മുനമ്പത്തെ മത്സ്യത്തൊഴിലാളിയുടെ ആത്മഹത്യക്ക് കാരണം പള്ളി വികാരിയുടെ മാനസികപീഡനമെന്ന് ആരോപണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കൊച്ചി: മുനമ്പം പള്ളിപ്പുറത്ത് മത്സ്യത്തൊഴിലാളിയുടെ ആത്മഹത്യക്ക് കാരണം പള്ളി വികാരി ഉള്‍പ്പടെയുള്ളവരുടെ മാനസികപീഡനമെന്ന് ബന്ധുക്കളുടെ ആരോപണം.

പള്ളിപ്പുറം സ്വദേശി പനയ്ക്കല്‍ ജോയ് ആണ് സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ തുടര്‍ന്ന് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. സ്ഥലം വില്‍പ്പന നടത്താന്‍ അനുവദിക്കില്ലെന്ന് പള്ളി അധികൃതര്‍ കടുത്ത നിലപാടെടുത്തതോടെ മാനസിക വിഷമത്തിലായ ജോയ് ജീവനൊടുക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

പള്ളിപ്പുറം മഞ്ഞുമാതാ പള്ളിയുടെ എതിര്‍ വശത്താണ് ജോയിയും കുടുംബവും താമസിക്കുന്നത്. മത്സ്യത്തൊഴിലാളിയായ ജോയിക്ക് കടബാധ്യതകള്‍ ഏറിയതോടെ തന്റെ 5 സെന്റ് സ്ഥലം വില്‍ക്കാന്‍ തീരുമാനിക്കുകയും 5 ലക്ഷം രൂപ അഡ്വാന്‍സായി വാങ്ങുകയും ചെയ്തു.

എന്നാല്‍ സ്ഥലത്തിനു മുന്‍വശത്ത് പള്ളിയുടെ ഉടമസ്ഥതയിലുള്ള രണ്ടര സെന്റ് സ്ഥലം വിട്ടു നല്‍കണമെന്ന ജോയിയുടെ ആവശ്യം അംഗീകരിക്കാത്ത വികാരി ഉള്‍പ്പടെയുള്ളവര്‍ ഭൂമി വില്‍പ്പന റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ജോയിയുടെ മരുമകനായ ഫാദര്‍ ബെനഡിക്ട് ആരോപിച്ചു.

ജോയിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ മാനസികമായി തകര്‍ന്നിരിക്കുകയാണ് ഭാര്യയും മക്കളും. എന്നാല്‍ ജോയിക്ക് വീടുവെച്ച് താമസിക്കാനായി മുന്‍പ് സ്ഥലം വിട്ടു നല്‍കിയത് പള്ളിയാണെന്ന് പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

ആത്മഹത്യക്ക് കാരണം കുടുംബ പ്രശ്‌നങ്ങളായിരിക്കുമെന്നും പള്ളിയധികൃതര്‍ പറഞ്ഞു. അതേസമയം അസ്വാഭാവിക മരണത്തിന് മുനമ്പം പോലീസ് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel