ഓസ്ട്രേലിയയില്‍ മലയാളിയായ സാം എബ്രഹാമിനെ കൊന്നതാര്; പ്രതിയായ ഭാര്യയുടെ നിര്‍ണാ‍യക മൊ‍ഴി പുറത്ത്

ഓസ്ട്രേലിയയിലെ മെൽബണിൽ മലയാളിയായ സാം എബ്രാഹം കൊല്ലപ്പട്ട കേസില്‍ ഭാര്യ സോഫിയയുടെ മൊഴി പുറത്ത്. ഭര്‍ത്താവിനെ കൊന്നതു താൻ അല്ല എന്നു മൊഴിയില്‍ സോഫിയ പറയുന്നു. സാം ഏബ്രഹാമിനെ ഭാര്യയും കാമുകനും ചേർന്നു വിഷം കൊടുത്തു കൊന്നുവെന്ന കേസിൽ അന്തിമവിചാരണ വിക്ടോറിയൻ സുപ്രീം കോടതിയിൽ തുടരുകയാണ്.

പുനലൂർ കരവാളൂർ ആലക്കുന്നിൽ സാം ഏബ്രഹാമിനെ 2015 ഒക്ടോബർ 13നാണ് ഒാസ്ട്രേലിയയിലെ െമൽബണിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമിന്‍റെ മരണത്തിൽ ഭാര്യ സോഫിയ , സോഫിയയുടെ കാമുകൻ അരുൺ കമലാസനൻ എന്നിവർ പിടിയിലായിരുന്നു. കേസിൽ വിക്ടോറിയൻ സുപ്രീം കോടതിയിൽ അന്തിമ വിചാരണ തുടരുന്നതിനിടെയാണ് സോഫിയയുടെ മൊ‍ഴി പുറത്തായത്.

സാമിന്റെ മരണം കൊലപാതകമാണെന്ന് പോലീസ് പറയുമ്പോഴാണ് അറിയുന്നതെന്ന് സോഫിയ പറയുന്നു. കൊലപാതകത്തിലുള്ള പങ്ക് പൂര്‍ണ്ണമായും സോഫിയ നിഷേധിച്ചിട്ടുണ്ട്. വിഷമഘട്ടങ്ങളില്‍ ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സുഹൃത്തു മാത്രമാണ് പിടിയിലായ അരുണ്‍ എന്നും സോഫിയയുടെ മൊ‍ഴിയിലുണ്ട്.

വര്‍ഷങ്ങള്‍ക്കു മുമ്പ് അരുണിന് തന്നോടു പ്രണയം ഉണ്ടായിരുന്നു. എന്നാല്‍ പ്രണയ വിവാഹം തന്റെ കുടുംബത്തില്‍ സ്വീകാര്യമായിരുന്നില്ല. അതു കൊണ്ടു തന്നെ ഒരു സുഹൃത്തായി തുടര്‍ന്നാല്‍ മതി എന്നു താന്‍ അരുണിനോടു പറഞ്ഞിരുന്നു. അരുണുമായുള്ള സൗഹൃദത്തെക്കുറിച്ചു സാമിനും വ്യക്തമായി അറിയാമായിരുന്നു. എന്നാല്‍ സാമിന് തന്നേ വിശ്വാസമായിരുന്നതിനാൽ അസ്വാരസ്യം ഒന്നും ഉണ്ടായിരുന്നില്ലെന്നും സോഫിയയുടെ മൊ‍ഴിയിൽ പറയുന്നു.

സാമിന്റെ മരണകാരണം സയനൈയ്ഡ് ആണ് എന്നു പോലീസ് വെളിപ്പെടുത്തിയപ്പോള്‍ മാത്രമാണു താന്‍ അറിയുന്നത്. മരിക്കുന്നതിന് തലേന്നു രാത്രി സാം അസ്വസ്ഥനായിരുന്നു.

അത്തഴം കഴിക്കാന്‍ മടി കാണിച്ചപ്പോള്‍ അവക്കോട ഷെയ്ക്ക് നല്‍കി. ഇതു സാമിനൊപ്പം താനും മകനും കഴിച്ചു. അതിനു ശേഷം സാമിനു കുടിക്കാനായി ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് നല്‍കി.

പിറ്റേന്നു രാവിലെ 9 മണിയോടെ ഉറക്കമുണര്‍ന്ന താൻ സാം അനക്കമില്ലാതെ കട്ടിലില്‍ കിടക്കുന്നതാണു കണ്ടതെന്നും സോഫിയയുടെ മൊ‍ഴിയിലുണ്ട്. പിന്നീട് 2016 ഓഗസ്റ്റ് 12നാണു സോഫിയയെയും കാമുകൻ അരുൺ കമലാസനനെയും മെൽബൺ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളായ സോഫിയയും അരുണും ചേർന്ന് 2014 ജനുവരിയിൽ മെൽബൺ കോമൺവെൽത്ത് ബാങ്കിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങിയതിന്റെ വിശദാംശങ്ങളും അരുണിന്റെ വിലാസം ഉപയോഗിച്ച് സോഫിയ ഇന്ത്യയിലേക്കു പണം അയച്ചതിന്റെ രേഖകളും ഉൾപ്പെടെ ഒട്ടേറെ തെളിവുകളാണു പ്രോസിക്യൂട്ടർ 14 അംഗ ജൂറിക്കു മുൻപാകെ ഹാജരാക്കിയിട്ടുള്ളത്.

അരുണിന്റെ പേരിലുള്ള മൊബൈൽ നമ്പർ സോഫിയ സ്ഥിരമായി ഉപയോഗിച്ചിരുന്നതിന്‍റെ രേഖകൾ, ഇരുവരും ഒരുമിച്ചു യാത്രചെയ്യുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ, സാമിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കാർ 2016 മാർച്ചിൽ, അരുണിന്റെ പേരിലേക്കു മാറ്റിയതിന്റെ രേഖകൾ, സോഫിയയുടെയും അരുണിന്റെയും ഡയറിക്കുറിപ്പുകൾ , സംഭവദിവസം രാത്രിയിൽ അരുൺ കമലാസനൻ സാമിന്റെ വീട്ടിൽ എത്തിയതിന്റെ തെളിവുകൾ എന്നിവയും ഹാജരാക്കിയിട്ടുണ്ട്.

സാമിനെ ഒഴിവാക്കി ഒരുമിച്ചു ജീവിക്കാന്‍ സോഫിയയും അരുണും ഗൂഢാലോചന നടത്തുകയും കൊലപ്പെടുത്തുകയുമായിരുന്നു എന്നാണു പ്രോസിക്യൂഷന്‍ വാദം. പോലീസിനു ലഭിച്ച അജ്ഞാത ഫോണ്‍ കോളില്‍ നിന്നാണ് സാം എബ്രാഹമിന്റെ മരണം കൊലപാതാകമാണ് എന്നു തെളിഞ്ഞത്. കേസിൽ ഉടൻ വിധി വരുമെന്നാണ് റിപ്പോർട്ടുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News