ചെറുക്കേണ്ടത് സംഘപരിവാറിനെയും ബിജെപിയെയുമാണെന്ന് കാനം; നിലവിലെ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്റെ യോജിപ്പ് അനിവാര്യം

കോട്ടയം: ചെറുക്കേണ്ടത് സംഘപരിവാറിനെയും ബിജെപിയെയുമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

സിപിഐഎമ്മും സിപിഐയും ഇത് തിരിച്ചറിഞ്ഞിരിക്കുന്നു. തര്‍ക്കങ്ങള്‍ കാലം പരിഹരിക്കും. മുഖ്യശത്രുവിനെ തിരിച്ചറിയാന്‍ സാധിക്കാതെ വന്നപ്പോള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തിരിച്ചടിയാണുണ്ടായത്.

സന്ദര്‍ഭത്തിനനുസരിച്ച് ആരെയാണ് എതിര്‍ക്കേണ്ടതെന്ന തിരിച്ചറിവാണ് കമ്യൂണിസ്റ്റുകാരന്റെ മികവ്. ഇന്ന് നാം കാണുന്ന നിലപാടല്ല നാളെ സ്വീകരിക്കേണ്ടി വരിക. ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്റെ യോജിപ്പ് അനിവാര്യമാണെന്നും കാനം വ്യക്തമാക്കി.

ഇതില്‍ ഏറ്റവുമടുത്ത് യോജിച്ച് നില്‍ക്കുന്നത് സിപിഐഎമ്മും സിപിഐയുമാണ്. പക്ഷെ ഇടതു ചേരിയില്‍പ്പെട്ട ആര്‍എസ്പിയും ഫോര്‍വേഡ് ബ്ലോക്കും വിവിധ സംസ്ഥാനങ്ങളില്‍ വിവിധ ചേരിയിലാണ്.

ഈ സാഹചര്യത്തില്‍ ഇടതുപക്ഷ ഐക്യം ശക്തമാക്കേണ്ട ചുമതല രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുമുണ്ട്. മതനിരപേക്ഷത ഏതെങ്കിലും ഒരു പാര്‍ട്ടിയ്ക്ക് മാത്രം ചാര്‍ത്തിക്കൊടുക്കാന്‍ കഴിയില്ല. മതനിരപേക്ഷത ശക്തിപ്പെടുത്തിയാല്‍ ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതയെ തടയാനാകുവെന്നും കാനം പറഞ്ഞു.

കറുകച്ചാലില്‍ സിപിഐ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News