്ക് വിട. അവളുടെ സംരക്ഷണത്തിനായി കിടക്കപ്പായയുടെ അരികില്‍ അവളുടെ അമ്മ വെക്കുമായിരുന്ന അരിവാള്‍ ഒരു ചോദ്യ ചിഹ്നമായി അവിടെ തന്നെ കിടക്കുന്നുണ്ടാവുമോ?

‘വലിയ ചിറകുള്ള പക്ഷികള്‍’ കീടനാശിനി വിതച്ചു കൊന്ന കാസര്‍ക്കോടന്‍ ഗ്രാമങ്ങളുടെ കണ്ണീര്‍ച്ചിത്രങ്ങളില്‍ ഒന്നായിരുന്നു ശീലാബതി. ക്യാമറകള്‍ക്ക് മുന്നില്‍ അവളുടെ ദുരിതം പറഞ്ഞ കഥകള്‍ക്ക് കണക്കില്ല. എന്‍ഡോസള്‍ഫാന്‍ വാര്‍ത്തകളിലും ഡോക്യുമെന്ററികളിലും സിനിമകളിലും അവള്‍ അവളായും അവളുടെ വേഷപ്പകര്‍ച്ചകളായും നിറഞ്ഞു. അന്തമില്ലാത്ത ജീവിത ദുരിതത്തില്‍ നിന്ന് ഇപ്പോള്‍ ആരെയും വേദനിപ്പിക്കാതെ ഭമരണത്തിലേക്ക് രക്ഷപ്പെടുകയും’ ചെയ്തു.

കേരളത്തിലെ നിസ്സഹായമായ ഒരു ജനതയുടെ വലിയൊരു സമര ചരിത്രത്തിന്റെ മുഖമായി ശീലാബതിയുടെ മുഖം അവിടെ മായാതെ കിടക്കുമെന്ന് പറയുന്നു സംവിധായകന്‍ ഡോക്ടര്‍ ബിജു.

ശീലാബതിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ഡോക്ടര്‍ ബിജു എഴുതിയ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇവിടെ വായിക്കാം:

ശീലാബതി മരിച്ചു . ഇന്ന് രാവിലെ നിസാം റാവുത്തര്‍ വിളിച്ചു പറയുമ്പോഴാണ് അറിയുന്നത് . ശീലാബതി ആയിരുന്നു കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ വിഷയത്തിന്റ്‌റെ ഇരകളുടെ തീവ്രമായ ചിത്രങ്ങളില്‍ ഒന്ന് . ചെറുപ്പത്തില്‍ സ്‌കൂളില്‍ പോകുമ്പോള്‍ ആകാശത്തു കൂടി പറന്നു പോകുന്ന വലിയ ചിറകുള്ള പക്ഷിയെ നോക്കിയതാണ് ശീലാബതി .

വലിയ ചിറകുള്ള ആ പക്ഷി കശുമാവുകള്‍ക്ക് മേല്‍ തളിച്ച എന്‍ഡോസള്‍ഫാന്‍ ശീലാബതിയുടെ മേലും വീണു പല തവണ . പിന്നീട് ശീലാബതി കിടപ്പിലായി . കട്ടിലില്‍ നിന്നും എണീക്കാന്‍ കഴിയാത്ത വിധം ശരീരം ചുരുങ്ങി ചുരുങ്ങി ഒരു കുഞ്ഞിനെ പോലെയുള്ള കിടപ്പ് . ശീലാബതിയുടെ പ്രായമായ ‘അമ്മ മാത്രം വീട്ടില്‍. ശീലാബതിയുടെ ദയനീയമായ ഈ ചിത്രം മധുരാജിന്റ്‌റെ ഫോട്ടോയിലൂടെ പുറം ലോകത്തെത്തി .. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ചിത്രങ്ങളില്‍ ഒന്ന് . നിലത്തെ ചെറിയ പായയില്‍ കിടന്ന ശീലാബതിക്ക് ഒരു കട്ടില്‍ വാങ്ങി നല്‍കിയത് അംബികാസുതന്‍ മാങ്ങാട് മാഷാണ് .

പിന്നീട് ഡി വൈ എഫ് ഐ ശീലാബതിക്ക് മഴയും വെയിലും കൊള്ളാതെ കിടക്കാന്‍ ഒരു ചെറിയ വീട് പണിതു കൊടുത്തു .. ‘അമ്മ പുറത്ത് പോകുമ്പോള്‍ ശീലാബതിയുടെ കട്ടിലില്‍ ഒരു അരിവാള്‍ വെച്ചിട്ടാണ് പോകുന്നത് . ആ അരിവാള്‍ എടുക്കുവാന്‍ ശീലാബതിക്ക് സാധിക്കില്ല . എങ്കിലും താന്‍ ഇല്ലാത്തപ്പോള്‍ എന്തെങ്കിലും ഒരു പാമ്പോ മറ്റോ വീട്ടിനുള്ളിലേക്ക് വന്നാല്‍ ആ അരിവാള്‍ മകള്‍ക്ക് ഒരു ആത്മബലം നല്‍കും എന്നതായിരുന്നു ആ അമ്മയുടെ വിശ്വാസം . ഭക്ഷണം കഴിക്കണമെങ്കില്‍ ആ വൃദ്ധയായ അമ്മ കിടക്കയില്‍ നിന്നും അനങ്ങാന്‍ പോലും സാധിക്കാത്ത മകളെ ഒറ്റപ്പെട്ട ആ വീട്ടിലെ കിടക്കയില്‍ ഉപേക്ഷിച്ചു പുറത്തേക്ക് പണിയെടുക്കാന്‍ പോയെ പറ്റൂ .

ഒരു മനസ്സമാധാനത്തിനായി മകള്‍ക്ക് ഒരു കൂട്ടായി അവര്‍ ആ അരിവാള്‍ ശീലാബതിയുടെ കിടക്കയില്‍ വെക്കും . തല മാത്രം അനക്കാന്‍ കഴിയുന്ന കിടക്കയില്‍ അനാദിയായ വര്ഷങ്ങളോളം കിടക്കുന്ന ശീലാബതി ലോകമെമ്പാടുമുള്ള കീടനാശിനി വിരുദ്ധ പോരാട്ടങ്ങളിലെ ചലിക്കുന്ന ചിത്രമായി മാറി ….

വലിയ ചിറകുള്ള പക്ഷികളുടെ ചിത്രീകരണത്തിനായി ശീലാബതിയുടെ വീട്ടില്‍ ചിലവഴിച്ച ഒരു ദിവസം ഒരിക്കലും മറക്കാന്‍ സാധിക്കില്ല .ചിത്രീകരണം ഇടയ്ക്കിടെ നിര്‍ത്തേണ്ടി വന്നു . നടന്‍ കുഞ്ചാക്കോ ബോബന്‍ ശീലാബതിയെയും അമ്മയെയും കണ്ട് പൊട്ടിക്കരഞ്ഞു . ചാക്കോച്ചന്റെ കരച്ചില്‍ കാരണം ഷൂട്ടിങ് ഇടയ്ക്കിടെ നിര്‍ത്തി വെക്കേണ്ടി വന്നു . സിനിമയിലെ ശീലാബതിയുമൊത്തുള്ള രംഗത്തില്‍ ചാക്കോച്ചന്‍ കരയുന്നത് സ്‌ക്രിപ്റ്റിലില്ലാതെ സ്വാഭാവികമായി ഉണ്ടായ കരച്ചില്‍ ആണ് ഞാന്‍ അവിടെ കട്ട് പറഞ്ഞില്ല ആ രംഗം എഡിറ്റ് ചെയ്തു മാറ്റിയതുമില്ല . വലിയ ചിറകുള്ള പക്ഷികളില്‍ ആ ആത്മാര്‍ത്ഥമായ കരച്ചില്‍ നിങ്ങള്‍ക്ക് കാണാം.

