കപ്പല്‍ശാലയിലെ അപകടം; വ്യക്തതയില്ലാതെ കൊച്ചിന്‍ ഷിപ്യാര്‍ഡ്

കപ്പല്‍ശാലയിലെ അപകടം സംബന്ധിച്ച് വ്യക്തതയില്ലാതെ കൊച്ചിന്‍ ഷിപ്പിയാര്‍ഡ്. വന്‍സുരക്ഷാ ക്രമീകരണങ്ങളുളള കപ്പല്‍ശാലയില്‍ ഉണ്ടായ അപകട കാരണം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വ്യക്തമാക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. അപകട സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ പേരുവിവരങ്ങള്‍ പോലും കപ്പല്‍ശാല അധികൃതര്‍ക്ക് നല്‍കാനായില്ല

രാജ്യത്തെ ഏറ്റവും സുരക്ഷാ ക്രമീകരണങ്ങളുളള കപ്പല്‍ശാലയെന്ന ബഹുമതി നേടിയ കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടെങ്കിലും കാരണം വ്യക്തമാക്കാന്‍ അധികൃതര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. വാതക ചോര്‍ച്ചയാകാം അപകട കാരണമെന്ന് പറയുമ്പോഴും ഏത് വാതകമാണെന്നോ ഏത് സാഹചര്യത്തിലാണ് പൊട്ടിത്തെറിയുണ്ടായതെന്നോ വ്യക്തതയില്ല.

സേഫ്റ്റി, ഫയര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളുടെ കനത്ത നിരീക്ഷണത്തിലാണ് കപ്പല്‍ശാല പ്രവര്‍ത്തിക്കുന്നതെന്നാണ് എംഡി മധു നായരുടെ വിശദീകരണം. എന്നാല്‍ അപകട സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ പേരുവിവരങ്ങള്‍ പോലും നല്‍കാന്‍ കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

മരിച്ചവരുടെ ആശ്രിതര്‍ക്ക് കൊച്ചിന്‍ ഷിപ്പിയാര്‍ഡ് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തെ സംബന്ധിച്ച് വ്യക്തത വരുത്താന്‍ അന്വേഷണം നടത്താനും തീരുമാനിച്ചു. കഴിഞ്ഞ ദിവസം ഷിപ്പിയാര്‍ഡിനുളളില്‍ ക്രെയിനില്‍ നിന്ന് വീണ് ഒരു ഇതരസംസ്ഥാന തൊഴിലാളി മരിച്ചിരുന്നു. വേണ്ടത്ര സുരക്ഷാ മാര്‍ഗ്ഗങ്ങളില്ലാത്തതാണ് അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത്.

1994ലും കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ അപകടം നടന്നിരുന്നു. അതീവ സുരക്ഷാ മേഖലയിലുണ്ടായ അപകടം അട്ടിമറിയല്ലെന്ന വിശദീകരണം അധികൃതര്‍ നല്‍കുമ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News