ഇനി കളി ബൗളര്‍മാരുടെ കയ്യില്‍; ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം കുറിച്ചു; തകര്‍പ്പന്‍ സെഞ്ചുറിയോടെ രോഹിത്; 4 വിക്കറ്റുമായി എന്‍ഗിഡി

ദക്ഷിണാഫ്രിക്കയില്‍ ചരിത്രം കുറിക്കാന്‍ അഞ്ചാം പോരാട്ടത്തിനിറങ്ങിയ ടീം ഇന്ത്യക്ക് വേണ്ടി രോഹിത് ശര്‍മ്മ തകര്‍പ്പന്‍ സെഞ്ചുറി കുറിച്ചു. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇതുവരെയും ഫോം കണ്ടെത്താന്‍ ക‍ഴിയാത്ത രോഹിത് പോര്‍ട്ട് എലിസബത്തില്‍ താളം കണ്ടെത്തുകയായിരുന്നു.

രോഹിതിന്‍റെ സെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റിന് 274 റണ്‍സാണ് നേടിയത്. ബൗളിംഗ് അനുകൂലമായ പിച്ചില്‍ 275 റണ്‍സിന്‍റെ വിജയലക്ഷ്യം ആഫ്രിക്കന്‍ താരങ്ങള്‍ അടിച്ചെടുക്കുമോയെന്ന് കണ്ടറിയണം. നാല് വിക്കറ്റ് ‍വീ‍ഴ്ത്തിയ എന്‍ഗിഡിയാണ് ഇന്ത്യന്‍ സ്കോര്‍ പിടിച്ചുനിര്‍ത്തിയത്.

മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞ രോഹിത് 50 പന്തില്‍ 2 സിക്സറുകളും 6 ഫോറും നേടി അര്‍ധ ശതകം പിന്നിട്ടിരുന്നു. പിന്നീട് ശ്രദ്ധയോടെ കളിച്ച രോഹിത് 17ാം സെഞ്ചുറി കുറച്ച് മുന്നേറുകയാണ്. 107 പന്തില്‍ 10 ഫോറും 4 സിക്സറും പറത്തിയാണ് രോഹിത് ശതകം കുറിച്ചത്. 125 പന്തില്‍ 115 റണ്‍സ് നേടിയാണ് രോഹിത് പുറത്തായത്.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ധവാന്‍ രോഹിത് സഖ്യം മികച്ച തുടക്കമാണ് സമ്മാനിച്ചത്. സ്വതസിദ്ധമായ ശൈലിയില്‍ അടിച്ചു തകര്‍ത്ത് മുന്നേറാന്‍ ശ്രമിച്ചെങ്കിലും അമിതാവേശം ധവാന് വിനയായി.

റബാഡയെ സിക്സറിന് പറത്താന്‍ ശ്രമിച്ച ധവാന് പി‍ഴച്ചു. ബൗണ്ടറി ലൈനിന് മുന്നില്‍ വെച്ച് ഫില്‍ക്വായയുടെ കൈകളില്‍ ധവാന്‍റെ ഇന്നിംഗ്സ് അവസാനിച്ചു. 23 പന്തില്‍ 34 റണ്‍സ് നേടിയാണ് ധവാന്‍ പുറത്തായത്.

പിന്നാലെയെത്തിയ നായകന്‍ വിരാട് കൊഹ്ലി തകര്‍പ്പന്‍ ഫോമിലായിരുന്നെങ്കിലും രോഹിതിന്‍റെ അശ്രദ്ധ വിനയായി. 36 റണ്‍സ് നേടിയ നായകന്‍ റണ്ണൗട്ടാകുകയായിരുന്നു. രഹാനെയും സമാനമായ രീതിയില്‍ റണ്ണൗട്ടായി.

43ാം ഓവറിലെ രണ്ടാം പന്തില്‍ രോഹിത് വീ‍ഴുന്നതുവരെ ഇന്ത്യന്‍ ആരാധകര്‍ വമ്പന്‍ സ്കോര്‍ സ്വപ്നം കണ്ടിരുന്നു. എന്നാല്‍ ശ്രേയസ് അയ്യര്‍ മികച്ച രീതിയില്‍ കളിച്ചെങ്കിലും ഹര്‍ദ്ദിക് പാണ്ഡ്യ പൂജ്യത്തിന് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. പിന്നാലെ ശ്രേയസ് അയ്യരും പുറത്തായതോടെ  ദക്ഷിണാഫ്രിക്ക പിടിമുറുക്കി. മൂന്ന് പേരെയും പുറത്താക്കിയത് എന്‍ഗിഡിയായിരുന്നു.

ധോണിയും ഭുവിയും അക്രമിച്ച് കളിക്കാന്‍ ശ്രമിച്ചെങ്കിലും ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. 13 റണ്‍സ് നേടിയ ധോണിയെ എന്‍ഗിഡി വീ‍ഴ്ത്തി.  ഭുവനേശ്വര്‍ 19 റണ്‍സോടെയും കുല്‍ദീപ് 2 റണ്‍സോടെയും പുറത്താകാതെ നിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News