ഷൂട്ടിങ് സമയത്ത് ചാക്കോച്ചന്‍ ഒരു വിധത്തില്‍ ആശ്വസിപ്പിച്ചു വരുമോഴേയ്ക്കും മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ ഓരോരുത്തരായി കരഞ്ഞു തുടങ്ങിയിരുന്നു . സിനിമയ്ക്കപ്പുറം നടന്മാരും സാങ്കേതിക പ്രവര്‍ത്തകരും മനുഷ്യര്‍ കൂടിയാണല്ലോ … ഷൂട്ടിങ് തീര്‍ന്നപ്പോള്‍ കുഞ്ചാക്കോ ബോബന്‍ ശീലാബതിയുടെ അമ്മയുടെ കാലില്‍ വീണ് കെട്ടിപ്പിടിച്ചു കരഞ്ഞു . പിന്നീട് ഞങ്ങള്‍ ഉടലിനേക്കാളും വലിയ തലയുള്ള ചുറ്റുപാടും നടക്കുന്ന ഒന്നിനെപ്പറ്റിയും അറിയാത്ത അഭിലാഷും , വലിയ തലയുള്ള സന്ദര്ശകരോട് കൊഞ്ചി കൊഞ്ചി സംസാരിക്കുന്ന ബാദ്ഷാ , നിലത്തു കൂടി ഇഴഞ്ഞു നടക്കുന്ന സൗമ്യയും അരുണ്‍ കുമാറും തുടങ്ങി ഒട്ടേറെ ദയനീയ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി . അഭിലാഷ് കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് മരിച്ചു പോയി .

ഇപ്പോള്‍ ശീലാബതിയും ….വലിയ ചിറകുള്ള പക്ഷികള്‍ സിനിമയാണ് ഇതേപോലെ ദുരിതം അനുഭവിക്കുന്ന ഒട്ടേറെ ജന്മങ്ങള്‍ക്ക് ആശ്രയം എന്ന നിലയില്‍ സ്‌നേഹ വീട് എന്ന ഒരു ആശയം രൂപപ്പെടുന്നത് . അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ചേട്ടന്‍ , അമ്പലത്തറ മുനീസ , അംബികാസുതന്‍ മാഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ തുടങ്ങിയ സ്‌നേഹ വീടിന്റെ ആദ്യ മൂലധനം വലിയ ചിറകുള്ള പക്ഷികളുടെ നിര്‍മാതാവ് ഡോക്ടര്‍ . എ .കെ . പിള്ള നല്‍കിയ ഒരു ലക്ഷം രൂപ ആയിരുന്നു . പിന്നീട് കുഞ്ചാക്കോ ബോബന്‍ , സുരേഷ് ഗോപി എന്നിവരുടെ സഹായങ്ങള്‍ ഉണ്ടായി .ഒട്ടേറെ സുമനസ്സുകളുടെ സഹായം ലഭിച്ചു . ഇപ്പോള്‍ സ്‌നേഹവീടിന് സ്വന്തമായി സ്ഥലവും വീടും ആയി .

വലിയ ചിറകുള്ള പക്ഷികള്‍ സിനിമ കണ്ടതിനു ശേഷം കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്റ്‌റെ അനുകൂലമായ ഇടപെടലുകള്‍ ഉണ്ടായി .. ഇപ്പോള്‍ വലിയ ചിറകുള്ള പക്ഷികള്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്കും എം എ ഇംഗ്‌ളീഷ് വിദ്യാര്‍ത്ഥികള്‍ക്കും പഠനത്തിനായി ഉണ്ട് . കൂടുതല്‍ കുട്ടികള്‍ ഈ വിഷയം അറിയുന്നു പഠിക്കുന്നു .. (സിനിമയ്ക്ക് യാതൊരു സാമൂഹിക പ്രതിബദ്ധതയും വേണ്ട കലാകാരന്റെ ആത്മാവിഷ്‌കാരണം മാത്രമാണ് സിനിമ എന്ന് ബുദ്ധിജീവി നാട്യം നടത്തുന്ന ചില പുതു കാല സിനിമാ സംവിധായകര്‍ക്ക് സിനിമ കൊണ്ട് സമൂഹത്തില്‍ ചില ചെറിയ മാറ്റങ്ങള്‍ എങ്കിലും സാധ്യമാകും എന്നതിന്റ്‌റെ ഉദാഹരണമായി ഇതൊക്കെ ചൂണ്ടിക്കാട്ടാവുന്നതാണ് )…
ഏതായാലും ഇനി ശീലാബതി ഇല്ല .

പക്ഷെ ശീലാബതി തന്റെ നേര്‍ത്ത സ്വരത്തില്‍ തുളു കലര്‍ന്ന മലയാളത്തില്‍ തന്റെ അനുഭവങ്ങള്‍ പറഞ്ഞത് വലിയ ചിറകുള്ള പക്ഷികള്‍ രേഖപ്പെടുത്തിയിട്ടുണ്ട് .. ആ നേര്‍ത്ത സ്വരം സിനിമയുള്ള കാലത്തോളം ശക്തമായി സംസാരിച്ചുകൊണ്ടിരിക്കും ..ഒരു ഭരണ കൂടം എങ്ങനെയാണ് സ്വന്തം ജനതയെ വിഷത്തില്‍ മുക്കിക്കൊന്നത് എന്ന് …എങ്ങനെയാണ് അവരുടെ ന്യായമായ അവകാശങ്ങളോടും നഷ്ട പരിഹാരത്തോടും പതിറ്റാണ്ടുകളായിട്ടും പുറം തിരിഞ്ഞു നിര്‍ത്തിയിരിക്കുന്നത് എന്ന് ….ഇപ്പോഴും പാതി മരിച്ച കുഞ്ഞുങ്ങളുമായി നീതി തേടി കാസര്‍ഗോട്ട് നിന്നും തിരുവനന്തപുരം വരെ അവര്‍ക്കെന്തുകൊണ്ട് വരേണ്ടി വരുന്നു എന്നത് ..

ഭരണകൂടത്തിന്റെ സെക്രട്ടേറിയറ്റുകള്‍ക്ക് മുന്‍പില്‍ തങ്ങളുടെ കുഞ്ഞുങ്ങളെ പ്രദര്‍ശന വസ്തുക്കളാക്കി പൊരി വെയിലില്‍ ഇങ്ങനെ വീണ്ടും വീണ്ടും സമരം ചെയ്യേണ്ടി വരുന്നത് എന്ത് കൊണ്ടാണ് എന്നത് ….സിനിമയില്‍ സൗമ്യയുടേയും അരുണ്‍ കുമാറിന്റെയും അമ്മ ചോദിക്കുന്നുണ്ട് ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ എന്റ്‌റെ കുട്ടികളെ എന്ത് ചെയ്യും …?

ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം അവര്‍ തന്നെ അതിനു മറുപടിയും പറയുന്നുണ്ട് ..അവരെയും ഞാന്‍ എന്നോടൊപ്പം കൊണ്ടുപോകും അല്ലാതെ ഞാന്‍ എന്ത് ചെയ്യാന്‍ …..അത് പറഞ്ഞു കഴിഞ്ഞു ആ ‘അമ്മ ക്യാമറയിലേക്ക് നോക്കുന്ന ഒരു നോട്ടമുണ്ട് ..ക്യാമറ ലുക്ക് എന്ന് പറഞ്ഞു കട്ട് ചെയ്യാതെ ഞാന്‍ ആ നോട്ടം ഹോള്‍ഡ് ചെയ്ത് സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട് ..

ആ നോട്ടത്തിലെ തീക്ഷ്ണത ഏത് ഭരണകൂടത്തെയും പൊള്ളിക്കും , ശാസ്ത്രവാദികളുടെ ഏത് മുട്ടാപ്പോക്കിനെയും ശാസ്ത്ര വാദത്തെയും തീയിലെറിയും … നിസ്സഹായരായ നിരാലംബരായ കുറെ ഏറെ ആളുകളുടെ നോട്ടങ്ങളും ചിരിയും കരച്ചിലുമാണ് കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ വിഷയം .. അതിലെ ഏറ്റവും ചലനാത്മകമായ ഒരു ദൃശ്യം ആയിരുന്നു കട്ടിലില്‍ ശരീരം അനക്കാന്‍ സാധിക്കാതെ കിടന്ന ശീലാബതി..

ഇനി ശീലാബതി ഇല്ല അവരുടെ നേര്‍ത്ത ശബ്ദവും ചിരിക്കുന്ന മുഖവും പക്ഷെ മരിക്കുന്നില്ല ..അത് രേഖപ്പെടുത്തപ്പെട്ട ഒരു ഡോക്യമെന്റ്‌റ് ആണ് .. അത് കേരളത്തിലെ നിസ്സഹായമായ ഒരു ജനതയുടെ വലിയൊരു സമര ചരിത്രത്തിന്റെ മുഖമാണ് ..അതവിടെ ഉണ്ടാകും …എന്നും മായാതെ …..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News